Home » » വി-ഗാര്‍ഡിന്റെ അറ്റാദായം മൂന്നാം പാദത്തില്‍ വര്‍ധിച്ചു.

വി-ഗാര്‍ഡിന്റെ അറ്റാദായം മൂന്നാം പാദത്തില്‍ വര്‍ധിച്ചു.

Written By Unknown on Friday, 24 January 2014 | 00:26



ഉപഭോക്തൃ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണിക്‌സ്‌ കമ്പനി വി-ഗാര്‍ഡ്‌ 2013 ഡിസംബര്‍ 31ന്‌ അവസാനിച്ച മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. നികുതിക്കു ശേഷമുള്ള ലാഭം 17.53 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലേക്കാള്‍ 14 ശതമാനം വര്‍ധന. 15.35 കോടി രൂപയായിരുന്നു 2012 ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍.

പ്രവര്‍ത്തനവരുമാനം 2013-14ല്‍ മൂന്നാം പാദത്തില്‍ 353.93 കോടി രൂപ. മുന്‍ കൊല്ലം മൂന്നാം പാദത്തില്‍ ഇത്‌ 349.04 കോടി രൂപയായിരുന്നു.

ഇലക്‌ട്രിക്‌, സോളാര്‍ വാട്ടര്‍ഹീറ്ററുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി. പ്രീമിയം വിഭാഗത്തില്‍ പെബ്‌ള്‍ എന്ന പുതിയ മോഡല്‍ ഇലക്ട്രിക്‌ വാട്ടര്‍ഹീറ്റര്‍ പുറത്തിറക്കി. ദക്ഷിണേന്ത്യയില്‍ മികച്ച സ്വീകാര്യത നേടിയ ഇത്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ അടുത്ത സാമ്പത്തികവര്‍ഷം വില്‍പ്പനയ്‌ക്കെത്തിക്കും.

ഡിജിറ്റല്‍ യുപിഎസ്‌, പമ്പുകള്‍ എന്നിവയുടെ വില്‍പ്പന വളരെ കുറഞ്ഞനിലയിലായിരുന്നു. ആ വിഭാഗം ഈ പാദത്തില്‍ വില്‍പ്പനയിടിവ്‌ രേഖപ്പെടുത്തിയതു മൊത്തം വില്‍പ്പന വളര്‍ച്ച ഫ്‌ളാറ്റ്‌ ആകാന്‍ വഴിയൊരുക്കി.

സാമ്പത്തിക മാന്ദ്യം ഉപഭോക്തൃ ഉത്‌പന്ന വിപണിയെ സാരമായി ബാധിച്ചിട്ടുണെ്‌ടന്നു വി-ഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. എന്നിരുന്നാലും പ്രവര്‍ത്തന ചെലവ്‌ നിയന്ത്രിക്കാന്‍ ലക്ഷ്യബോധത്തോടെ നടത്തിയ ശ്രമങ്ങള്‍ കമ്പനിയെ ലാഭം നിലനിര്‍ത്താന്‍ സഹായിച്ചു.

വേനല്‍ക്കാലം ലക്ഷ്യമിട്ടു പുതിയ ഇന്‍വെര്‍ട്ടര്‍, സ്റ്റെബിലൈസര്‍ ശ്രേണികള്‍ പുറത്തിറക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.