വയലാര്‍ കവിതകളോട് അതിയായ സ്‌നേഹവും ആരാധനയുമായിരുന്നു എനിക്ക്. അതിഭാവുകത്വമില്ലാതെ, ജീവിതത്തോട് അത്രയധികം ചേര്‍ന്നുനില്‍ക്കുന്നതായിരുന്നുവല്ലോ ആ കാവ്യലോകം. അതുപോലെതതന്നെ ചങ്ങമ്പുഴയുടെയും, ഒ.എന്‍.വിയുടെയുമെല്ലാം കവിതകളും ഇതേവിധത്തില്‍ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. തലശ്ശേരിക്കടുത്ത് പാട്യം മുതിയങ്ങ ശങ്കരവിലാസം സ്‌ക്കൂളില്‍ അദ്ധ്യാപകനായിരിക്കെ, കവിതകളോടുള്ള എന്റെ മാനസിക അടുപ്പം വിദ്യാര്‍ത്ഥികളുമായും ഞാന്‍ പങ്കുവെച്ചിരുന്നു.
കവിതകള്‍ വായിച്ചറിഞ്ഞും, ചൊല്‍ക്കാഴ്‌ചയായവതരിപ്പിച്ചുമൊക്കെയാണല്ലോ ആസ്വാദകരില്‍ എത്തുന്നത്. ആ പതിവ് രീതിയില്‍നിന്നല്ലാതെ എങ്ങനെ കവിത ആസ്വദിക്കാം, മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം എന്നായി എന്റെ ചിന്ത. വര്‍ഷങ്ങളോളം എന്റെ മനസ്സില്‍ ആ ചിന്തകള്‍ കിടന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടയിലാണ് വരികള്‍ക്ക് മൂര്‍ത്തരൂപം നല്‍കി ശില്‍പ്പങ്ങളൊരുക്കിയാലോ എന്ന വിചാരം കടന്നുവന്നത്. പക്ഷേ, അത് വലിയൊരു വെല്ലുവിളിയായിരുന്നു കാരണം, അല്‍പ്പസ്വല്‍പ്പം ചിത്രങ്ങള്‍ വരയ്‌ക്കുമെന്നല്ലാതെ ശില്‍പ്പനിര്‍മ്മാണത്തെക്കുറിച്ചോ, കൊത്തുപണിയെക്കുറിച്ചോ ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. എങ്കിലും മനസ്സിനുള്ളില്‍ രൂപം കൊണ്ട ചിന്ത പ്രാവര്‍ത്തികമാക്കാന്‍തന്നെ ഞാന്‍ ഉറപ്പിച്ചു.
`ഉജ്ജയനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക, ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ കല്‍പ്രതിമയില്‍ മാലയിട്ടു...' എന്ന ഗാനത്തെ ആധാരമാക്കി ശില്‍പ്പമൊരുക്കാന്‍ ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. പിന്നീട് അതൊരു തപസ്യയായിരുന്നു. ഒടുവില്‍ തേക്കിന്‍തടിയില്‍ ശില്‍പ്പം പൂര്‍ത്തിയായി. അതിന് ലഭിച്ച അഭിനന്ദനവും സ്വീകാര്യതയും മനസ്സ് നിറയ്‌ക്കുന്നതായിരുന്നു. ആ അനുഭവമാണ് ശില്‍പ്പമൊരുക്കാനാവുമെന്ന ആത്മവിശ്വാസം എനിക്ക് പകര്‍ന്നുതന്നത്. തുടര്‍ന്ന്, ചക്രവര്‍ത്തിനീ നിനക്ക് ഞാനെന്റെ ശില്‍പ്പഗോപുരം തുറന്നു, ഒരിടത്ത് ജനനം ഒരിടത്ത് മരണം, പണ്ടൊരു ശില്‍പ്പി പ്രേമശില്‍പ്പി, പമ്പാനദിയുടെ കരയില്‍, പൂര്‍ണ്ണേന്ദുമുഖിയോടൊത്ത്, മാ-നിഷാദ തുടങ്ങിയ ഗാനങ്ങള്‍ക്കും ഒ.എന്‍.വിയുടെ `പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ....', ചങ്ങമ്പുഴയുടെ രമണന്‍ തുടങ്ങിയ കാവ്യനിമിഷങ്ങള്‍ക്കും ശില്‍പ്പരൂപമൊരുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. രാജരവിവര്‍മ്മയുടെ ചെറുമകളും പ്രശസ്‌ത ചിത്രകാരിയുമായ രുഗ്മിണിവര്‍മ്മ എന്റെ ശില്‍പ്പങ്ങള്‍ കാണാനെത്തിയതും അഭിനന്ദിച്ചതും വേറിട്ട അനുഭവമായി ഞാനിന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
ഇന്നും എന്റെ ഉള്ളില്‍ ഒട്ടേറെ കവിതകള്‍ ഇരമ്പിയെത്തുന്നുണ്ട്. അവയ്‌ക്കൊക്കെ ശില്‍പ്പരൂപം പകരണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. പക്ഷേ, ശാരീരിക അവശതകള്‍ വലിയ വെല്ലുവിളിയായിനില്‍ക്കുന്നു. മനസ്സ് മുമ്പേ ഓടുമ്പോള്‍ അതിനനുസരിച്ച് കയ്യും കണ്ണുംകൂടി ഓടിയെത്തണമല്ലോ. എന്റെ ശില്‍പ്പങ്ങള്‍ കാണിച്ചുകൊടുക്കുമ്പോഴും വിശദീകരിക്കുമ്പോഴും ലഭിക്കുന്ന നിര്‍വൃതി വാക്കുകള്‍ക്ക് അതീതമാണ്.







