Home » » അടഞ്ഞ വാതിലുകള്‍ക്ക്‌ മുന്നില്‍ .

അടഞ്ഞ വാതിലുകള്‍ക്ക്‌ മുന്നില്‍ .

Written By Unknown on Monday, 20 January 2014 | 04:42

                                                                പുസ്‌തക റിവ്യൂ- വിധുവിന്‍സന്റ്‌





രാജീവ്‌ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തൂക്കുമരം കാത്തുകഴിയുന്ന പേരറിവാളന്റെ മൊഴി തെറ്റായാണ്‌ രേഖപ്പെടുത്തിയതെന്ന്‌ പറയാന്‍ ഒരു സി ബി ഐ ഉദ്യോഗസ്ഥന്‌ 22 വര്‍ഷം വേണ്ടിവന്നു. പേരറിവാളന്‌ നഷ്‌ടമായ വിലപ്പെട്ട 22 വര്‍ഷങ്ങളിലെ ജീവിതം ആര്‌ തിരികെ കൊടുക്കും? ആരിതിന്‌ ഉത്തരം പറയും? 

പേരറിവാളന്റെ മൊഴി അതേ പടി രേഖപ്പെടുത്താതിരുന്നത്‌ മൂലമാണ്‌ ഈ ചെറുപ്പക്കാരന്‌ കടുത്തശിക്ഷ കിട്ടിയതെന്ന്‌ ഒരു ഡോക്യുമെന്ററിയിലാണ്‌ സി ബി ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്‌. (ഉയിര്‍വലി എന്ന പേരില്‍ ചെന്നൈയിലെ വധശിക്ഷാവിരുദ്ധ ജനകീയപ്രസ്ഥാനം നിര്‍മ്മിച്ച ഡോക്യുമെന്ററിയിലാണ്‌ സി ബി ഐയുടെ മുന്‍ സൂപ്രണ്ട്‌ വി ത്യാഗരാജന്‍ ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്‌.)
`അടഞ്ഞവാതിലുകള്‍ക്ക്‌ മുമ്പില്‍' എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകയായ അനുശ്രീ തയ്യാറാക്കിയ പുസ്‌തകം-പേരറിവാളന്‍ എന്ന മകന്റെ ജീവിതമോര്‍ക്കുന്ന ഒരമ്മയുടെ നീറലുകള്‍-പ്രകാശിതമാകുന്നതിന്‌ രണ്ടാഴ്‌ച മുമ്പാണ്‌ മുകളില്‍ പറഞ്ഞ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്‌. *മകന്റെ കഴുത്തില്‍ തൂക്കുകയര്‍ വീഴാതിരിക്കാനായി ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങളുടെ വാതിലുകളില്‍ നിരന്തരം മുട്ടി വിളിച്ചുകൊണ്ട്‌ കഴിഞ്ഞ 22 വര്‍ഷമായി വെന്തകാലുകളോടെ അലയുന്ന ഒരമ്മയുടെ തീക്ഷണമായ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളായിരുന്നു ഇതെങ്കില്‍, മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ഈ പുസ്‌തകം രാഷ്‌ട്രീയമായി കൂടി അങ്ങേയറ്റം പ്രസക്തമായി തീര്‍ന്നിരിക്കുന്നു. 19-ാമത്തെ വയസ്സില്‍ ശിക്ഷിക്കപ്പെട്ട്‌ തൂക്കുമരം കാത്തു കഴിയുന്ന മകന്റെ പിന്നാലെ പോലീസ്‌ അധികാരികള്‍ക്കും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ഇടയില്‍, ജയിലുകള്‍ക്കും കോടതികള്‍ക്കും ഇടയില്‍ അര്‍പ്പുതാമ്മാള്‍ എന്ന അമ്മ നടന്നു തീര്‍ത്ത ദൂരം അളന്നു തീര്‍ക്കാവുന്നതല്ല. നിരന്തരമായ സഹനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകം. കനലെരിയുന്ന നെഞ്ചിന്റെ നീറലുമായി രാവും പകലുമെന്ന വ്യത്യാസമില്ലാതെ മകന്‌ നീതി തേടി അലയുന്ന അമ്മയുടെ ആന്തരികവും ബാഹ്യവുമായ യാത്രകള്‍, അമ്മയുടെ സങ്കടം, രോഷം, നിരന്തരമായി കാത്തിരിപ്പിനൊടുവില്‍ ജയിലില്‍ മകനെ കാണാന്‍ കഴിയുമ്പോഴും കഴിയാഞ്ഞപ്പോഴുമുള്ള വെപ്രാളവും കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും.... ഇതെല്ലാമാണ്‌ ഈ പുസ്‌തകം. 
