Home » » ഞാന്‍ ഭരണകൂട ഭീകരതയുടെ ഇര' - മോഹനന്‍ മാസ്റ്റര്‍.

ഞാന്‍ ഭരണകൂട ഭീകരതയുടെ ഇര' - മോഹനന്‍ മാസ്റ്റര്‍.

Written By Unknown on Wednesday, 22 January 2014 | 05:00

രാഷ്‌ട്രീയപകപോക്കലാണ്‌ എനിക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. ഞാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണ്‌. കോടതി സത്യം കണ്ടെത്തിയതുകൊണ്ടാണ്‌ എനിക്ക്‌ നീതി ലഭിച്ചത്‌. രാഷ്‌ട്രീയ ശത്രുത തീര്‍ക്കാന്‍ പോലീസുകാരുടെ പിന്തുണയോടെ എന്നെ കുടുക്കാന്‍ ആസൂത്രിത നീക്കമാണ്‌ നടത്തുന്നത്‌. പോലീസിന്റെ തിരക്കഥക്കനുസരിച്ച്‌ പെരുമാറാത്തതിനാല്‍ എന്നെ പലവിധത്തില്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
കെ.കെ.ലതികയെ പ്രതിപട്ടികയില്‍പെടുത്തുമെന്നായിരുന്നു ഒരു ഭീഷണി. അതിനായി പലശ്രമങ്ങളും നടന്നു. എന്റെ മക്കളെ ഗുണ്ടാലിസ്റ്റില്‍പെടുത്തി. പോലീസുകാര്‍ തന്ന വെള്ള പേപ്പറില്‍ എന്നെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ ശ്രമം നടന്നു. അവര്‍ ബലം പ്രയോഗിച്ചുവെങ്കിലും ഞാനതിന്‌ കൂട്ടാക്കിയില്ല. ഒപ്പിട്ടിരുന്നുവെങ്കില്‍, അതുപയോഗിച്ച്‌ അവര്‍ കള്ളത്തെളിവുകള്‍ സൃഷ്‌ടിക്കുമായിരുന്നു.
ഫയാസുമായി എനിക്ക്‌ ഒരു ബന്ധവുമില്ല, അതുണ്ടെന്ന്‌ തെളിയിക്കാന്‍ ശ്രമിച്ചു അതൊന്നും വിലപോയില്ല. കോടതികള്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍, വ്യാജവാര്‍ത്തകളാക്കി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ചില പോലീസുദ്യോഗസ്ഥര്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതേപടി അവര്‍ ഉപയോഗിക്കുകയായിരുന്നു. അതെല്ലാം ആസൂത്രിതവും വ്യാജവുമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
എന്നെയും, ഭാര്യയെയും ഉപയോഗിച്ച്‌ എന്തെല്ലാം അസംബന്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. നിയമാനുസൃതമല്ലാതെ അവര്‍ ഒന്നും ചെയ്‌തിട്ടില്ല. പുറത്ത്‌ പോകുമ്പോള്‍ ചായ കുടിക്കാന്‍ നിയമവശമായ അനുവാദമുണ്ട്‌, അതുപോലും അനാവശ്യവിവാദമാക്കി. ലതിക ജയിലില്‍ വന്നത്‌ മൊബൈല്‍ ഫോണ്‍ കടത്താനാണെന്നുവരെ പ്രചരിപ്പിച്ചു. അതെല്ലാം വസ്‌തുതാ വിരുദ്ധവും, ആസൂത്രിത വ്യാജവാര്‍ത്തകളുമാണെന്ന്‌ ഇപ്പോള്‍ ബോധ്യമായല്ലോ. ഇനിയെങ്കിലും മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന്‌ തയ്യാറാകുകയാണ്‌ വേണ്ടത്‌.
ഭരണകൂടഭീകരതയുടെ ഇരയാണ്‌ സി എച്ച്‌ അശോകന്‍ രോഗം മൂര്‍ച്ഛിച്ച്‌ മരണമടഞ്ഞത്‌. അല്ലായിരുന്നുവെങ്കില്‍ എന്നോടൊപ്പം സഖാവും ഇന്ന്‌ കുറ്റവിമുക്തനായേനെ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.