Home » » ജീവിത യാത്രയും ഗ്രഹസൂചനകളും - പ്രൊഫ.പി.ജി. നമ്പീശന്‍.

ജീവിത യാത്രയും ഗ്രഹസൂചനകളും - പ്രൊഫ.പി.ജി. നമ്പീശന്‍.

Written By Unknown on Tuesday, 14 January 2014 | 20:33

``ജ്യോതിഷവും ഒപ്പം ഗണിതവും നന്നായി പഠിച്ചിരിക്കണം. സത്യവാനും സദാചാരനിഷ്‌ഠ പാലിക്കുന്നവനുമാകണം. ഗ്രഹങ്ങളേയും അവയുടെ ചലന സമ്പ്രദായങ്ങളേയും മനസ്സിലാക്കി ഉപാസിക്കുന്നവനും, വേദഗ്രന്ഥങ്ങള്‍ നിരന്തരം പഠിക്കുന്നവനുമാകണം. സര്‍വ്വോപരി മുഖമുദ്ര വിനയമാകണം - ഒരു ഉത്തമ ദൈവജ്ഞന്റെ പ്രത്യക്ഷ ലക്ഷണമാണിത്‌. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഇത്തരത്തിലുള്ളവരെ കണ്ടെത്താന്‍ ഇന്നേറെ പ്രയാസമായിരിക്കുന്നു...പ്രശസ്‌തിക്കും ധനസമ്പാദനത്തിനും മാത്രമുള്ള ഒരു മാര്‍ഗ്ഗമായി ഈ രംഗത്തെ കാണുന്നവര്‍ മഹത്തായ ഒരു ശാസ്‌ത്രത്തെയാണ്‌ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്നത്‌.''ജ്യോതിഷ പണ്ഡിതനായ പ്രൊഫ.പി.ജി. നമ്പീശന്‍ സംസാരിക്കുകയായിരുന്നു. ജ്യോതിഷമൊരിക്കലും അന്ധമായ ശാസ്‌ത്രമല്ല. മനുഷ്യമനസ്സിനെ ശക്തമാക്കി, സത്യസന്ധമായി കാര്യങ്ങള്‍ ധരിപ്പിക്കുകയും, ദോഷങ്ങള്‍ അനുഭവിപ്പിക്കാതെ പരിഹാരം കാണുകയുമാണ്‌ ജ്യോതിഷചിന്തകളുടെ യഥാര്‍ത്ഥ ലക്ഷ്യം. ഒരു വ്യക്തിയുടെ ജീവിതകാലത്തിനിടയിലെ അടിസ്ഥാനപരമായ ദോഷങ്ങള്‍ കണ്ടെത്താനും, ഒരു പരിധിവരെ അത്‌ പരിഹരിക്കാനും ജ്യോതിഷശാസ്‌ത്രം സഹായിക്കും. ശാസ്‌ത്രീയമായ അപഗ്രഥനങ്ങള്‍ വഴി, ജനനം മുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഒരു ജ്യോതിഷിക്ക്‌ കഴിയും. അതിന്‌ ശരിയായ പഠനവും, ചിന്താശീലവും വേണം. ദൈവം നല്‍കിയ പ്രതിഭ വേണ്ടതുപോലെ ഉപയോഗിക്കണമെന്ന്‌ ചുരുക്കം.
ജാതകം വിശകലനം ചെയ്യുമ്പോള്‍ ഒരിക്കലും സേവ പറയരുത്‌. വ്യക്തമായ വസ്‌തുതകള്‍ ധരിപ്പിക്കുകയാണ്‌ വേണ്ടത്‌. മറുഭാഗത്തുള്ളവര്‍ വേദനിക്കാതെ, യാഥാര്‍ത്ഥ്യം ഭംഗിയുള്ള വാക്കില്‍ പറയുക. ഇത്‌ വിഷമമായിരിക്കും പക്ഷേ പറഞ്ഞേപറ്റൂ. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നിരിക്കട്ടെ, യാഥാര്‍ത്ഥ്യം പറയാതിരിക്കുവാന്‍ കഴിയുമോ: അതെങ്ങനെ മയപ്പെടുത്തി ബന്ധുക്കളെ അറിയിക്കുമോ, അതേവിധം, ജാതക വിശകലനത്തില്‍ തെളിഞ്ഞ അപ്രിയ യാഥാര്‍ത്ഥ്യങ്ങളും ജ്യോതിഷി ധരിപ്പിക്കേണ്ടതുണ്ട്‌.

