മേഴ്‌സിയും ഐദാ വായ്‌നേരിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്നിടത്തേക്ക് മൈക്കേല്‍ സെ്‌ട്രക്കര്‍ കടന്നു വരുന്നു. ഇവരെ വേര്‍പെടുത്തി മേഴ്‌സിയുടെ കൈകള്‍ ക്രമീകരിച്ച് ഐദായെ അയാളുടെ കയ്യില്‍ എടുത്തു വെച്ച്, സെ്‌ട്രക്കര്‍ അപ്രത്യക്ഷനാകുന്നു. കുറച്ചു സമയത്തിനുശേഷം മേഴ്‌സി അവളെ താഴെയിടുന്നു. അവള്‍ അലറിവിളിച്ച് ഓടിപ്പോയി ആദ്യത്തെ പോലെ അയാളുമായി ഗാഢാലിംഗനത്തിലാവുന്നു. ഈ സമയത്ത് സെ്‌ട്രക്കര്‍ വീണ്ടും പ്രവേശിക്കുന്നു. പഴയതു പോലെ അവളെ വീണ്ടും വേര്‍പെടുത്തുന്നു. മേഴ്‌സിയുടെ കയ്യില്‍ അവളെ വെക്കുന്നു, പിന്‍വാങ്ങുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നു, വേഗത്തില്‍, കൂടുതല്‍ കൂടുതല്‍ വേഗത്തില്‍. അവസാനം ഓരോ പ്രാവശ്യം ഐദാ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴൊക്കെ മേഴ്‌സി അവളെ മനസ്സ് നഷ്‌ടപ്പെട്ടവനെപ്പോലെ ബുദ്ധിഹീനമായി താഴെയിട്ടു കൊണ്ടിരിക്കുന്നു.
-ഇത് ലോക പ്രസിദ്ധ നര്‍ത്തകിയായ പിനാ ബോഷിന്റെ `കഫേമുള്ളര്‍' എന്ന നൃത്തത്തിലെ ഒരു ഭാഗം. ഒരുപക്ഷേ നൃത്ത പ്രേമികള്‍പോലും കണ്ടിരിക്കാന്‍ ഇടയില്ലാത്ത ഈ ഭാഗം കാണാനവസരമുണ്ടാക്കിയത് `പിനാ' എന്ന ഡോക്യൂമെന്ററിയിലൂടെ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ്.
പിനാ ബോഷിന്റെ ഏറ്റവും പ്രിയപ്പെട്ട തീമുകളില്‍ ഒന്നാണ് ആവര്‍ത്തനം. ചില പ്രവൃത്തികള്‍ പിന്നേയും പിന്നേയും ചെയ്യുമ്പോള്‍ അവ വേഗത്തിലാവുകയും വയലന്‍സിലെത്തുകയും അവസാനം പരമയാതനയില്‍ എത്തുകയും ചെയ്യുന്നത് കാണിക്കുകയായിരുന്നു പിനാ ബോഷ്.
ട്രാന്‍സ് തിയറ്റര്‍ വാപ്പര്‍ട്ടെല്ലിലെ തന്റെ സഹ നര്‍ത്തകര്‍ക്കൊപ്പം താന്‍ ഒരുക്കിയ നാല് നൃത്തങ്ങള്‍ വിംവെന്‍ഡേഴ്‌സിന് ഡോക്യൂമെന്റ് ചെയ്യാന്‍ വേണ്ടി പിനാ തെരഞ്ഞെടുത്തു. 1985 മുതല്‍ വെന്‍ഡേഴ്‌സ് പിനായുടെ നൃത്ത പരീക്ഷണങ്ങളുടെ കാണിയായി, പിനായുടെ അടുത്ത സുഹൃത്തായി ഒപ്പമുണ്ട്. 2008ലാണ് ഒരു ഡോക്യുമെന്റേഷനെ കുറിച്ചുള്ള ഗൗരവ ചര്‍ച്ചകള്‍ അവര്‍ നടത്തുന്നത്. 2009 ജൂലൈ രണ്ടിന് ആദ്യ റിഹേഴ്‌സല്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അതിനു മൂന്നു ദിവസം മുന്‍പ് പിനാ അപ്രതീക്ഷിതമായി എന്നെന്നേക്കുമായി നൃത്തമവസാനിപ്പിക്കുന്നു. വിംവെന്‍ഡേഴ്‌സിനേയും സഹ നര്‍ത്തകരേയും ലോകത്തെങ്ങുമുള്ള ആരാധകരേയും ഞെട്ടിച്ചുകൊണ്ട് മരണത്തിലേക്ക്.