രാജീവ്‌ഗാന്ധി വധക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന രഘൂത്തമന്‍, കേസ്‌ അന്വേഷിച്ച സി ബി ഐ സംഘത്തിലെ അംഗമായിരുന്ന മോഹന്‍രാജ്‌ എന്നിവര്‍ 2011ല്‍ ഓപ്പണ്‍ മാഗസിന്‍ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്ന കെ കെ ഷാഹിനയോട്‌ പറഞ്ഞ വിവരങ്ങളും ഈ പുസ്‌തകത്തോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌. `രാജീവ്‌ ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെല്‍റ്റ്‌ബോംബ്‌ ആര്‌ നിര്‍ബന്ധിച്ചുവെന്നോ അതെങ്ങനെ കൊലയാളികളുടെ കൈയിലെത്തിയെന്നോ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്‌ കഴിഞ്ഞില്ല. ഒരു പക്ഷേ, കേസിലെ സുപ്രധാന കാര്യമിതാണെന്നും അത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത്‌ വലിയ പിഴയാണെന്നും രഘൂത്തമന്‍ എന്ന ഓഫീസര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തൂക്കുമരം വിധിച്ച ജഡ്‌ജി പോലും അവരെ തൂക്കിക്കൊല്ലരുതെന്നും (ജസ്റ്റിസ്‌ കെ ടി തോമസ്‌) ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്തുന്ന മോഹന്‍രാജ്‌ അതിപ്പോഴും തുടങ്ങുകയാണ്‌....' രാജീവ്‌ വധക്കേസിന്റെ അന്വേഷണരീതിയുടെ പരിമിതികളും പോരായ്‌മകളും വിശകലനം ചെയ്‌ത ഷാഹിനയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലവും ഈ പുസ്‌തകത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നു.
``അവന്റെ ജീവനുവേണ്ടി ഞാന്‍ കയറിയിറങ്ങാത്ത വാതിലുകളില്ല. രാഷ്‌ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, ന്യായാധിപന്മാര്‍, ഗവര്‍ണര്‍മാര്‍ ഓരോയിടത്തും ഭിക്ഷാം ദേഹിയായി ഞാന്‍ കാത്തുനിന്നു... ഇപ്പോഴും നില്‌ക്കുന്നു. ദയക്കുവേണ്ടിയല്ല... നീതിക്ക്‌ വേണ്ടി... പക്ഷേ, ഒരു വാതിലും തുറക്കപ്പെട്ടില്ല. എന്റെ കുഞ്ഞിനെ അവിടെയുപേക്ഷിച്ച്‌ പിന്തിരിഞ്ഞു നടക്കാന്‍ എനിക്കാവില്ല. അടഞ്ഞ വാതിലുകള്‍ക്ക്‌ മുന്‍പില്‍ ഞാന്‍ കാത്തിരിക്കുന്നു. എന്നെങ്കിലും നീതി ലഭിക്കും എന്ന വിശ്വാസത്തോടെ. ഓരോ ഉരുള ചോറും എന്റെ തൊണ്ടയില്‍ കുടുങ്ങുന്നു. തൂക്കുകയറില്‍ കിടന്നാടുന്ന കുഞ്ഞിന്റെ ശരീരം ദുസ്വപ്‌നമായി വന്ന്‌ എന്റെ ഉറക്കം കെടുത്തുന്നു. ഒരമ്മ മകനെക്കുറിച്ച്‌ പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ വാത്സല്യമായിരിക്കും മുന്തിനില്‌ക്കുക എന്ന്‌ നിങ്ങള്‍ക്ക്‌ തോന്നാം. സ്വന്തം മകനെ പോലീസില്‍ ഏല്‌പിച്ചുകൊടുത്തുകൊണ്ട്‌ യഥാര്‍ത്ഥ നീതി നടപ്പാകുന്നതും കാത്തിരിക്കുന്ന ഒരമ്മയാണ്‌ ഞാന്‍. മകനോടുള്ള സ്‌നേഹം എന്റെ നീതിബോധത്തിന്‌ ഒട്ടും മങ്ങലേല്‌പിച്ചിട്ടില്ല' എന്ന്‌ സാക്ഷ്യപ്പെടുത്തുന്നു അര്‍പ്പുതാമ്മാള്‍ എന്ന അമ്മ.