ഒരിക്കല്‍ ഒരു ഗൃഹത്തില്‍ അഷ്‌ടമംഗല പ്രശ്‌നം നടത്തവേ, കണ്ട നിമിത്തങ്ങള്‍ ഒട്ടേറെ ദോഷങ്ങളെയാണ്‌ സൂചിപ്പിച്ചത്‌. ഗ്രഹസാന്നിദ്ധ്യങ്ങള്‍ പരിശോധിച്ച്‌, ആ വീട്ടില്‍ ആത്മഹത്യാപ്രവണതയുള്ളയാള്‍ ഉണ്ടെന്ന്‌ പറയേണ്ടിവന്നു. വീട്ടുടമസ്ഥനത്‌ നിഷേധിച്ചു. അപകടസമയമാണ്‌ ശ്രദ്ധിക്കണമെന്ന്‌ ഞാനും സൂചിപ്പിച്ചു. അഷ്‌ടമംഗലപ്രശ്‌നം കഴിഞ്ഞശേഷം വീട്ടുകാര്‍ ഞാന്‍ പറഞ്ഞത്‌ സമ്മതിച്ചു. മകന്റെ ഭാര്യ ആത്മഹത്യക്ക്‌ ശ്രമിച്ചതാണ്‌. അക്കാര്യം മറ്റാരുമറിയാതിരിക്കാനാണവര്‍ അപ്പോള്‍ നിഷേധിച്ചത്‌. ശാസ്‌ത്രീയമായി അപഗ്രഥിച്ചാല്‍ ഈവിധത്തില്‍ യഥാര്‍ത്ഥ്യം തെളിഞ്ഞ്‌, തെളിഞ്ഞ്‌ വരുമെന്നതിന്‌ നിരത്താന്‍ ഉദാഹരണങ്ങള്‍ നിരവധിയാണ്‌.
ബോംബെയിലെ പ്രമുഖനായ ഒരു മലയാളി വ്യവസായിയുടെ ജാതകത്തില്‍ ദുര്‍മരണമടക്കം ദോഷങ്ങള്‍ തെളിഞ്ഞ്‌ കാണുന്നുണ്ടെന്ന്‌ അവരുടെ ബന്ധുക്കളെ ഞാന്‍ ധരിപ്പിച്ചിരുന്നു. ബിസ്‌ക്കറ്റ്‌ വ്യവസായരംഗത്തെ പ്രമുഖനായിരുന്നു ആ മലയാളി. അദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്‌ എന്നെ താംബൂലപ്രശ്‌ന ചിന്തക്കായിക്ഷണിച്ചത്‌. വളരെ ദോഷങ്ങള്‍ കാണുന്നു, അടിയന്തര പരിഹാരക്രിയകള്‍ നടത്തണം. അഷ്‌ടമംഗല പ്രശ്‌നം വെച്ച്‌ വേണം പരിഹാരക്രിയകള്‍ കണ്ടത്തേണ്ടത്‌ എന്തെല്ലാം ഞാന്‍ സൂചിപ്പിച്ചിരുന്നു.
നിര്‍ഭാഗ്യവശാല്‍ പരിഹാരക്രിയകള്‍ വേണ്ടവിധത്തില്‍ നടത്താന്‍ കഴിഞ്ഞില്ല. ഓരോരോ തടസ്സങ്ങള്‍ ഉയര്‍ന്നു വന്നു. താംബൂല പ്രശ്‌നത്തില്‍ കണ്ട പരിഹാര നിവൃത്തിക്കായിവന്ന തന്ത്രിക്കും മകനും ചിക്കന്‍ പോക്‌സ്‌ വന്നു, പൂജനീണ്ടുപോയി.... താംബൂല വിചിന്തനത്തില്‍ കണ്ട ദുര്‍നിമിത്തങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്‌തു.
