ജീവിതത്തില്‍നിന്നും വലിച്ചുചീന്തിയ ഒരേടും, സങ്കല്‍പത്തേക്കാള്‍ ഭീകരമാണ് യാഥാര്‍ഥ്യമെന്നും മരണത്തെക്കാള്‍ ഭയാനകമായ ദുരനുഭവങ്ങള്‍ ജീവിതത്തിലുണെ്‌ടന്നും മലയാളികളെ എഴുത്തിലൂടെ ആദ്യമായി അനുഭവിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ചലച്ചിത്രമാവുകയാണ്.
ദൃശ്യ- മാധ്യമ തിയേറ്റര്‍ രംഗത്ത് തന്റേതായ ശൈലിയില്‍ ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ബാല്യകാലസഖിയുടെ ചിത്രീകരണം കോല്‍ക്കത്തയില്‍ പൂര്‍ത്തിയായി. തന്റെ ഗ്രാമത്തലില്‍ പ്രണയത്തിന്റെ മധുര ഓര്‍മകള്‍ സമ്മാനിച്ച സുഹറയുടെ മുഖം മനസില്‍ നിറച്ച് പരുക്കനായ ജീവിതയാഥാര്‍ഥ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന കാമുകന്‍ മജീദിന്റെ സംഭവബഹുലമായ രംഗങ്ങളാണ് കോല്‍ക്കത്തയില്‍ പ്രമോദ് പയ്യന്നൂര്‍ ചിത്രീകരിച്ചത്. മജീദായി മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിവിന്‍ ആര്‍ട് ഫിലിം ഫാക്‌ടറിയുടെ ബാനറില്‍ എം.ബി മൊഹ്‌സിന്‍, സജീബ് ഹാഷിം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ടം ചേര്‍ത്തലയിലെ പാണാവള്ളിയില്‍ ചിത്രീകരിച്ചിരുന്നു. ഗ്രാമീണതയുടെ മുഖമുദ്രയുള്ള ജനമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബഷീറിയന്‍ കഥാപാത്രങ്ങളായ പ്രണയനായകന്‍ മജീദിനെയും മജീദിന്റെ വാപ്പയെയും മമ്മൂട്ടിതന്നെ അവതരിപ്പിക്കുന്നു. രണ്‌ടു ശൈലിയില്‍ പ്രത്യക്ഷപ്പെടുന്ന ഇതിലെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ അമൂല്യനേട്ടമായിരിക്കും.
പ്രണയിനിയായ സുഹറയായി ഇഷാ തല്‍വാറും മജീദിന്റെ ഉമ്മയായി മീനയും അഭിനയിക്കുന്നു. സുനില്‍ സുഖദ, മാമുക്കോയ, ശശികുമാര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍, തുടങ്ങിയവര്‍ക്കൊപ്പം നാടകവേദിയിലെ നാല്‍പതോളം ആര്‍ട്ടിസ്റ്റുകളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്‌ട്. ഛായാഗ്രഹണം ഹരി നായര്‍ നിര്‍വഹിക്കുന്നു. ബഷീറിന്റെ മറ്റു പ്രശസ്‌തങ്ങളായ കഥാപാത്രങ്ങളും ഉചിതമായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്‌ട്.
കെ. രാഘവന്‍ മാസ്റ്റര്‍ അവസാനമായി ഈണംപകര്‍ന്ന ഗാനങ്ങളുള്ള ചിത്രംകൂടിയാണ് ബാല്യകാലസഖി. കെ.ടി. മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപണിക്കര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരുടെ വരികള്‍ക്ക് കെ. രാഘവന്‍ മാസ്റ്റര്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.