അതോടെ കുറേക്കാലമായി ഒരുക്കൂട്ടികൊണ്ടിരുന്ന ആ ജോലി വെന്‍ഡേഴ്‌സ് പൂര്‍ണമായി അവസാനിപ്പിച്ചു. പക്ഷേ, പിനായുടെ സഹ നര്‍ത്തകര്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. പിനാക്കുള്ള ആദരാജ്ഞലിയായി, തന്റെ രംഗത്ത് അവള്‍ എത്ര ഉയരത്തിലായിരുന്നുവെന്ന് ഇടക്കിടക്ക് ഓര്‍ക്കാനും നൃത്തപ്രേമികള്‍ക്ക് മറക്കാത്ത അനുഭവമായും അത് ചെയ്‌തേ തീരൂ. നര്‍ത്തകര്‍ ഓരോരുത്തരും പിനായെ കുറിച്ച് സംസാരിക്കുന്നു. പിനായുടെ മാത്രം രീതികള്‍, ചലനങ്ങള്‍, ശബ്‌ദങ്ങള്‍, രംഗ സജ്ജീകരണം, കൂടെയുള്ളവര്‍ തമ്മിലുള്ള സഹകരണം, നൃത്തത്തോടുള്ള പിനായുടെ സമീപനം-ഇതെല്ലാം ട്രാന്‍സ് തിയറ്റര്‍ വാപ്പര്‍ട്ടെല്ലിലെ നര്‍ത്തകര്‍ പറയുന്നു. അവളുടെ ഏറ്റവും മികച്ച ചില നൃത്ത ഭാഗങ്ങള്‍ അവതരിപ്പിക്കുന്നു..... ആ തീരുമാനം തെറ്റിയില്ല. മികച്ച ഡോക്യൂമെന്ററികളിലൊന്നായി പിനാ മാറി.
സംഭാഷണത്തിന്റേയും പ്രവൃത്തിയുടേയും ചെറിയ ചെറിയ യൂണിറ്റുകളായി നൃത്തം ചലനങ്ങള്‍ ചെയ്യുന്നതായിരുന്നു പിനായുടെ രീതി. തന്റെ മള്‍ട്ടി മീഡിയാ പ്രൊഡക്ഷനില്‍ പിനാ വളരെ വ്യത്യസ്‌തമായ, വലിയ രംഗ സജ്ജീകരണങ്ങള്‍ നടത്തി. ഫുള്‍ മൂണ്‍ എന്ന നൃത്തത്തിനു വേണ്ടി സ്റ്റേജില്‍ നിറയെ ജലവും വലിയ പാറയും സജ്ജീകരിച്ച് കാണികള്‍ക്ക് പുതുമയാര്‍ന്ന ദൃശ്യാനുഭവം സമ്മാനിച്ചു അവര്‍.
ട്രാന്‍സ് തിയറ്റര്‍ വാപ്പര്‍ട്ടെല്ലിനുള്ളില്‍ മാത്രമായി ഡോക്യുമെന്ററിയിലെ നൃത്ത രംഗങ്ങള്‍ ഒതുങ്ങിയില്ല. വാപ്പര്‍ട്ടെല്‍ നഗരത്തിലെ വ്യത്യസ്‌തമായ, ഓരോ നൃത്തത്തിനും അനുയോജ്യമായ ലൊക്കേഷനുകള്‍. പച്ചപ്പുള്ള കുന്നിന്‍ ചെരിവുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍, നീന്തല്‍ കുളത്തിന്റെ ഇന്‍ഡോര്‍, സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം-ഇവയിലെല്ലാം നിറഞ്ഞു നിന്നാടി പിനായുടെ കൂട്ടുകാര്‍.
`പിനായെ കണ്ടുമുട്ടിയത് ഒരു ഭാഷ കിട്ടിയതു പോലെയായിരുന്നു. അതിനു മുന്‍പ് എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. വളരെ നാണം കുണുങ്ങിയായ എന്നോട് പ്രാക്‌ടീസ് തുടങ്ങി കുറച്ചു ദിവസത്തിനു ശേഷം പിനാ പറഞ്ഞു: യൂ ഹാവ് ടു ബി ഗെറ്റ് ക്രേസിയര്‍'.