രാജീവ്‌ വധക്കേസ്‌ അന്വേഷിക്കുന്ന സി ബി ഐ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആസ്ഥാനമായിരുന്ന മല്ലിഗൈയില്‍ അറിവിനെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം അര്‍പ്പുതാമ്മാള്‍ പറയുന്നുണ്ട്‌. ടോയ്‌ലറ്റിന്റെ വാതിലടക്കാന്‍ പോലീസുദ്യോഗസ്ഥ അനുവദിച്ചില്ലെന്ന്‌.
`എങ്ങനെയാണ്‌ മോളെ വാതിലടയ്‌ക്കാതെ...?'
`ഇവിടെ ഇങ്ങനെയാണ്‌' എന്നു മാത്രം പറഞ്ഞു കൊണ്ട്‌ അവര്‍ വാതിലിനു മുന്നില്‍ നിന്നു. 
എനിക്കു വേറെ നിവൃത്തിയില്ലായിരുന്നു. ഈ സംഭവം എന്നെ ഭയപ്പെടുത്തി. ഒരു സന്ദര്‍ശകയെ ഇത്രയും ധിക്കാരത്തോടെ അപമാനിക്കാന്‍ ധൈര്യപ്പെടുന്നവര്‍ പ്രതികളെന്ന്‌ മുദ്രകുത്തപ്പെട്ട്‌ കൊണ്ടു വന്നവരോട്‌ എങ്ങനെയായിരിക്കും പെരുമാറുക? ഞാന്‍ തിരിച്ചു വരുമ്പോള്‍ അറിവ്‌ തലകുനിച്ചിരിക്കുകയായിരുന്നു. അമ്മ നേരിട്ട അപമാനമാണോ അതോ ഇത്രയും വിലകുറഞ്ഞ ജീവിതമാണ്‌ താന്‍ നയിക്കുന്നതെന്ന്‌ അമ്മ തിരിച്ചറിഞ്ഞതാണോ അവനെ കൂടുതല്‍ വിഷമിപ്പിച്ചിരിക്കുക?
പത്താംക്ലാസ്സ്‌ പഠനം മാത്രമുള്ള വെല്ലൂരില്‍ ഒരു കര്‍ഷകകുടുംബത്തില്‍ നിന്നും വരുന്ന ഒരു സാധാരണ സ്‌ത്രീ അവരുടെ ജീവിതത്തിലുണ്ടായ അസാധാരണമായ ഒരു സംഭവത്തിലൂടെ കരുത്താര്‍ജ്ജിക്കുന്നതും പോരാടാന്‍ സന്നദ്ധമാകുന്നതുമായ ചിത്രവും നമുക്കീ പുസ്‌തകത്തില്‍ കാണാം. 
