Home » » എനിക്കിഷ്‌ടം കണ്ടല്‍ . പൊക്കുടന്‍.

എനിക്കിഷ്‌ടം കണ്ടല്‍ . പൊക്കുടന്‍.

Written By Unknown on Tuesday, 14 January 2014 | 23:40

കണ്ണൂരില്‍നിന്നും കാസര്‍കോട്ടേയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്‌ച കാണാം. പുഴകളുടെ ഇരുകരകളിലുമായി പച്ചനിറഞ്ഞ കൊച്ചുവനങ്ങള്‍. വിവിധ നിറത്തില്‍ പൂവുകള്‍, കായ്‌കള്‍... അതിനിടയിലൂടെ പാറുന്ന ചെറുകിളികള്‍.. ചതുപ്പില്‍ നിന്നുമുയര്‍ന്ന്‌ നില്‍ക്കുന്ന വേരുകള്‍ക്കിടയിലൂടെ ഊളിയിടുന്ന മീനുകള്‍.. ഈ ഹരിത സമൃദ്ധി കണ്ടല്‍ ചെടികളുടേതാണ്‌. തീരപ്രദേശങ്ങളില്‍ രക്ഷാകവചം തീര്‍ക്കുന്നതിലും പ്രകൃതിയുടെ ജൈവകലവറ സംരക്ഷിക്കുന്നതിനും കണ്ടലിനോളം കഴിവുറ്റ മറ്റൊരു ജൈവത്തുരുത്തില്ല.
പെരുമ്പപ്പുഴയുടേയും കവ്വായിപുഴയുടെയും സംഗമകേന്ദ്രമായ കുഞ്ഞിമംഗലത്തും, വളപട്ടണം പുഴയോരത്തും, പഴയങ്ങാടി തീരത്തും, ധര്‍മ്മടം, തലശ്ശേരി പുഴത്തീരത്തും, തെക്കുമ്പാട്‌ ദ്വീപിലുമെല്ലാം സമൃദ്ധമായ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ വനങ്ങളും നമുക്കിന്ന്‌ കാണാം. വനംവകുപ്പ്‌ മുന്‍കൈയെടുത്ത്‌ ഈ കണ്ടല്‍ പ്രദേശങ്ങളെ സംരക്ഷിക്കുന്നുമുണ്ട്‌. സുനാമിയുടെ ദുരിതക്കാഴ്‌ചകള്‍ അരങ്ങേറിയപ്പോഴാണ്‌ കണ്ടലെന്ന ജൈവക്കോട്ടയുടെ പരിസ്ഥിതി പ്രാധാന്യം നമ്മള്‍ തിരിച്ചറിഞ്ഞത്‌. എന്നാല്‍ ശാസ്‌ത്രീയ വീക്ഷണങ്ങള്‍ ശക്തമാകുന്നതിന്‌ മുമ്പുതന്നെ കണ്ടലുകള്‍ക്കായി തന്റെ ജീവിതം മാറ്റിവെയ്‌ക്കുകയായിരുന്നു പൊക്കുടന്‍ എന്ന കര്‍ഷകത്തൊഴിലാളി.
എല്ലാ അധ്വാനവും ലാഭത്തിന്റെ അളവുകോല്‍ കൊണ്ട്‌ അളന്ന്‌ തീര്‍ക്കുന്നവര്‍ക്ക്‌ പൊക്കുടന്റെ വിയര്‍പ്പുതുള്ളികളുടെ വില അറിയണമെന്നില്ല. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ലക്ഷക്കണക്കിന്‌ കണ്ടല്‍ ചെടികളാണ്‌ അദ്ദേഹം നട്ടുപിടിപ്പിച്ചത്‌; മക്കളെപ്പോലെ പരിപാലിച്ചത്‌. അതുകൊണ്ടാണല്ലോ കേവലം രണ്ടാംക്ലാസ്‌ മാത്രം പഠിച്ച പൊക്കുടനെത്തേടി `ഭൂമി മിത്ര' പോലുള്ള ഉന്നത പരിസ്ഥിതി പുരസ്‌ക്കാരങ്ങളെത്തിയത്‌. വിദേശത്ത്‌ നിന്നുപോലും പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷണ വിദ്യാര്‍ത്ഥികളും ഈ നാട്ടുമ്പുറത്തുകാരനെ ഇന്നും തേടിയെത്തുന്നു. അവരോടെല്ലാം `കണ്ടല്‍' എന്ന തന്റെ സ്വപ്‌നം അദ്ദേഹം പങ്കുവെക്കുന്നു; ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ത്തന്നെ.
