കോട്ടയം ജില്ലയിലെ ആനിക്കാട്ട് നിന്ന് കോഴിക്കോട്ടെ വാലില്ലാപ്പുഴയിലേക്ക് കുടിയേറിയ കര്‍ഷക കുടുംബമായിരുന്നു എന്റേത്. മരുന്ന് ചെടികളെ കണ്ടും കേട്ടും വളര്‍ന്ന കുട്ടിക്കാലം. പേരുകേട്ട നാട്ടുവൈദ്യനായിരുന്നു വല്യപ്പന്‍ ഇല്ലിക്കല്‍ ഇസഹാക്ക്. ഒറ്റമൂലി ചികിത്സകൊണ്ട് മാറാവ്യാധികള്‍വരെ സുഖപ്പെടുത്തുന്ന വല്യപ്പനെത്തേടി വിദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ എത്തുമായിരുന്നു. വല്യപ്പനില്‍നിന്നുമാണ് ഒറ്റമൂലി ചികിത്സയുടെ ബാലപാഠങ്ങള്‍ എനിക്ക് പകര്‍ന്ന് കിട്ടിയത്. ഇന്ന് എനിക്ക് ആയിരത്തിലധികം പച്ചിലമരുന്നുചെടികളെക്കുറിച്ചറിയാം. ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയാലും അതേക്കുറിച്ച് വിശദമായി പറയാന്‍ കഴിയുന്നതുകൊണ്ടാണ് എല്ലാവരും എന്നെ `ചെടി അമ്മ' എന്നുവിളിക്കുന്നതും. ഗുരു കാരണവന്മാരുടെ അനുഗ്രഹമായി ഞാനിതിനെ കാണുന്നു.
പച്ചിലമരുന്ന് ചികിത്സയെക്കുറിച്ച് അറിയാമെങ്കിലും വാലില്ലാപ്പുഴയില്‍ എത്തി കുറേക്കാലം ഞാന്‍ വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കുകയായിരുന്നു. എനിക്ക് ചികിത്സയറിയാം എന്നറിഞ്ഞ് എന്നെ സജീവരംഗത്തെത്തിച്ചത് താമരശ്ശേരി രൂപതയുടെ `സെന്റര്‍ ഫോര്‍ ഓവര്‍ ഓള്‍ ഡെവലപ്പ്‌മെന്റ്' ഭാരവാഹികളാണ്. മുക്കത്തെ ബി.പി.മൊയ്‌തീന്‍ സേവാമന്ദിര്‍, വിവിധ മഹിളാ സമാജങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യമൊക്കെ പച്ചിലമരുന്നു ചെടികളെക്കുറിച്ച് ഞാന്‍ ക്ലാസ് എടുത്തുതുടങ്ങിയത്. പിന്നീട് കൃഷിമന്ത്രാലയത്തിന്റെ വിവിധ ക്യാമ്പുകളിലും പങ്കെടുക്കാന്‍ തുടങ്ങി. ഒപ്പംതന്നെ ചികിത്സയുമുണ്ടായിരുന്നു. ക്രമേണ എന്നെപ്പറ്റി കേട്ടറിഞ്ഞ് പച്ചിലച്ചെടികളെക്കുറിച്ച് പഠിക്കാനായി ഒട്ടേറെപ്പേര്‍ വീട്ടിലെത്താന്‍ തുടങ്ങി. അതില്‍ ഡോക്‌ടര്‍മാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. ഞാന്‍ നട്ടുവളര്‍ത്തിയ തോട്ടത്തില്‍ എനിക്കറിയുന്നത് അവരോട് ഞാന്‍ പങ്കുവെച്ചു. വലിയ കാര്യമൊന്നും ചെയ്‌തതായി എനിക്ക് അന്നും തോന്നിയിട്ടില്ല; ഇന്നും തോന്നുന്നില്ല.
