അവര്‍ ചുരംകയറി; കഥ പറയാനാവാതെ

പാലക്കാട്: വയനാടിന്റെ ശിഖരങ്ങളില്‍നിന്ന്
ഒരുകൂട്ടം പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നിറങ്ങിയത് അവരുടെ കഥപറയാനായിരുന്നു.
എന്നാല്‍, ആ കഥ പറയാന്‍ അവര്‍ക്കായില്ല. ചിറകുകള്‍ നനഞ്ഞും കണ്ണീരുമൂടിയും
ശബ്ദമുയര്‍ത്താനാവാതെയും അവര്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങിപ്പോയി.
ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടകവേദിയുടെ മുറ്റമാണ് കാട്ടുമക്കളുടെ
കണ്ണീരുവീണു നനഞ്ഞത്. തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് ഈ
ദുര്‍വിധിയെന്നതും അവരുടെ നൊമ്പരത്തിന്റെ ആഴംകൂട്ടി. നല്ലൂര്‍നാട്
അംബേദ്‌കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ
വിദ്യാര്‍ഥികള്‍ക്കാണു മത്സരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന
കാരണത്താല്‍ അവസരം നിഷേധിക്കപ്പെട്ടത്. നഗരത്തിലെ പതിവു ഗതാഗതക്കുരുക്കും
അധികൃതരുടെ കര്‍ക്കശ നിലപാടുമായതോടെ നാടകത്തില്‍ നിന്ന് അവര്‍
തഴയപ്പെട്ടു.
നാടകം നടക്കുന്ന ടൗണ്‍ഹാളില്‍ രാവിലെ ഒമ്പതിനുതന്നെ എത്തിയവരായിരുന്നു
ടീമംഗങ്ങളും അധ്യാപകരുമെല്ലാം. എന്നാല്‍, നാടകവേദിയിലെ തര്‍ക്കങ്ങളും
മറ്റും കാരണം സമയമേറെ നീണ്‌ടതോടെ ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു.
സമയത്ത് എത്താന്‍ പറ്റുമെന്ന വിശ്വാസം പക്ഷേ നഗരത്തിലെ ഗതാഗതക്കുരുക്ക്
തട്ടിയെടുത്തു.അരമണിക്കൂറോളമാണ് ഇവരുടെ വാഹനം ഗതാഗതക്കുരുക്കില്‍
വലഞ്ഞത്. എത്തിയപ്പോഴേക്കും അവസരവും കഴിഞ്ഞു. പരാതിയും
പ്രതിഷേധവുമുയര്‍ത്തിയിട്ടും ഫലമുണ്‌ടായില്ല. അഭിനയമോഹവുമായി ആദ്യമായി
ചുരമിറങ്ങിവന്ന കുരുന്നുകണ്ണുകള്‍ കണ്ണീരില്‍ മുങ്ങി.