തെളിനീരിലൂടെ തോണിയൂന്നി, അവരോടൊപ്പം കണ്ടല്‍ക്കാടിനിടയിലെത്തി, പിതൃവാത്സല്യത്തോടെ ചെടികളെ തൊട്ടുതലോടുന്ന പൊക്കുടന്‍ വേറിട്ടൊരു അനുഭവമാണ്‌. ഈ നിമിഷങ്ങള്‍ അദ്ദേഹത്തിന്‌ സ്വപ്‌നസാക്ഷാത്‌ക്കാരത്തിന്റേത്‌ കൂടിയാണ്‌.
പൊക്കുടന്‍ പറയുന്നു...
`കണ്ടല്‍ വിത്തുകളും തേടി ചതുപ്പികളിലൂടെയുള്ള എന്റെ യാത്ര മൂലം `ഭ്രാന്തന്‍' എന്ന പഴിവരെ ഞാന്‍ കേട്ടിട്ടുണ്ട്‌. ഇന്നതിന്‌ ഏറെ ഫലമുണ്ടായി.. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കേണ്ടതാണെന്ന്‌ പുതിയ കുട്ടികളില്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുവല്ലോ..'
`പുഴയില്‍നിന്നുമുള്ള ശക്തമായ ശീതക്കാറ്റ്‌, തീരത്തിലൂടെ പോകുന്ന സ്‌ക്കൂള്‍ കുട്ടികള്‍ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കാറ്റ്‌ന്ന്‌ രക്ഷ കിട്ടാനും, മോത(തിര)യടിച്ച്‌ ചിറ തകരുന്നത്‌ തടയുന്നതിനുമാണ്‌ ആദ്യമായി ഞാന്‍ കണ്ടല്‍ നട്ടത്‌.. ചെടികള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ അതൊരു കൗതുകമായി. അങ്ങനെയാണ്‌ കൂടുതല്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയത്‌. ഞാനധികവും നട്ടുവളര്‍ത്തിയത്‌ പീക്കണ്ടല്‍ എന്ന പ്രാന്തന്‍ കണ്ടലാണ്‌. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്തവിധം സൗന്ദര്യമുള്ളതാണീ ചെടി. ഒരു തരം ചെറിയ ആല്‍മരം പോലെ. ഡിസംബറില്‍ പൂക്കും. മേയ്‌മാസം കഴിയുമ്പോഴേക്ക്‌ മുരിങ്ങ പോലെ നീളമുള്ള വിത്തുകള്‍ നിറയും.
തള്ളച്ചെടിയില്‍നിന്നും വീഴുന്ന വിത്ത്‌ ചതുപ്പില്‍ കുത്തിനിന്ന്‌ മുളയ്‌ക്കും. അല്ലാത്തവ മഴവെള്ളത്തിലൂടെ ഒഴുകി, മറ്റൊരിടത്ത്‌ തറഞ്ഞ്‌, മുളച്ച്‌ ചെടിയാകും. ഈ വിത്തുകള്‍ ശേഖരിച്ച്‌ മറ്റ്‌ തീരങ്ങളില്‍ നട്ടുവളര്‍ത്തും വിത്ത്‌ തേടി രാവിലെപോകും, വെള്ളവും കഞ്ഞിയുമൊക്കെ തോണിയില്‍ കരുതും. മുനയും, കനവുമുള്ള വിത്താണ്‌ പ്രാന്തന്‍ കണ്ടലിന്റേത്‌. അതുകൊണ്ട്‌ അധികം ചുമന്ന്‌ നടക്കാന്‍ കഴിയില്ല. കണ്ടല്‍ച്ചെടിയുടെ പൊങ്ങിനില്‍ക്കുന്ന വേരുകള്‍ക്കിടയില്‍നിന്നും വിത്ത്‌ എടുക്കുന്നത്‌ കുറച്ച്‌ ബുദ്ധിമുട്ടാണ്‌, കൂറ്റന്‍ വേരുകള്‍ക്കിടയില്‍ നുഴഞ്ഞ്‌ കടറണം. നഗരങ്ങളില്‍ നിന്നും തട്ടുന്ന സൂചിയും, സിറിഞ്ചും, അറവുമാലിന്യങ്ങളുമെല്ലാം ഇതിനിടയില്‍ കാണാം. `നഗരത്തിന്റെ കുപ്പത്തൊട്ടികളാ'ണ്‌ നമ്മുടെ പുഴയോരങ്ങള്‍ എന്നാണ്‌ പലരുടേയും ഭാവം
എന്റെ പ്രവര്‍ത്തനങ്ങളറിഞ്ഞ്‌; ശാസ്‌ത്രസാഹിത്യപരിഷത്ത്‌, സിക്ക്‌ തുടങ്ങിയ സംഘടനകള്‍ സഹായിക്കാനെത്തി. നാരായണന്‍ കുട്ടി മാഷ്‌, പപ്പന്‍ മാഷ്‌, ടി.പവിത്രന്‍ മാഷ്‌, ജാഫര്‍ പാലോട്ട്‌, ബാബു കാസ്രത്ത്‌ തുടങ്ങിയവര്‍ നിരന്തരം വരികയും എല്ലാ പിന്തുണയും നല്‍കുകയും ചെയ്‌തു. വരുംകാലത്തിനുവേണ്ടി പ്രകൃതിയെ സംരക്ഷിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ട്‌ പോകാന്‍ കഴിയുന്നത്‌ ഇവരുടെയെല്ലാം പിന്തുണ കൊണ്ടാണ്‌.
