വിവാഹത്തിനായി ജാതകങ്ങള്‍ പരിശോധിപ്പിക്കാനായി ഒരു കൂട്ടര്‍ എന്റെ അരികില്‍ വന്നു. വധുവിനും വരനും അത്ര വലിയ താത്‌പര്യമില്ല, എന്നാല്‍ ഇരുകുടുംബക്കാര്‍ക്കും വിവാഹം നടത്താന്‍ വലിയ താത്‌പര്യമാണ് താനും. ജാതകം വിചിന്തനം ചെയ്‌തതില്‍ ഒരു വിധത്തിലും തമ്മില്‍ ചേരില്ല എന്ന് ബോധ്യമായി. ഞാനത് എഴുതിനല്‍കുകയും ചെയ്‌തു.
``മുസ്ലിംങ്ങളും, ക്രിസ്‌ത്യാനികളും ജാതകം നോക്കാറില്ലല്ലോ, ഇതും അത്രതന്നെയേ ഉള്ളൂ'' എന്ന് പരസ്യമായി പറഞ്ഞ് അവര്‍ വിവാഹം നടത്തി. ആ ദാമ്പത്യത്തിന്റെ ആയുസ്സ് കേവലം 40 ദിവസം മാത്രമായിരുന്നു; വിവാഹമോചനം നടന്നു.
പറ്റാത്ത ജാതകം ഒരിക്കലും ചേര്‍ക്കാന്‍ ശ്രമിക്കരുത്. ശ്രദ്ധാപൂര്‍വ്വം ഗണിച്ച് അഭിപ്രായം പറയണം. കാരണം രണ്ട് ജീവിതങ്ങളെ ബാധിക്കുന്ന വസ്‌തുതയാണിത്. ജാതകചിന്തയില്‍ `മധ്യമം' വേണ്ട എന്ന് തന്നെയാണ് എന്റെ പക്ഷം. അതില്‍ `ഉത്തമം' മാത്രമേയുള്ളൂ. ബാക്കിയുള്ളതെല്ലാം `അധമം' തന്നെയാണ്. തന്റെ മുന്നില്‍ ഇരിക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞ് മാറാനായി ഒരിക്കലും ജ്യോതിഷി `മധ്യമ' പ്രയോഗം നടത്തരുത്.
ജാതകചിന്ത നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കണക്കുകള്‍ കൂട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. നേരിയ വ്യത്യാസങ്ങള്‍ പോലും ഏറെ ഫലവ്യതിയാനങ്ങള്‍ ഉണ്ടാക്കും. `ചൊവ്വാദോഷ'മില്ലാതെ ആ ദോഷം പേറേണ്ടി വന്നവരെയെനിക്കറിയാം.
ഏഴാം ഭാവത്തില്‍ ചൊവ്വയുള്ള സ്‌ത്രീജാതകവുമായി, കുട്ടിയുടെ സഹോദരനാണ് എന്റെയരികില്‍ വന്നത്. വിവാഹം നടക്കുന്നില്ല എന്നതായിരുന്നു പ്രശ്‌നം. ഗണിച്ച് നോക്കിയപ്പോള്‍ ജാതകത്തില്‍ പിശകുള്ളതായി കണ്ടു. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പുതിയ ജാതകം കൊണ്ട്വരാന്‍ ഞാനയാളോട് പറഞ്ഞയച്ചു. കംപ്യൂട്ടര്‍ ജാതകത്തില്‍ ഫലനിരൂപണം തെറ്റാറുണ്ടെങ്കിലും, ഗണിതം കൃത്യമായിരിക്കും. ആ രണ്ട് ജാതകവും വെച്ച് സൂഷ്‌മമായി പരിശോധിച്ചപ്പോള്‍, ചൊവ്വാദോഷമാ ജാതകത്തിലില്ലെന്ന് വ്യക്തമായി. അത് ശുദ്ധജാതകമായിരുന്നു. ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ കുട്ടികളുമായി - അശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ ഇല്ലാത്ത ദോഷങ്ങള്‍ ജാതകത്തില്‍ ഉള്ളതായി ജ്യോതിഷി കണ്ടെത്തുമെന്ന യാഥാര്‍ത്ഥ്യം വിസ്‌മരിക്കരുത്. ഭാവചിന്ത ശരിയായിരിക്കണം. ഒപ്പം ഗണിതവും. അലക്ഷ്യമായി ഈ ശാസ്‌ത്രത്തെ സമീപിക്കരുതെന്ന് ചുരുക്കം.
