തിരുവനന്തപുരം: ഒഞ്ചിയത്തെ രക്തസാക്ഷിയുടെ
ഓര്‍മകള്‍ക്കു മുമ്പില്‍ വിതുമ്പലുകള്‍ ഒതുക്കി ടി.പി. ചന്ദ്രശേഖരന്റെ
ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ സെക്രട്ടേറിയറ്റിനു മുന്നില്‍
അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ടി.പി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചു
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്‌ടാണ് രമ അനിശ്ചിതകാല നിരാഹാരസമരം
ആരംഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നിനു പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി യശേഷം ഇരുന്നൂറോളം ആര്‍എംപി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ രമ എത്തിയത്. പിതാവ് മാധവനും ഒപ്പമുണ്‌ടായിരുന്നു. സമരപ്പന്തലിനു മുന്നിലും രമയെ സ്വീകരിക്കാന്‍ ധാരാളം പേര്‍ കാത്തുനിന്നു.
സിപിഎമ്മില്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പൊതുജനമധ്യത്തിലും കാര്യങ്ങള്‍ തുറന്നുപറഞ്ഞതുകൊണ്‌ടാണ് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതെന്നു പറഞ്ഞ ആര്‍എംപി നേതാക്കള്‍, വധത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്‌ടുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ കെ.കെ. രമ നിരാഹാരം അനുഷ്‌ഠിക്കുമെന്നു പ്രഖ്യാപിച്ചു. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതു മുതല്‍ ഇന്നുവരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പിന്തുണ രമയ്‌ക്കും ആര്‍എംപിക്കും ലഭിച്ചിട്ടുണ്‌ട്. വിഎസിന്റെ ഈ നിലപാടു സിപിഎമ്മിനു കൊലപാതകത്തില്‍ നേരിട്ടു പങ്കുണെ്‌ടന്നു സൂചിപ്പിക്കുന്നതാണെന്നും സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന്‍ പൊടിക്കൈയാണെന്നും ആര്‍എംപി നേതാവ് എന്‍. വേണു പറഞ്ഞു. കേസിലെ പ്രതികള്‍ക്കു മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്‌ടര്‍ ജേക്കബിന്റെ സഹായത്തോടെ ജയിലില്‍ രാജകീയ സുഖമാണു ലഭിച്ചത്. കേസില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുമ്പോഴും പ്രതികളെ രക്ഷിക്കാന്‍ പ്രശസ്‌തരായ അഭിഭാഷകര്‍ക്കു കോടികള്‍ നല്‍കി സിപിഎം രംഗത്തിറക്കി. കേരള രക്ഷായാത്രയെന്ന പേരില്‍ പിണറായി വിജയന്‍ നടത്തുന്നതു കൊലയാളിരക്ഷായാത്രയാണെന്നും വേണു പരിഹസിച്ചു.
നിരാഹാര സമരം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഉദ്‌ഘാടനം ചെയ്‌തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ സിപിഎം നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലായെ ന്നും അതുകൊണ്‌ടാണു കുറ്റവാളികളെ ജയിലിലടക്കം പോയി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രമയ്‌ക്കു പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ് സ മരസ്ഥലത്തെത്തി. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രമയെ സന്ദര്‍ശിച്ചു. വിചാരണ നടക്കുമ്പോള്‍ മറ്റൊരന്വേഷണം പ്രഖ്യാപിക്കുന്നതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നുള്ളതുകൊണ്‌ടാണു സിബിഐ അന്വേഷണം നേരത്തേ പ്രഖ്യാപിക്കാതിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അതിനു സമയമായെന്നും മുന്‍ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, ബിജെപി നേതാവ് ഒ. രാജഗോപാല്‍, എംഎല്‍എമാരായ പി.സി. വിഷ്‌ണുനാഥ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, എം.വി. ശ്രേയാംസ്‌കുമാര്‍, അന്‍വര്‍ സാദത്ത്, എ.പി. അബ്ദുള്ളക്കുട്ടി, സി.പി. മുഹമ്മദ്, കെ. അച്യുതന്‍, ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, കെ. ശിവദാസന്‍ നായര്‍ എന്നിവരും സമരപ്പന്തലിലെത്തി രമയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ചു.