ആയിരക്കണക്കിന്‌ കണ്ടല്‍ മരങ്ങള്‍ ഇതിനിടയില്‍ ചിലര്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്‌. ചതുപ്പുകള്‍ മണ്ണിറക്കി നികത്തിയിട്ടുണ്ട്‌. എല്ലാം വികസനത്തിനാണെന്നാണ്‌ അവര്‍ പറയുന്നത്‌. നമ്മുടെ പൈതൃകസമ്പത്തിനെയാണിവര്‍ നശിപ്പിക്കുന്നതെന്ന്‌ ഇവരാരും അറിയുന്നില്ലല്ലോ എന്നാണ്‌ സങ്കടം.
പ്രകൃതി കോപിച്ച്‌ നാശം വിതയ്‌ക്കുമ്പോള്‍ നമുക്ക്‌ എന്താണ്‌ ചെയ്യാന്‍ കഴിയുക. വീണ്ടുവിചാരമില്ലാതെ മനുഷ്യര്‍ തീരക്കാടുകളെ നശിപ്പിക്കുന്നു. കോണ്‍ട്രാക്‌ടര്‍മാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും, ഉദ്യോഗസ്ഥന്മാര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ഒരേ മനസ്സാണ്‌, എല്ലാ പച്ചപ്പും നഷ്‌ടമാകുമ്പോള്‍, പ്രകൃതി പിണങ്ങും. സുനാമിപോലുള്ള പേമാരികള്‍ വരും.... ഇതൊന്നും ആരും ഓര്‍ക്കാത്തതെന്താ... വരുന്ന തലമുറകള്‍ക്ക്‌ വേണ്ടിയെങ്കിലും ഈ പച്ചത്തുരുത്തുകള്‍ സംരക്ഷിക്കണമെന്നും കൈമാറണമെന്നുമാണ്‌ എന്റെ സ്വപ്‌നം. ഈ ജീവിതം അതിനുവേണ്ടിയാണ്‌ ഞാന്‍ മാറ്റിവെച്ചിരിക്കുന്നത്‌... കല്ലേന്‍ പൊക്കുടന്‍ എന്നാണ്‌ പേരെങ്കിലും കണ്ടല്‍ പൊക്കുടന്‍ എന്ന്‌ അറിയാനാണ്‌ എനിക്കാഗ്രഹം... പുഴയിറമ്പിലേക്ക്‌ ചാഞ്ഞിരിക്കുന്ന കണ്ടല്‍കൊമ്പിലിരുന്ന്‌ പൊക്കുടന്‍ പറയുന്നു...ആ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ട്‌.
കണ്ടലിന്റെ പ്രാധാന്യം
700 ച.കി.മീ കണ്ടല്‍ കാടുകളായിരുന്നു ഒരു കാലത്ത്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ വെറും 17 ച.കി.മീറ്ററായി ചുരുങ്ങിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലാണ്‌ ഇപ്പോള്‍ കണ്ടല്‍ക്കാടുകള്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്നത്‌. അതും, ചെമ്മീന്‍കെട്ടുകള്‍ക്കും കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്കുമായി ദിനേനെ നശിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഇന്ന്‌ അവശേഷിക്കുന്ന കണ്ടലുകളെയെങ്കിലും സംരക്ഷിക്കേണ്ടത്‌ നമ്മുടേയും വരും തലമുറകളുടേയും ആവശ്യമാണ്‌.