``ജയിലിലെത്തിയ ദിവസം മുതല്‍ വിചാരണത്തടവുകാരനായല്ല, കുറ്റവാളിയായാണ്‌ അവനെ പരിഗണിക്കുന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കി. കുറ്റവാളികള്‍ ജയിലില്‍ ധരിക്കുന്ന വെള്ള യൂണിഫോമിനു പുറമേ ജയിലധികൃതര്‍ ഒരു പുല്‍പ്പായ, ഒരു തലയിണ, ഒരു പുതപ്പ്‌ എന്നിവയും നല്‌കിയിട്ടുണ്ട്‌. കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തുന്നവര്‍ക്ക്‌ നിയമപ്രകാരം ലഭിക്കുന്ന വസ്‌തുക്കളാണിവ. അറിവിന്‌ ഇതേപ്പറ്റി എന്തറിയാന്‍? ജയിലില്‍ നിന്നും ഞാന്‍ നേരെ പോയത്‌ വക്കീലിനടുത്തേക്കാണ്‌. വിചാരണത്തടവുകാരെ കുറ്റവാളികളായി പരിഗണിക്കുന്നതിനെതിരേ അന്നു തന്നെ കേസ്‌ ഫയല്‍ ചെയ്‌തു. അനുകൂലമായ കോടതി വിധി വന്നതിനുശേഷമാണ്‌ ജയില്‍ യൂണിഫോമില്‍ നിന്നു അറിവിന്‌ മോചനം നേടാനായത്‌. കേസുകളുടെ തുടക്കം മാത്രമായിരുന്നു അത്‌. പിന്നീടങ്ങോട്ട്‌ ഓരോ ചെറിയ ആവശ്യങ്ങളും നേടിയെടുക്കുന്നതിനായി പല തവണ കോടതിയില്‍ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്‌''
``ചെന്നൈ ഹൈക്കോര്‍ട്ടില്‍ അറിവിനു വേണ്ടി ഹാജരാകാന്‍ എത്തിയ രാംജത്‌ മലാനിക്കൊപ്പം ഞാനും ഒരിക്കല്‍ അറിവിന്റെ തടവറ സന്ദര്‍ശിച്ചിരുന്നു. എത്ര ചെറിയ മുറിയാണെന്നോ അത്‌. അവനൊന്ന്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുവാനുള്ള സ്ഥലം പോലുമില്ല. നീണ്ട 22 വര്‍ഷങ്ങള്‍. അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല 22 വര്‍ഷങ്ങള്‍ ജയിലിലെ ആ കിടപ്പുമുറിയില്‍ ഹോമിക്കപ്പെട്ടു കഴിഞ്ഞു. രാജീവ്‌ഗാന്ധിയുടെ ജീവന്റെ വിലയെക്കുറിച്ചാണ്‌ എല്ലാവരും സംസാരിക്കുന്നത്‌. അപ്പോള്‍ എന്റെ മകന്റെ ജീവന്‌ യാതൊരു വിലയുമില്ലേ? രാജീവ്‌ഗാന്ധിയുടെ ഘാതകരെ കണ്ടുപിടിക്കണം, ശിക്ഷിക്കണം. അതെല്ലാം ആസൂത്രണം ചെയ്‌തതാരെന്നും അറിയണം! അതിനു പകരം നിരപരാധിയായ എന്റെ മകനെ എന്തിനു ശിക്ഷിക്കണം?''
