Home » » വാറ്റ്‌ ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം: വസ്‌ത്രനിര്‍മാതാക്കള്‍

വാറ്റ്‌ ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം: വസ്‌ത്രനിര്‍മാതാക്കള്‍

Written By Unknown on Saturday, 25 January 2014 | 00:19

കൊച്ചി: തുണിത്തരങ്ങള്‍ക്ക്‌ അഞ്ചു ശതമാനം വാറ്റ്‌ ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നു ഗാര്‍മെന്റ്‌ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ കേരള സംസ്ഥാന പ്രസിഡന്റ്‌ പി.കെ. രാജീവന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ തുണിത്തരങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ്‌ തീരുവ ചുമത്തുന്നുണ്‌ട്‌. കൂടാതെ റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങള്‍ക്കു വില്‍പന നികുതിയായി അഞ്ചു ശതമാനം നികുതി സംസ്ഥാന സര്‍ക്കാരും ഈടാക്കുന്നുണ്‌ട്‌. 

വസ്‌ത്രനിര്‍മാണത്തിന്‌ ആവശ്യമായ എല്ലാ അസംസ്‌കൃത വസ്‌തുക്കളും അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്‌ടുവരേണ്‌ട സാഹചര്യത്തില്‍ വാറ്റ്‌ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധി നേരിട്ടുകൊണ്‌ടിരിക്കുന്ന വസ്‌ത്രനിര്‍മാണ രംഗത്തിനു കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

വസ്‌ത്രനിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്‌ടിക്കാട്ടി ധനകാര്യമന്ത്രിക്ക്‌ അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ചെറുകിട വ്യവസായ വികസന കമ്മീഷണറേറ്റ്‌ രൂപീകരിക്കണം, വ്യവസായത്തിന്റെ വികസനത്തിനായി പ്രത്യേക ഫണ്‌ട്‌ രൂപീകരിക്കണം എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്‌ട്‌. 

ഒരു കോടിയില്‍ താഴെ വിറ്റുവരവുള്ള നിര്‍മാതാക്കളെ വില്‍പ്പന നികുതിയില്‍നിന്ന്‌ ഒഴിവാക്കുക, വസ്‌ത്രനിര്‍മാണ മേഖലയിലെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി കൊച്ചി കേന്ദ്രമായി അന്താരാഷ്‌ട്ര പഠനകേന്ദ്രം തുടങ്ങുക, കണ്ണൂരിലെ കേരള ഗാര്‍മെന്റ്‌സ്‌ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പീഡിത വ്യവസായമായി പരിഗണിച്ചു വൈദ്യുതി ചാര്‍ജില്‍ പ്രത്യേക താരിഫ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്‌ട്‌. ഒന്നര ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ നല്‍കുന്ന സംസ്ഥാനത്തെ വസ്‌ത്രനിര്‍മാണ മേഖലയോടു സര്‍ക്കാര്‍ അവഗണനയാണു പുലര്‍ത്തുന്നതെന്നും രാജീവന്‍ പറഞ്ഞു. എ.കെ. ജയരാജ്‌, സി.എം. അനസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.