Home » » സൂക്ഷ്‌മ ഗണിതവും ഭാവചിന്തയും ജ്യോതിഷത്തിന്റെ അടിസ്ഥാനം കാച്ചിലാട്ട്‌ വാസുദേവപണിക്കര്‍.

സൂക്ഷ്‌മ ഗണിതവും ഭാവചിന്തയും ജ്യോതിഷത്തിന്റെ അടിസ്ഥാനം കാച്ചിലാട്ട്‌ വാസുദേവപണിക്കര്‍.

Written By Unknown on Tuesday, 14 January 2014 | 20:30

``ഏറെക്കാലത്തെ കഠിനതപസ്യയാല്‍ മഹര്‍ഷീശ്വരന്മാര്‍ കണ്ടെടുത്ത്‌ വികസിപ്പിച്ച ശാസ്‌ത്രീയ സത്യമാണ്‌ ജ്യോതിഷം. ആ അതീന്ദ്രീയ പ്രത്യയാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണന്നതിന്‌ നിത്യജീവിതത്തില്‍ നിന്ന്‌ നിരത്താന്‍ തെളിവുകളും ഒട്ടേറെ....'' ദീര്‍ഘകാലത്തെ തന്റെ ജ്യോതിഷാനുഭവങ്ങളെക്കുറിച്ച്‌ `കുങ്കുമ'ത്തോട്‌ മനസ്സ്‌ തുറക്കുകയായിരുന്നു. പ്രമുഖ ജ്യോതിഷിയായ കാച്ചിലാട്ട്‌ വാസുദേവ പണിക്കര്‍.ജ്യോതിഷശക്തി വിളംബരം ചെയ്യുന്ന പ്രത്യയാനുഭവമാണ്‌ `ഗ്രഹണം'. അത്‌ എപ്പോള്‍, ഏത്‌ സമയത്തുണ്ടാകുമെന്ന്‌ കൃത്യമായി പഞ്ചാംഗത്തില്‍ എത്ര നേരത്തെ ഗണിച്ച്‌ വച്ചിരിക്കുന്നു. സൂര്യന്റെ രാശിയില്‍ ചന്ദ്രന്‍ വരണം. സൂര്യസ്‌ഫുടം, ചന്ദ്രസ്‌ഫുടം ഇവ കൃത്യമായിരിക്കണം. ഭൂമിയുടെ നിഴല്‍ സമമായിരിക്കണം. എന്നാലെ ഗ്രഹണം നടക്കൂ. ഗ്രഹണകാലം, മധ്യകാലം, മോചനകാലം ഇതെല്ലാം കൃത്യമായി ഗണിച്ച്‌ പറയുന്നു. അതെല്ലാം ശരിതന്നെയെന്ന്‌ അനുഭവവും സൂചിപ്പിക്കുന്നു.
ഇതേ ജ്യോതിഷചിന്ത, ഇന്ന്‌ മറ്റൊരു വിധത്തില്‍ ആധുനിക ശാസ്‌ത്രകാരന്മാര്‍ അവതരിപ്പിക്കുന്നുവെങ്കിലും, എത്രയോ മുമ്പ്‌ നാമിതിലെ യാഥാര്‍ത്ഥ്യം കണ്ടെത്തിയതല്ലേ- ഇന്ന്‌ മനുഷ്യന്‍ കൃത്രിമമായി ഉപഗ്രഹങ്ങളെ അയക്കുന്നു. അതിന്‌ തലമുണ്ട്‌, ഫോണ്‍, ഇന്റര്‍നെറ്റ്‌ ഇവയൊക്കെ വ്യാപകമായി ഉപയോഗപ്പെടുന്നു. മനുഷ്യ നിര്‍മ്മിതിയായ ഉപഗ്രഹത്തിന്‌ ഈ വിധത്തില്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍, കാലാകാലമായി ദൈവം സൃഷ്‌ടിച്ച്‌ നിലനിര്‍ത്തിപോരുന്ന ഗ്രഹങ്ങള്‍ക്കും, ഉപഗ്രഹങ്ങള്‍ക്കുമെല്ലാം എത്രയധികം ശക്തിയുണ്ടാകും. ഏതെല്ലാം വിധത്തില്‍ അവ നമ്മെ സ്വാധീനിക്കും.
ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ ജ്യോതിഷത്തിന്റെ അപാരമായ കരുത്ത്‌ നാം തിരിച്ചറിയുന്നത്‌. ഈ ശാസ്‌ത്രത്തെ വിമര്‍ശിക്കുന്നവരുണ്ടാകാം. ജ്യോതിഷത്തെക്കുറിച്ച്‌ സാമാന്യജ്ഞാനമെങ്കിലും നേടിയശേഷം വിമര്‍ശിക്കാന്‍ പുറപ്പെടൂ എന്ന്‌ മാത്രമേ എനിക്കവരോട്‌ പറയാനുള്ളൂ.
ഗ്രഹചലനങ്ങള്‍ നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ അനവധി ഉദാഹരണങ്ങള്‍ നിരത്താനുണ്ട്‌. സ്വന്തം അനുഭവം തന്നെ ആദ്യം പറയാം.