പോണ്ടിച്ചേരിയില്‍ വധിശിക്ഷയ്‌ക്കെതിരായ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്‌ തിരികെ ജോലാര്‍പേട്ടിലെ വീട്ടിലേക്ക്‌ മടങ്ങി എത്താന്‍ കഴിയാഞ്ഞ ഒരു രാത്രി ബസ്‌സ്റ്റാന്റിലിരുന്ന്‌ നേരം വെളുപ്പിച്ച അനുഭവം അര്‍പ്പുതമ്മാള്‍ ഓര്‍മ്മിക്കുന്നു. ``പുലര്‍ച്ചെ എഴുന്നേറ്റ്‌ പോണ്ടിച്ചേരിക്ക്‌ തിരിച്ചതാണ്‌. ഉറക്കം വന്ന്‌ കണ്ണില്‍ കുത്തുന്നു. അറിയാതെ മയങ്ങുമ്പോഴേക്കും ഞെട്ടിയുണര്‍ന്നു. സാരിത്തലപ്പ്‌ തലയിലൂടെ വലിച്ചിട്ട്‌ ഒന്നുകൂടെ ഇളകിയിരുന്നു. യാത്രയ്‌ക്കിടയില്‍ രാത്രി ഒരു സിമന്റ്‌ ബഞ്ചില്‍ മനം മറന്നുറങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടോ ഒരു സ്‌ത്രീക്ക്‌. എഴുപതിനോടടുത്ത്‌ നില്‌ക്കുന്ന എന്നിലേക്ക്‌ നീളുന്ന നോട്ടങ്ങളില്‍ പോലും സഹാനുഭൂതിയുടെ ലാഞ്‌ജന കണ്ടെത്താന്‍ കഴിയാത്തതെന്ത്‌?'' നീതിവ്യവസ്ഥയോടും സാമൂഹ്യവ്യവസ്ഥയോടും ഒരേ സമയം പോരടിക്കേണ്ടി വരുന്ന ഒരു സ്‌ത്രീയുടെ ജീവിതമാണ്‌ ലളിതമായ ഏതാനും വാക്കുകളിലൂടെ അര്‍പ്പുതാമ്മാള്‍ കോറിയിടുന്നത്‌. 
``വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഞാന്‍ ഭ്രാന്തിന്റെ വക്കിലെത്തിച്ചേര്‍ന്നു. സമരമുഖത്തു തന്നെയായിരുന്നു പിന്നീട്‌... വല്ലപ്പോഴും കൂടി മാത്രമേ വീട്ടിലെത്താന്‍ കഴിഞ്ഞുള്ളൂ. അങ്ങനെയൊരു ദിവസം എന്നെത്തേടി ഒരു ടെലഗ്രാം വന്നു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌. സെപ്‌തംബര്‍ ഒന്‍പതിന്‌ വധശിക്ഷ നടപ്പാക്കുന്ന താങ്കളുടെ മകന്റെ മൃതദേഹം വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്ന്‌ കൈപറ്റണമെന്നായിരുന്നു ഉള്ളടക്കം. ആ കടലാസ്‌ എന്റെ കൈയിലിരുന്ന്‌ വിറച്ചു. ഞാന്‍ പ്രസവിച്ച്‌ പാലൂട്ടി വളര്‍ത്തിയ മകന്‍െറ മൃതദേഹം... ജീവനറ്റുപോയ ആ ശരീരത്തെക്കുറിച്ച്‌ എനിക്ക്‌ ഓര്‍ക്കാന്‍ പോലുമാകില്ല. ആ അവസ്ഥ എങ്ങനെയാണ്‌ വിവരിക്കുക... അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന കുറേ വികാരങ്ങളുണ്ട്‌ ഈ ഭൂമുഖത്ത്‌. ഞാനെന്ന അമ്മ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന എങ്ങനെ പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കും?''
`അറിവിന്റെ കേസ്‌ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വാര്‍ത്ത നമ്മെ തേടിയെത്തിയത്‌ എല്ലാം അവസാനിച്ചതിനു ശേഷമാണ്‌. ആ ജീവിതങ്ങള്‍ പൊലിഞ്ഞതിനു ശേഷം മാത്രം. ഓരോ ദിനത്തിന്റെയും പുലരിയിലേക്ക്‌ ഞാന്‍ കണ്‍മിഴിക്കുന്നത്‌ തേങ്ങലോടെയാണ്‌. എന്റെ മോനെക്കുറിച്ച്‌ മോശം വാര്‍ത്തകള്‍ ഒന്നും കേള്‍ക്കേണ്ടി വരരുതേ എന്ന വേവലാതിയോടെ. 22 വര്‍ഷങ്ങള്‍ ജയിലിലെ കൊടും യാതനകള്‍ അനുഭവിച്ച അറിവ്‌ കുറ്റവിമുക്തനായി പുറത്തു വരുന്ന നാളിനായി കാത്തിരിക്കുകയാണ്‌ ഞാന്‍. അതിനു വേണ്ടി മാത്രം പ്രായത്തിന്റെ അസ്വസ്ഥതകള്‍ വകവയ്‌ക്കാതെ പോരാടിക്കൊണ്ടിരിക്കുന്നു.''