കോഴിക്കോട് സര്‍വ്വകലാശാല ഔഷധത്തോട്ടം ഉണ്ടാക്കിയപ്പോള്‍ അതിന്റെ പേരുകള്‍ തിട്ടപ്പെടുത്താന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. അതൊരു വലിയ അംഗീകാരമായി ഞാനിന്നും കരുതുന്നു. യൂണിവേഴ്‌സിറ്റിയിലെ `ഫോക്ക്‌ലോര്‍' അക്കാദമി' എന്നെ റിസോഴ്‌സ് പേഴ്‌സണായി അംഗീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനിന്റെ റിസോഴ്‌സ് പേഴ്‌സണായും എന്നെ അംഗീകരിച്ചിട്ടുണ്ട്. മുക്കത്തിനടുത്ത് അരീക്കോട് റോഡിലെ `ഹൈ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി' ആയുര്‍വേദിക് ആശുപത്രിയില്‍ ഒറ്റമൂലി ചികിത്സയുടെ മേധാവിയായി ഈ എണ്‍പതാം വയസ്സിലും എന്നെ നിയോഗിച്ചിരിക്കുകയാണ്. ഇത് എന്റെ കഴിവല്ല, പച്ചമരുന്നുകളുടെ മഹത്വമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. ഇതിനോടകം പച്ചമരുന്ന് ചികിത്സ സംബന്ധിച്ച ചില പുസ്‌തകങ്ങള്‍ എഴുതാനും എനിക്ക് അവസരമുണ്ടായി. എനിക്കറിയാവുന്നത് വരുംതലമുറയ്‌ക്ക് കൂടി പകരാന്‍ കിട്ടിയ ഭാഗ്യമാണിത്.
ആശുപത്രിയില്‍ നിന്ന് കയ്യൊഴിയുന്നവരാണ് ഒറ്റമൂലി ചികിത്സയ്‌ക്കായി എത്തുന്നത്. അങ്ങനെ ഒട്ടേറെപ്പേരെ രക്ഷപ്പെടുത്താനും എനിക്ക് കഴിഞ്ഞു. ദേഹമാസകലം പൊട്ടിയൊലിച്ച് വന്ന ഒരു കുഞ്ഞിനെ ഞാനോര്‍ക്കുന്നു. ആയുര്‍വേദവും അലോപ്പതിയുമൊക്കെ പരീക്ഷിച്ച് കയ്യൊഴിഞ്ഞാണ് ആ കുഞ്ഞുമായി ബന്ധുക്കള്‍ എത്തിയത്. ഒറ്റമൂലി ചികിത്സയിലൂടെ ആ കുഞ്ഞിന്റെ ദീനം ഭേദമായപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ആ കുഞ്ഞിന്റെ അമ്മയുടെ മുഖം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.
ഇപ്പോഴും ഉള്ളുനീറുന്ന ഓര്‍മ്മ എന്റെ ഇളയമകന്‍ ബെന്നിയുടേതാണ്. കോഴിക്കോട് ദേവഗിരി കോളേജില്‍ എം.എയ്‌ക്ക് പഠിക്കുമ്പോഴാണ് മോന് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. പല സ്ഥലങ്ങളിലും പോയി ചികിത്സിച്ചെങ്കിലും മോനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. `അമ്മയുടെ പച്ചമരുന്ന് ചികിത്സ മാത്രമായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടേനെ' മരണത്തിന്റെ അവസാനനാളുകളില്‍ അവന്‍ പറയുമായിരുന്നു..... എല്ലാം ദൈവത്തിന്റെ തീരുമാനങ്ങളല്ലേ- എങ്കിലും ഇന്ന് ഓരോ രോഗിയേയും ചികിത്സിക്കുമ്പോഴും എന്റെ മനസ്സില്‍ മോന്റെ ഓര്‍മ്മയും വാക്കുകളുമാണ് ആദ്യമെത്തുക... ആ ഓര്‍മ്മയിലാണ് ഞാനിന്നും മരുന്നൊരുക്കുന്നത്.'