മഴവെള്ളം കടലിലേക്ക്‌ ഒഴുകിപോകുന്നത്‌ തടഞ്ഞ്‌ ഒരു സ്‌പോഞ്ചുപോലെ വെള്ളം ശേഖരിച്ച്‌ വെയ്‌ക്കാന്‍ കണ്ടല്‍ പ്രദേശങ്ങള്‍ക്ക്‌ കഴിയും. ഈ വെള്ളം ക്രമേണ വിട്ടുകൊടുക്കുന്നതിനാല്‍ ഉഷ്‌ണകാലത്ത്‌ പോലും, കണ്ടല്‍ തിങ്ങിയ തീരപ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാവില്ല. മാത്രവുമല്ല ഈ ഭാഗങ്ങളിലെ കിണറുകളില്‍ എപ്പോഴും ശുദ്ധജലം ലഭിക്കുകയും ചെയ്യും. `ഉപ്പൂറ്റി' ഇനത്തില്‍പ്പെട്ട കണ്ടലുകള്‍ ഓരുവെള്ളത്തെ തടയുന്നതാണിതിന്‌ കാരണം. കണ്ടല്‍വെട്ടി മണ്ണിട്ട്‌ നികത്തിയശേഷം പരിസരങ്ങളിലെ കിണറുകളില്‍ ഉപ്പുരസം നിറയുന്നതായാണ്‌ അനുഭവം. മാത്രമല്ല വരള്‍ച്ചയും ശക്തമാണ്‌.
പ്രാന്തന്‍ കണ്ടല്‍ (ഞവശ്വീുവീൃമ ാൗരൃീിീമേ) യുടെ തായ്‌വേരുകള്‍ ചെളിയില്‍ പിടിച്ച്‌ വളരുകയും തിരയില്‍നിന്നും കാറ്റില്‍നിന്നും കരയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപ്പട്ടി (ംവശലേ ാമിഴൃീ്‌ല) പോലുള്ള കണ്ടലുകളാവട്ടെ അധികമുള്ള ഉപ്പിനെ തടയുകയും പുറംതള്ളുകയും ചെയ്യുന്നു. നമ്മുടെ മഴക്കാടുകളെ എത്രയധികം പ്രാധാന്യത്തോടെ ഇന്ന്‌ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവോ, അതിലേറെ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ്‌ കണ്ടലുകള്‍ എന്ന്‌ (ാമിഴൃീ്‌ല)െ വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അടുത്തകാലം വരെ കണ്ടല്‍ പ്രദംശങ്ങളെ ചെളിവെള്ളം നിറഞ്ഞ പാഴ്‌നിലങ്ങളായാണ്‌ കണക്കാക്കിയിരുന്നത്‌. ശാസ്‌ത്രഗവേഷണങ്ങള്‍ പുരോഗമിച്ചതോടെയാണ്‌ ആ സ്ഥിതിക്ക്‌ അല്‍പ്പമെങ്കിലും മാറ്റമുണ്ടായത്‌.. കണ്ടല്‍ച്ചെടികള്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യമാണുള്ളത്‌.
`വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌ പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍നിന്ന്‌, തീരത്തെ സംരക്ഷിക്കുവാന്‍ കണ്ടലുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങള്‍ക്ക്‌ സാധിക്കുന്നു. കണ്ടലിന്റെ നാശം മൂലം ഒറീസ്സയില്‍ ഈയിടെയുണ്ടായ ഭീകരമായ പ്രകൃതിക്ഷോഭം നാം ഓര്‍ക്കേണ്ടതുണ്ട്‌. നഗരമാലിന്യങ്ങളെ ഒരളവോളം സ്വീകരിച്ച്‌ അതിലെ വിഷമൂലകങ്ങളായ കാഡ്‌മിയം, മെര്‍ക്കുറി, ഈയം തുടങ്ങിയവ വലിച്ചെടുത്ത്‌ വെള്ളം ശുദ്ധീകരിക്കാന്‍ കണ്ടല്‍ച്ചെടികള്‍ക്ക്‌ കഴിവുണ്ട്‌. കണ്ടലുകള്‍ വളരുന്ന തണ്ണീര്‍ത്തടങ്ങള്‍ വിവിധതരം സസ്യ ജന്തുവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ്‌. കണ്ടലിന്റെ ഇലകള്‍ വെള്ളത്തില്‍ വീണ്‌ അലിഞ്ഞ്‌ തുടങ്ങിയാല്‍ മല്‍സ്യങ്ങള്‍ക്കുള്ള പ്രധാനഭക്ഷണമായി. ചെമ്മീന്‍, ഇരിമീന്‍, ചൂട്ടാച്ചി തുടങ്ങിയ മത്സ്യങ്ങള്‍ കണ്ണൂരിലെ തീരപ്രദേശങ്ങളില്‍ ഇന്നും സമൃദ്ധമായതിന്‌ പ്രധാനകാരണം കണ്ടലുകള്‍ തന്നെയാണ്‌. കൂടാതെ വിവിധയിനം, നീര്‍പക്ഷികള്‍, ആമകള്‍, മറ്റ്‌ സൂക്ഷ്‌മജീവികള്‍ തുടങ്ങി അതിവിശിഷ്‌ടമായ ഒരു ആവാസവ്യവസ്ഥയാണ്‌ കണ്ടല്‍ തീരങ്ങളില്‍ നിലനില്‍ക്കുന്നത്‌.