ശനിദശയില്‍ ചന്ദ്രോപഹാരം കഴിഞ്ഞ്‌ `ചൊവ്വ' തുടങ്ങുന്ന സമയം - ഒരു കൊല്ലവും ഒരുമാസവും എനിക്ക്‌ വലിയ കഷ്‌ടമായിരിക്കുമെന്ന്‌ വീട്ടിലും സുഹൃത്തുക്കളോടുമെല്ലാം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഫലം അതുതന്നെയായി. ഏറെക്കാലം ആശുപത്രി വാസവുമുണ്ടായി. കഷ്‌ടതയുടെ കാലയളവ്‌ കഴിഞ്ഞശേഷം എനിക്ക്‌ സമാധാനമുണ്ടാവുകയും ചെയ്‌തു.
ശനിദശയില്‍ `ചൊവ്വാപഹാരവും, `ചൊവ്വ'യില്‍ ശനിയുടെ അപഹാരവും വന്നാല്‍, ദീര്‍ഘായുഷ്‌മാനുപോലും മരണമുണ്ടാകാം എന്നാണ്‌ ശാസ്‌ത്രവിധി. പ്രത്യക്ഷവും, അതീന്ദ്രീയ പ്രത്യയവുമായി വസ്‌തുതകളെ അപഗ്രഥിച്ചാല്‍ ജീവിത വിഷമതകളെ കണ്ടെടുക്കാനും ആവുംവിധം പരിഹാര കര്‍മ്മങ്ങള്‍ അനുഷ്‌ടിച്ച്‌ ദോഷശക്തി കുറക്കുകയുമാകാം. ഇന്ദ്രിയങ്ങളും വസ്‌തുക്കളും തമ്മില്‍ ചേരുമ്പോഴുള്ള ജ്ഞാനമാണല്ലോ `പ്രത്യക്ഷം.' ശബ്‌ദം കേള്‍ക്കുക; സൂര്യവെളിച്ചം അറിയുക എന്നതെല്ലാം പോലെ, എന്നാല്‍ അതീന്ദ്രീയ അറിവിന്‌ യോഗവിദ്യതന്നെ ശരണം. ഇത്തരം മേഖലകളിലൂടെ നിരന്തരം യാത്രചെയ്‌താണ്‌ ജ്യോതിഷശാസ്‌ത്രത്തെ മഹര്‍ഷീശ്വരന്മാര്‍ വികസിപ്പിച്ചെടുത്തത്‌. ഇവിടെ, എനിക്ക്‌ സംഭവിക്കാന്‍ പോകുന്ന ദോഷവശങ്ങള്‍ നേരത്തെയറിയാന്‍ കഴിഞ്ഞത്‌, എന്റെ ഗ്രഹനിലകളെ, ജ്യോതിഷ ദര്‍ശന പ്രകാരം വിശകലനം ചെയ്യാന്‍ കഴിഞ്ഞത്‌ കൊണ്ട്‌ മാത്രമാണ്‌.
ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും ജാതകവുമായി എന്റെയരികില്‍ വന്നു. ജാതകം സൂക്ഷ്‌മമായി പരിശോധിച്ചപ്പോള്‍ `മൃത്യു ലക്ഷണം' കണ്ടു. വീട്ടില്‍ അത്യാപത്തിന്റെ സൂചനയും. പറയാതിരിക്കാന്‍ കഴിയില്ലല്ലോ. ഞാനത്‌ പറഞ്ഞു. ഭാര്യ കരയുകയായിരുന്നു. കാരണം കണ്ടലക്ഷണം ശരിയായിരുന്നു. ഭര്‍ത്താവ്‌ പലതവണ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചയാളാണ്‌. ജീവിതവും, മരണവും നാമല്ല നിശ്ചയിക്കുന്നതെന്ന്‌ പറഞ്ഞ്‌, അയാള്‍ക്ക്‌ ചില ഉപദേശങ്ങളും നല്‍കിയാണവരെ അന്ന്‌ പറഞ്ഞയച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.