`ഒരു ടേബിളിനു പുറകിലിരുന്ന് ഞങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന പിനാ കൂടുതല്‍ സുന്ദരിയാവുന്നു. 22 വര്‍ഷം അവിടെയിരുന്ന് അവളെന്നെ നോക്കി. എന്റെ രക്ഷിതാക്കള്‍ കണ്ടതിനേക്കാളും കൂടുതല്‍ അവളെന്നെ കണ്ടു'.
`എന്താണ് കരച്ചില്‍, വേദന, ദേഷ്യം, സങ്കടം, നിലവിളി.... ഞങ്ങളുടെ എല്ലാ ക്വാളിറ്റികളേയും അവള്‍ പുറത്തുകൊണ്ടുവന്നു. ഞങ്ങളുടെ എല്ലാ വികാരങ്ങളുടേയും പുറകില്‍ പിനാ ഒളിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ അവളുടെ ഭാഗമായിരുന്നു'-ട്രാന്‍സ് തിയറ്റര്‍ വുപ്പറ്ററിലെ സഹ നര്‍ത്തകര്‍ ഓര്‍ക്കുന്നു.
`ദ റൈറ്റ് ഓഫ് സ്‌പ്രിംഗ്' എന്നതാണ് സിനിമയിലെ പിനായുടെ പ്രൊഡക്ഷനില്‍ ആദ്യത്തേത്. ആണും പെണ്ണുമായി തിരിഞ്ഞ് നര്‍ത്തകര്‍ കറുത്ത പൊടി നിറഞ്ഞ അരങ്ങത്ത് ചലിക്കുന്നു. സ്‌ത്രീകളുടെ നേരിയ വസ്‌ത്രങ്ങളിലും പുരുഷന്മാരുടെ ശരീരത്തിലും കരി പുരളുന്നു. ബലിയാക്കപ്പെടാനായി ഒരു സ്‌ത്രീയെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ ആഘോഷപൂര്‍വം നടത്തപ്പെടുന്നു. ഓരോ സ്‌ത്രീയും പുരുഷ നേതാവിനടുത്തെത്തുന്നു, അയാളുടെ കണ്ണിലൂടെയാണ് നാമവരെ കാണുന്നത്. വരുന്നവള്‍ സിമ്പോളിക് ആയി ചുവന്ന വസ്‌ത്രം പുതക്കുന്നു. ശരീരമെന്നത് നൃത്തം ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന്, നൃത്തത്തിലൂടെ ജീവിതത്തിന്റെ ഏതവസ്ഥയും പ്രകടിപ്പിക്കാമെന്ന് റൈറ്റ് ഓഫ് സ്‌പ്രിംഗിലെ നര്‍ത്തകരുടെ ജലം പോലെ വഴക്കമുള്ള ശരീരം നമ്മോട് പറയുന്നു.
`സംസാരിക്കാന്‍ പേടിയായിരുന്നു, അതിനാല്‍ ഞാന്‍ നൃത്തം തിരഞ്ഞെടുത്തു. നൃത്തത്തിന്റെ ചലനങ്ങളിലാണ് എനിക്കെന്നെ അനുഭവപ്പെട്ടത്' എന്ന് പിനാ പറയുന്നതില്‍ തന്നെ നൃത്തം എന്തായിരുന്നു അവര്‍ക്കെന്നതിന് മറുപടിയുണ്ട്.
സ്‌പ്രിംഗ്, സമ്മര്‍, ഓട്ടം, വിന്റര്‍-ഒരു വലിയ ജാഥയായി നര്‍ത്തകര്‍ വുപ്പറ്റര്‍ തിയറ്ററിന്റെ സ്റ്റേജിലൂടെ കൈമുദ്രകളിലൂടെ കാലങ്ങള്‍ അവതരിപ്പിച്ച് നീങ്ങുന്നതിലൂടെ തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും അതില്‍ തന്നെ. ജീവിതത്തിന്റെ വസന്തവും ഗ്രീഷ്‌മവും ശരത്‌കാലവും ശിശിരവും കടന്ന് നര്‍ത്തകരും ട്രാന്‍സ് തിയറ്റര്‍ വുപ്പറ്ററും വിം വെന്‍ഡേഴ്‌സും നമ്മിലേക്ക്, എല്ലാത്തിനുമപ്പുറത്ത് പിനായുടെ നൃത്തച്ചുവടുകളും.