ആഴത്തില്‍ വേരുകളാഴ്‌ത്തി, നിബിഡമായ ശാഖകള്‍ വിരിച്ച്‌, ഒരു വന്‍മതില്‍പോലെ തീരത്ത്‌ നില്‍ക്കുന്ന കണ്ടല്‍ക്കൂട്ടങ്ങള്‍ ചുഴലിക്കാറ്റില്‍നിന്നും പേമാരിയില്‍നിന്നും തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നുവെന്ന്‌ ശാസ്‌ത്രലോകം അംഗീകരിച്ചതാണല്ലോ. ചുഴലിക്കാറ്റിന്റെ കെടുതികളില്‍ താറുമാറായ ബംഗ്ലാദേശ്‌ തീരങ്ങള്‍ കണ്ടല്‍ചെടികളാല്‍, സുരക്ഷാകവചം തീര്‍ക്കുകയാണിപ്പോള്‍. ധാരാളം ഇലച്ചാര്‍ത്തുകള്‍ ഉള്ള കണ്ടല്‍ച്ചെടികള്‍ക്കിടയില്‍ ധാരാളം പക്ഷികള്‍ കൂടുകൂട്ടുന്നു. പല കണ്ടലിന്റേയും തളിരിലകളും ഇളം കായ്‌കളും ഭക്ഷ്യയോഗ്യമാണുതാനും. തടി നല്ല വിറകാണ്‌, പണിത്തരങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാം. മരത്തിന്റെ തൊലിക്ക്‌ വ്യാവസായിക പ്രാധാന്യമുണ്ട്‌. ഇവയില്‍നിന്ന്‌ ടാനിന്‍, പശ, ചായം, കൃത്രിമ നാരുകള്‍ തുടങ്ങിയവയും ഉത്‌പാദിപ്പിക്കുന്നു. ഏത്‌ വിധത്തിലും നാമത്‌ സംരക്ഷിച്ചേ മതിയാകൂ... ഇന്നേക്കും വരുംകാലത്തേക്കും...' ജാഫര്‍ പാലോട്ടിനെപ്പോലുള്ള പ്രമുഖ പ്രകൃതി ശാസ്‌ത്രജ്ഞര്‍ കണ്ടലുകളുടെ പ്രാധാന്യത്തെപ്പറ്റി ചൂണ്ടിക്കാണിക്കുന്നതിങ്ങനെയാണ്‌... പൊക്കുടനെപ്പോലെയുള്ള ഒരു കര്‍ഷകത്തൊഴിലാളി തന്റെ ജീവിതം മുഴുവന്‍ കണ്ടലുകള്‍ക്കായി നീക്കിവെക്കുന്നത്‌ ഏറെ പ്രസക്തമാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. കണ്ടലുകളുമായുള്ള സ്വപ്‌നതുല്യവും ഗാഢവുമായ ബന്ധമറിയാന്‍ പൊക്കുടന്റെ ഈ വാക്കുകള്‍ മാത്രം മതി. `കണ്ടല്‍ച്ചെടികള്‍ എനിക്ക്‌ മക്കളെപ്പോളെയാണ്‌. ഞാനവരുടെ അച്ഛനാണെന്ന്‌ അവര്‍ക്കും തോന്നുന്നുണ്ടാവണം....'
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.