Home » » ഗുണ്‌ടര്‍ട്ടിന്റെ 200- ജന്മദിനാഘോഷത്തിനു തലശേരിയില്‍ തുടക്കം

ഗുണ്‌ടര്‍ട്ടിന്റെ 200- ജന്മദിനാഘോഷത്തിനു തലശേരിയില്‍ തുടക്കം

Written By Unknown on Tuesday, 4 February 2014 | 04:26

തലശേരി: മലയാളികള്‍ക്കു നിഘണ്‌ടുവും വ്യാകരണവും സമ്മാനിച്ച്‌ ആധുനിക വിദ്യാഭ്യാസത്തിന്റെ വാതില്‍ തുറന്നുകൊടുത്ത ജര്‍മ്മന്‍ മിഷനറി ഡോ. ഹെര്‍മന്‍ ഗുണ്‌ടര്‍ട്ടിന്റെ ഇരുന്നൂറാം ജന്മദിനാഘോഷത്തിന്റെ ആഹ്ലാദത്തിലാണു പൈതൃക നഗരിയായ തലശേരി. ആറു ദിവസം നീണ്‌ടുനില്‍ക്കുന്ന ജന്മദിനാഘോഷം  സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും.

തെക്കന്‍ ജര്‍മ്മനിയിലെ വ്യാപാരിയായിരുന്ന ലുഡ്വിഗ്‌ ഗുണ്‌ടര്‍ട്ടിന്റേയും ക്രിസ്റ്റീന എന്‍സിലിന്റേയും മകനായി 1814 ഫെബ്രുവരി നാലിനാണു ഗുണ്‌ടര്‍ട്ടിന്റെ ജനനം. പതിനാല്‌ വയസായപ്പോഴേക്കും ജര്‍മന്‍, ഗ്രീക്ക്‌, ലാറ്റിന്‍, ഹീബ്രു ഭാഷകള്‍ പഠിച്ച ഗുണ്‌ടര്‍ട്ട്‌ 1835 ലാണു ഭാരതത്തിലെത്തുന്നത്‌. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മതപ്രചാരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സാന്നിധ്യമറിയിച്ച അദ്ദേഹം തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ഈ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്‌തു.

ആ കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ വച്ചു പരിചയപ്പെട്ട സ്വന്തം നാട്ടുകാരിയായ ജൂലിയെ വിവാഹം കഴിച്ചു. തുടര്‍ന്നു മംഗലാപുരം, തലശേരി എന്നിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതോടെ തുളു, കന്നട, മലയാളം ഭാഷകളില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഇന്‍സ്‌പെക്ടറായി 1839 ല്‍ തലശേരിയില്‍ എത്തി സ്ഥിരതാമസമാക്കിയ ഡോ. ഗുണ്‌ടര്‍ട്ട്‌ മലയാളനാടിനും മലയാളഭാഷയ്‌ക്കും നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്തതാണ്‌.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ ആധുനിക വിദ്യാഭ്യാസം നല്‍കി ഗുണ്‌ടര്‍ട്ടും ഭാര്യയും പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിനുതന്നെ തലശേരിയുടെ മണ്ണില്‍ തുടക്കംകുറിച്ചു. തലശേരി ഇല്ലിക്കുന്നിലെ ബംഗ്ലാവിലായിരുന്നു താമസം. അവിടെ താമസമാക്കി ഒരു മാസത്തിനുള്ളില്‍ത്തന്നെ ബംഗ്ലാവിന്റെ വരാന്തയില്‍ അദ്ദേഹം മലയാളം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്കും അതിനിടെ ഗുണ്‌ടര്‍ട്ട്‌ ആഴ്‌ന്നിറങ്ങി. കേരളോല്‍പ്പത്തി, കേരളപ്പഴമ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച്‌ അച്ചടിക്കുകയും ആയിരം പഴഞ്ചൊല്ലുകള്‍ സമാഹരിക്കുകയും ചെയ്‌തു. വടക്കന്‍ പാട്ടുകളുടെ സമാഹാരവും പശ്ചിമോദയവും പഞ്ചാംഗവുമെല്ലാം ഗുണ്‌ടര്‍ട്ട്‌ മലയാള ഭാഷയ്‌ക്കു സമര്‍പ്പിച്ചു.