ഇതുപോലെ അവിസ്‌മരണീയമായ അനുഭവമാണ്‌ ഇന്ദിരാഗാന്ധിയുടേയും രാജീവ്‌ ഗാന്ധിയുടേയും ജാതകം നോക്കാന്‍ ഇടവന്നപ്പോഴുമുണ്ടായത്‌. ഇരുവര്‍ക്കും `ആകസ്‌മിക മരണ'മെന്നാണ്‌ വസ്‌തുതകള്‍ നല്‍കിയ സൂചന. അവ മറച്ചുവെക്കാനാവില്ല, നേരിട്ട്‌ പറയുന്നതുമെങ്ങനെ. ഒടുവില്‍ ഗ്രഹസൂചനകള്‍ ഞാന്‍ പറയുകതന്നെ ചെയ്‌തു. അന്ന്‌ വിദേശകാര്യമന്ത്രിയായിരുന്ന നട്‌വര്‍ സിംഗിന്റെ ക്ഷണപ്രകാരമാണ്‌ ഞാന്‍ ദല്‍ഹിയിലേക്ക്‌ പോയതും, ജ്യോതിഷ വിശകലനം നടത്തിയതും. പില്‍ക്കാലത്ത്‌ ഈ കണ്ടത്തെലുകള്‍ യാഥാര്‍ത്ഥ്യമായി. ജ്യോതിഷ ശാസ്‌ത്രത്തിന്റെ ശക്തിയിലേക്കാണിത്‌ വിരല്‍ചൂണ്ടുന്നത്‌.
രോഗചിന്തയും ജ്യോതിഷവും
വൈദ്യശാസ്‌ത്രം ഇന്നേറെ പുരോഗമിച്ചിരിക്കുന്നു. അതേസമയം രോഗചിന്തയില്‍ ജ്യോതിഷത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്ന ഡോക്‌ടര്‍മാരുടെ എണ്ണവും ഒട്ടേറം വര്‍ദ്ധിച്ചിരിക്കുന്നു. രോഗസ്ഥാനങ്ങളെ തിരിച്ചറിഞ്ഞ്‌, അതിനുള്ള പരിഹാരം കൂടി തേടിക്കൊണ്ട്‌ വേണം ഔഷധസേവ എന്നാണവരുടെ പക്ഷം. ജ്യോതിഷ ചിന്തകള്‍ അന്ധവിശ്വാസമല്ല എന്ന്‌ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ വികാസം.
പ്രകൃതി നിയമങ്ങളെ അതിലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. ജാതകം നോക്കി, ഒരാള്‍ എപ്പോള്‍ മരിക്കും, മരിക്കില്ല എന്നൊന്നും പറയാന്‍ ആര്‍ക്കും കഴിയില്ല. അതേസമയം രോഗങ്ങള്‍ ഏത്‌ വിധത്തില്‍ വന്നു എന്ന്‌ ചിന്തിക്കാന്‍ കഴിയും. ഭാവവും, ഭാവാധിപനും, അവിടെനില്‍ക്കുന്ന പാപഗ്രഹങ്ങളേയും ക്ഷുദ്രഗ്രഹങ്ങളേയുമെല്ലാം, ആഴത്തില്‍ അപഗ്രഥിച്ചാല്‍, ശരീരത്തിന്റെ ഏത്‌ ഭാഗത്താണ്‌ രോഗം ബാധിച്ചിരിക്കുന്നത്‌, എന്നതുവരെ മനസ്സിലാക്കാന്‍ കഴിയും. ഇക്കാര്യങ്ങള്‍ക്കായി ജാതകവും നോക്കും. പ്രശ്‌നചിന്തയും നടത്തേണ്ടിവരും.
