Home » » വാസ്‌തുവിലെ വസ്‌തുതകള്‍.

വാസ്‌തുവിലെ വസ്‌തുതകള്‍.

Written By Unknown on Tuesday, 14 January 2014 | 23:05

 കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്ത്‌ എവിടെപോയാലും വാസ്‌തു തത്വങ്ങള്‍ ഒന്ന്‌ തന്നെയാണ്‌. അതിന്‌ അടിസ്ഥാന ഗ്രന്ഥങ്ങള്‍ തന്നെ പ്രമാണമായി സ്വീകരിക്കണം. വാസ്‌തുവിനെപ്പറ്റി അല്‌പസ്വല്‌പം പഠിച്ചതിന്‌ ശേഷം അതിനെ ശരിയായ രീതിയില്‍ വിലയിരുത്താതെ ചിലര്‍ ഉന്നയിക്കുന്ന അബദ്ധ പ്രസ്‌താവനകള്‍ കാരണം വാസ്‌തു ശാസ്‌ത്രത്തിന്റെ ശാസ്‌ത്രതത്വങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ സംശയമുണ്ടാകുന്നുണ്ട്‌. കേരളത്തിലായാലും ഇന്ത്യയിലായാലും പഴയകാലത്ത്‌ ഉണ്ടായിട്ടുള്ള പ്രധാന നിര്‍മ്മാണരീതികള്‍ എല്ലാംതന്നെ ഇതിന്‌ തെളിവുകളാണ്‌. കേരളത്തിന്റെ ക്ഷേത്രനിര്‍മ്മാണങ്ങളും ഗൃഹനിര്‍മ്മാണവും എല്ലാം തന്നെ ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌. ആകെ മാറ്റമുള്ളത്‌ നിര്‍മ്മാണ രീതിയിലാണ്‌. അത്‌ അതാതു സ്ഥലത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചാണ്‌ മാറ്റം വന്നിരിക്കുന്നത്‌. ഉദാഹരണമായി കേരളത്തിലെ വാസ്‌തു നിര്‍മ്മാണരീതി ഇവിടത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച്‌ രൂപപ്പെട്ടിട്ടുള്ളതാണ്‌. കേരളത്തിന്റെ ഭൂപ്രകൃതി പരിശോധിച്ചാല്‍ കുന്നും ചരിവും നിലവും ഒക്കെ ചേര്‍ന്ന മനോഹരമായ ഭൂപ്രകൃതിയാണ്‌. കൂടാതെ ഒരു വര്‍ഷത്തില്‍ എട്ടുമാസത്തോളം നല്ല മഴകിട്ടുന്ന പ്രദേശവുമാണ്‌. ഇങ്ങനെയുള്ള സ്ഥലത്ത്‌ നിര്‍മ്മാണം നടത്തുമ്പോള്‍ ഭൂപ്രകൃതിക്ക്‌ കാലാവസ്ഥയ്‌ക്കും മുന്തിയ പരിഗണന കൊടുത്തേ പറ്റൂ എന്ന്‌ പൂര്‍വികര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ചരിഞ്ഞ മേല്‍ക്കൂരയും ഉയരം കുറഞ്ഞ വരാന്തയും വീടുകള്‍ക്കുണ്ടായിരുന്നു. വരാന്തയുടെ കഴുക്കോലുകള്‍ നീളംകൂട്ടി പുറത്തേക്ക്‌ ചാടിച്ചാണ്‌ തിണ്ണ പോലുള്ള അവയവം കൂട്ടിചേര്‍ത്തത്‌. വലിയ വീടുകളും കൂടുതല്‍ മുറികളും വേണ്ടിവരുമ്പോള്‍ വായുസഞ്ചാരത്തിന്റെയും വെളിച്ചത്തിന്റെയും കുറവ്‌ പരിഹരിക്കുന്നതിന്‌ വീടിന്റെ മദ്ധ്യഭാഗത്ത്‌ നടുമുറ്റം നിര്‍മ്മിച്ചു.
കാലത്തിന്റെ മാറ്റം
പക്ഷേ, അന്നത്തെ നിര്‍മ്മാണ രീതിയില്‍ നിന്ന്‌ ഇന്ന്‌ ഏറെ മാറ്റങ്ങള്‍ വന്നു. വെറും മണ്ണുകൊണ്ടും ഇഷ്‌ടിക കൊണ്ടും ഉണ്ടാക്കിയിരുന്ന ഭിത്തിയുടെ സ്ഥാനത്ത്‌ കോണ്‍ക്രീറ്റ്‌ തൂണുകളും മറ്റും വന്നു. മരം കൊണ്ടും മുള കൊണ്ടുമുള്ള മേല്‍ക്കൂരയുടെ സ്ഥാനത്ത്‌ കോണ്‍ക്രീറ്റ്‌ ആയി. അതുപോലെ സ്റ്റീല്‍ ഫാബ്രിക്കേറ്റഡ്‌ റൂഫ്‌ ട്രസ്റ്റ്‌ വ്യാപകമായി. ഇവയൊക്കെ വാസ്‌തുശാസ്‌ത്രത്തിന്റെ ചില കണക്കുകളുടെ പ്രാധാന്യം മാറിയിട്ടുണ്ട്‌. വീടിന്റെ ഭിത്തിപ്പുറം ചുറ്റളവ്‌ പണ്ട്‌ നിശ്ചയിച്ചിരുന്നത്‌ ഉത്തരത്തില്‍ ആയിരുന്നത്‌ ഇന്ന്‌ ഭിത്തിപ്പുറം അളവായി മാറി. മുറികളുടെ അളവുകള്‍ ശാസ്‌ത്രപ്രകാരം അന്നും ഇന്നും ഒന്നുതന്നെയാണ്‌.