തെളിയാത്ത പല കേസുകളും തെളിയിക്കാനായി തുമ്പുകള്‍ തേടി പോലീസുദ്യോഗസ്ഥര്‍ ജ്യോതിഷികളുടെ സഹായം തേടാറുണ്ട്. അത്തരം ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുമുണ്ട്. അതിലൊന്ന് ഇപ്പോഴും മനസ്സിലുണ്ട്.
എറണാകുളത്തെ സമ്പന്നനായ ഒരു എസ്റ്റേറ്റുടമയും, ഭാര്യയും മക്കളും വീട്ടുമുറ്റത്തെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുറിവേറ്റാണ് മരണം. ഏതെല്ലാം വിധത്തില്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ആ സമയത്താണ് ഉന്നതനായ പോലീസുദ്യോഗസ്ഥന്‍ (അദ്ദേഹത്തിന്റെ പേര് ബോധപൂര്‍വ്വം പരാമര്‍ശിക്കുന്നില്ല) ഇവിടെ വന്നത്- ഗണിച്ച് നോക്കിയപ്പോള്‍ എസ്റ്റേറ്റുടമതന്നെ ഭാര്യയേയും മക്കളേയും കൊന്നശേഷം, സ്വയം മുറിവേല്‍പ്പിച്ച് കിണറില്‍ ചാടിയതായി കണ്ടു, ഞാനീ വസ്‌തുത കാര്യകാരണ സഹിതം അദ്ദേഹത്തെ ധരിപ്പിച്ചു.
പോലീസുകാര്‍ ആ വിധത്തില്‍ അന്വേഷണമാരംഭിച്ചു. ഒടുവിലത് തന്നെ ശരിയെന്ന് തെളിഞ്ഞു. ഭാര്യയും മക്കളും മരണമടഞ്ഞത്, ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ടായിരുന്നുവെന്ന് ശാസ്‌ത്രീയ നിഗമനവുമുണ്ടായി. ഇതെല്ലാം മഹത്തായ ജ്യോതിഷ ശാസ്‌ത്രത്തിന്റെ ആധികാരികതയിലേക്കും, വിശ്വാസ്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
ഈ ശാസ്‌ത്രത്തിന്റെ കീര്‍ത്തി നഷ്‌ടപ്പെടുത്തുന്നവരിലോ തീര്‍ച്ചയായുമുണ്ട്. കള്ളനാണയങ്ങളാണ് എപ്പോഴും ചൈതന്യം നഷ്‌ടമാക്കുന്നത്. അവര്‍ ഗണിതങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്താറില്ല. ഫലം പറയുമ്പോള്‍ കുറേയേറെ കൂട്ടിച്ചേര്‍ത്ത് പറയുകയും ചെയ്യും. അതാണീശാസ്‌ത്രം അബദ്ധമാണെന്ന ധാരണ വരുത്തുന്നത്-
സൂഷ്‌മമായി വിശകലനം ചെയ്‌ത് സ്വല്‍പ്പം മാത്രം പറഞ്ഞാല്‍ മതി - സ്വല്‍പ്പമായാല്‍ തന്നെ അത് അര്‍ത്ഥബഹുലമാണ് - അതാണ് ജ്യോതിഷത്തിന്റെ മഹത്വം...