ചൊവ്വയും ജാതകവും
ജ്യോതിഷ വിശകലന ...റ്റി സംസാരിക്കുമ്പോള്‍, ചൊവ്വയുടെ അപഹാരം നിത്യജീവിതത്തില്‍ ബാധിക്കുന്നതിനെപറ്റി ഏറെ സംശയങ്ങള്‍ ഉയര്‍ന്ന്‌ വരാറുണ്ട്‌. വിവാഹജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോഴാണ്‌ `ചൊവ്വ'യെ പലരും ഓര്‍ക്കാറുള്ളതെങ്കിലും, സ്വഭാവരൂപീകരണത്തില്‍ പോലും നിര്‍ണായക പങ്ക്‌ `ചൊവ്വ' വഹിക്കുന്നുണ്ട്‌.
പൊതുവെ ഒരു ജാതകനില്‍, ചൊവ്വയും ആദിത്യനും ബലവാനായി വന്നാല്‍ താന്‍ ശക്തനാണെന്ന തോന്നലും അതിരു കവിഞ്ഞ ആത്മവിശ്വാസവുമുണ്ടാകും. നിയന്ത്രിക്കാനാവാത്തവിധം ക്ഷോഭവുമുണ്ടാകും. സാഹിത്യകാരന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പൊതുരംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന പ്രമുഖനായൊരു വ്യക്തിയുടെ ജാതകം ഇതിനുദാഹരണമാണ്‌. `ശനിദൃഷ്‌ടിയോടെ ചൊവ്വ നിന്നാല്‍ വിവാഹം നടക്കില്ല' എന്നാണ്‌ ശാസ്‌ത്രം-എന്തായാലും അദ്ദേഹമിതുവരെ വിവാഹം കഴിച്ചിട്ടുമില്ല.
അഷ്‌ടമത്തില്‍ ചൊവ്വ ഒരു സ്‌ത്രീജാതകത്തില്‍ കണ്ടാല്‍, വൈധവ്യദോഷം പറയണമെന്നാണ്‌. അതിന്‌ പരിഹാരം ഏഴിലെ ചൊവ്വയുള്ള പുരുഷ ജാതകമാണ്‌. സമകാലികരാണെങ്കില്‍ മരണാനുഭവമാണഅ വിധി. `ലഗ്ന സ്‌ഫുടത്തിന്റെ ഡിഗ്രിയില്‍, എട്ടാമത്തെ രാശിയില്‍, അതേരാശിയില്‍ തന്നെ ചൊവ്വ വരും! ഇതാണ്‌ സമകാലികം. ഇത്തരക്കാരില്‍ ഏഴിലെ ചൊവ്വവന്നിട്ടും ഫലമില്ല. ജീവിക്കുന്ന കാലത്തോളം സുഖമായിട്ടിരിക്കും. ചിലപ്പോള്‍ സന്താനങ്ങളുണ്ടാകാം. എന്നാല്‍ ദാമ്പത്യ ദൈര്‍ഘ്യം കുറവായിരിക്കും. ഇത്തരം ജാതകങ്ങള്‍ കണ്ടാല്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുക തന്നെ വേണം.
ജാതക ചേര്‍ച്ച ഉണ്ടായതുകൊണ്ട്‌ മാത്രം കുടുംബജീവിതം നന്നാവില്ല. അതിന്‌ സ്‌നേഹം വേണം, പരസ്‌പര വിശ്വാസവും വിട്ടുവീഴ്‌ചാ മനോഭാവവും വേണം. എത്ര നല്ല ജാതകമായാലും സ്വഭാവവിശേഷമാണ്‌ പ്രധാനം-
ഇത്രയും കാര്യങ്ങള്‍ വിശദമായി പറയുമ്പോള്‍ ഒരു വസ്‌തുതകൂടി ചേര്‍ക്കേണ്ടതുണ്ട്‌. ജാതകത്തിലും ജ്യോതിഷത്തിലും നൂറ്‌ ശതമാനം ഒരിക്കലും വിശ്വസിക്കരുത്‌' എന്നാണാ വസ്‌തുത. കാരണം അത്‌ നയിക്കുക അന്ധവിശ്വാസത്തിലേക്കായിരിക്കും. മനസ്സിന്റെ ശക്തികൊണ്ടും, ആത്മവിശ്വാസം കൊണ്ടും കുറേയേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക്‌ കഴിയും....കഴിയണം!''

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.