(അളവുകളുടെയും കോലുകളുടെയും വ്യത്യാസം ഇന്ന്‌ ഏകീകരിച്ചിട്ടാണ്‌ ചെയ്യുന്നത്‌). ക്ഷേത്ര നിര്‍മ്മാണത്തില്‍ ഈ വ്യത്യാസം കേരളത്തിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള വ്യത്യാസം നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ഉദാഹരണമായി കേരളത്തിലെ ക്ഷേത്ര നിര്‍മ്മാണ രീതി നോക്കിയാല്‍ ഞാന്‍ നേരത്തെ പറഞ്ഞ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും പരിഗണിച്ചാണ്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തിലെ പ്രധാനക്ഷേത്ര നിര്‍മ്മാണങ്ങള്‍ ഇതിന്‌ തെളിവാണ്‌. ഗുരുവായൂര്‍ ക്ഷേത്രം, ശബരിമല ക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം തുടങ്ങി 90 ശതമാനം ക്ഷേത്രങ്ങളും ഇതിന്‌ ഉത്തമ ഉദാഹരണങ്ങളാണ്‌.
എന്നാല്‍ അടുത്തകാലത്ത്‌ ഉണ്ടായിട്ടുള്ള പല നിര്‍മ്മാണങ്ങളും ഇതില്‍ നിന്ന്‌ മാറിപ്പോയിട്ടുണ്ട്‌. അതില്‍ കൂടുതലും നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ നിര്‍മ്മാണരീതിയെ അനുകരിച്ചുള്ളവയാണ്‌. തമിഴ്‌നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തില്‍ നിന്നും ഏറെ വിഭിന്നമാണ്‌. അവിടെ പോയാല്‍ നമുക്ക്‌ ബോദ്ധ്യപ്പെടുന്ന ഒരു കാര്യം വളരെ വിശാലമായ പ്രതലം, പരന്ന ഉപരിതലം, നിലം തുടങ്ങിയവ കഴിഞ്ഞാല്‍ വളരെ ഉയര്‍ന്ന ഒരു മലയോ പര്‍വ്വതമോ രൂപപ്പെട്ടുകാണുന്നു. അതിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്ര നിര്‍മ്മിതികളും. വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഗോപുരങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌. അതാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ നിര്‍മ്മാണതൊഴിലാളികളുടെ അഭാവത്തില്‍ തമിഴ്‌ നാട്ടില്‍ നിന്ന്‌ കടമെടുക്കുമ്പോള്‍ ആ ശൈലി ഇവിടെ കൂടുതലായി വരുന്നത്‌, വാസ്‌തുശാസ്‌ത്രം കൈകാര്യം ചെയ്യുന്നവരും സര്‍ക്കാരും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ ഇനിയും ഗൗരവമായി ചിന്തിക്കണം. വടക്കേ ഇന്ത്യയിലാവട്ടെ വാസ്‌തുശാസ്‌ത്ര രീതികള്‍ പലതും വിസ്‌മരിച്ചാണ്‌ നിര്‍മ്മാണം നടക്കുന്നത്‌. അതിന്‌ കാരണം പ്രധാനമായും വിദേശ കടന്നുകയറ്റമാണ്‌. മുഗള്‍ ആര്‍ക്കിടെക്‌ച്ചറിന്റെ കടന്നു കയറ്റം മൂലം ഭാരതീയ വാസ്‌തു സങ്കല്‍പ്പത്തിന്‌ കാര്യമായ തിരിച്ചടിയേറ്റിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇന്നും ഈ ശാസ്‌ത്രം കുറെയെങ്കിലും ഉള്‍കൊണ്ട്‌ ഗൗരവമായ പഠനത്തിലും പ്രയോഗത്തിലും നിലനില്‍ക്കുന്നു എന്നത്‌ ഏറെ ആശ്വാസകരമാണ്‌.
കടപ്പാട്‌: കേരളകൗമുദി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.