പഴയതും പുതിയതുമായ ബൈബിളിന്റെ പരിഭാഷ തയാറാക്കി. സങ്കീര്‍ത്തനങ്ങള്‍ രചിക്കുകയും നളകഥയെഴുതുകയും ചെയ്‌തു. നിഘണ്‌ടുവിലെ പദാവലികള്‍ക്കായി ഗുണ്‌ടര്‍ട്ട്‌ ജര്‍മനിയിലേക്കു കൊണ്‌ടുപോയ ഗ്രന്ഥശേഖരം അവിടത്തെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ ഇന്നും സൂക്ഷിക്കുന്നു. പഴശി രാജാവിന്റെ കൈയെഴുത്ത്‌ ശേഖരവും ഇവിടെയുണെ്‌ടന്നാണ്‌ ചരിത്രകാരന്മാര്‍ ചൂണ്‌ടിക്കാട്ടുന്നത്‌. ജര്‍മനിയിലെ നാഗോള്‍ഡ്‌ നദിയുടെ തീരത്ത്‌ കാള്‍വ്‌ എന്ന കൊച്ചു പട്ടണത്തിലായിരുന്നു ഗുണ്‌ടര്‍ട്ട്‌ അവസാന കാലം കഴിച്ചുകൂട്ടിയത്‌. 1893 ഏപ്രില്‍ 25 ന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു.

മഹാനായ ആ മിഷനറി മൂന്നു പതിറ്റാണ്‌ടു കാലം താമസിച്ച തലശേരി ഇല്ലിക്കുന്നിലെ ഗുണ്‌ടര്‍ട്ട്‌ ബംഗ്ലാവ്‌ ഇന്നു തകര്‍ച്ചയുടെ വക്കിലാണ്‌. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപമുള്ള ഗുണ്‌ടര്‍ട്ടിന്റെ പ്രതിമയും പാര്‍ക്കും ഗുണ്‌ടര്‍ട്ട്‌ റോഡുമാണ്‌ അദ്ദേഹത്തിന്റെ സ്‌മാരകമായി തലശേയില്‍ കാണാനുള്ളത്‌. ഗുണ്‌ടര്‍ട്ട്‌ തലശേരിയില്‍നിന്നു പോയിട്ട്‌ ഒന്നര നൂറ്റാണ്‌ട്‌ പിന്നിട്ടിട്ടും തലശേരിയുമായി അഭേദ്യമായ ബന്ധമാണ്‌ ഗുണ്‌ടര്‍ട്ടിന്റെ പിന്‍തലമുറക്കാര്‍ ഇന്നും സൂക്ഷിക്കുന്നത്‌. ഇതിന്റെ ഉദാഹരണമായിരുന്നു 2002 ല്‍ തലശേരിയില്‍ നടന്ന ഹെര്‍മന്‍ ഹെസെ ഫെസ്റ്റിവല്‍.

തലശേരിയിലെ ഗുണ്‌ടര്‍ട്ടിന്റെ താമസക്കാലത്ത്‌ അദ്ദേഹത്തിനു പിറന്ന മകള്‍ മേരിയുടെ പുത്രനാണു പിന്നീടു ലോക പ്രശസ്‌തനായ നോവലിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായി മാറിയ ഹെര്‍മന്‍ ഹെസെ. ഗുണ്‌ടര്‍ട്ടിന്റെ ഓര്‍മയ്‌ക്കായി കാള്‍വ്‌ യൂണിവേഴ്‌സിറ്റി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.