നീതിന്യായവ്യവസ്ഥകളേയും ഭരണകൂടത്തേയും സ്വാധീനിക്കാന്‍ കെല്‌പുള്ള യഥാര്‍ത്ഥ കുറ്റവാളികള്‍ ശരീരത്തില്‍ ഒരു പോറല്‍ പോലുമേല്‌ക്കാതെ രക്ഷപ്പെടുന്നതും നിരപരാധികള്‍ വിചാരണയും കാത്ത്‌ ഏതാണ്ട്‌ ജീവിതം മുഴുവന്‍ ജയിലില്‍ തുലയ്‌ക്കുന്നതും നമ്മള്‍ കാണുന്നുണ്ട്‌. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്‌ ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എത്ര അശ്രദ്ധയോടെയാണ്‌ ഒരാള്‍ക്ക്‌ തൂക്കുമരം പോലൊരു ശിക്ഷ കൊടുക്കുന്നത്‌. രാജീവ്‌വധക്കേസിന്റെ സുതാര്യമല്ലാത്ത കുറ്റവിചാരണയെക്കുറിച്ച്‌ മനുഷ്യാവകാശസംഘടനകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ഇതുവരെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഓരോ ഭരണകൂടവും തീരുമാനിക്കും ആരെ രക്ഷിക്കണം, ആരെ ശിക്ഷിക്കണമെന്ന്‌. നിയമവ്യവസ്ഥയിലെ ഏത്‌ വകുപ്പുകളേയും കാറ്റില്‍ പറത്തി ഭരണകൂടത്തിന്‌ സ്വന്തം ഇച്ഛ നടപ്പാക്കാം. തീവ്രവാദികളെ സൃഷ്‌ടിക്കാം, `ഏറ്റുമുട്ടലില്‍' കൊലപ്പെടുത്താം, ആരെയും എത്ര നാളും `കസ്റ്റഡി'യില്‍ സൂക്ഷിക്കാം, വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലിലിട്ട്‌ പീഡിപ്പിക്കാം, എതിര്‍പ്പിന്റെ ഏതൊരു ശബ്‌ദത്തേയും നിശ്ശബ്‌ദമാക്കാനുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കാം... പറഞ്ഞു വരുന്നത്‌ ഏതെങ്കിലും ഫാസിസ്റ്റ്‌ ഭരണകൂടങ്ങളെ പറ്റിയല്ല. ജനാധിപത്യത്തിന്റെ മറവില്‍ നമ്മുടെ ഭരണകൂടം അനുവര്‍ത്തിക്കുന്ന ഫാസിസത്തെപ്പറ്റിയാണ്‌. വധശിക്ഷ പോലെ കിരാതമായ സമ്പ്രദായത്തെ ഇപ്പോഴും കൊണ്ടു നടക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നീതിവിചാരത്തെപ്പറ്റി വീണ്ടുവിചാരം വേണമെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു അനുശ്രിയുടെ പുസ്‌തകം. ലളിതവും സുന്ദരവുമായ ഭാഷയില്‍, അതിവൈകാരികതകളില്ലാതെ ആണ്‌ അനുശ്രീ ഇതിന്റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. പ്രമാദമായ ഒരു കേസിന്റെ നാള്‍വഴികളോ കേസിന്റെ സങ്കീര്‍ണ്ണതകളോ വിവരിക്കുക അല്ല ഈ പുസ്‌തകത്തിന്റെ ലക്ഷ്യം. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ സാധ്യമായ എല്ലാ വാതിലുകളും മുട്ടി അലയുന്ന ഒരമ്മയുടെ യാതനയും വേദനയും നിറഞ്ഞ ഓര്‍മ്മക്കുറിപ്പാണിത്‌. ഒപ്പം നീതിവ്യവസ്ഥയെയും ജനാധിപത്യത്തെയുംപറ്റി ജാഗ്രത്താകണമെന്ന ഓര്‍മ്മപ്പെടുത്തലും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.