മനുഷ്യര്‍ കൃഷിയും കീടനിയന്ത്രണവും സ്വായത്തമാക്കിയിട്ട് ഒരുപാട് കൊല്ലങ്ങളൊന്നുമായിട്ടില്ല. ഏതാണ്‌ട് 1800-ല്‍ പരം വര്‍ഷങ്ങള്‍ മാത്രം, അതില്‍ തന്നെ വ്യക്തമായ ലക്ഷ്യങ്ങളും കൃത്യമായ നിയന്ത്രണങ്ങളും ഉള്ള കീടനിയന്ത്രണം, തുടങ്ങിയിട്ട് ഏതാണ്‌ട് 50 വര്‍ഷത്തോളം മാത്രമേ ആയുള്ളൂ. എന്നാല്‍ ഈ കാലയളവ് ജൈവനിയന്ത്രണത്തിന്റെ കുതിച്ചുചാട്ടത്തിന്റേതായിരുന്നു എന്ന് സമ്മതിക്കാതെ പറ്റില്ല. മനുഷ്യരാശിക്കു തന്നെ അഭിമാനകരമായ ആ നാഴികക്കല്ലുകളിലൂടെ ഒരെത്തിനോട്ടത്തിനാണ് ഇവിടെ ശ്രമിക്കുന്നത്. ഓരോ വിളയുടെയും പ്രത്യേകമായ രീതിയിലുള്ള ജൈവനിയന്ത്രണങ്ങളെക്കുറിച്ച് അടുത്ത ചില ലക്കങ്ങളില്‍ നമുക്ക് വായിക്കാം.
കീടനിയന്ത്രണത്തിന്റെ ചരിത്രം പ്രധാനമായി മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം. ക്രിസ്‌തുവിന് ശേഷം 200 മുതല്‍ ഏകദേശം 1887 വരെയുള്ള സമയമാണ് ആദ്യത്തേത്. എന്തൊക്കെയോ ജീവജാലങ്ങളെ കീടനിയന്ത്രണത്തിന് ഉപയോഗിച്ചു എന്നു മാത്രമേ ഈ സമയത്തെപ്പറ്റി പറയാന്‍ പറ്റുകയുള്ളൂ. അതുകൊണ്‌ടു തന്നെ എത്രമാത്രം ഇവ വിജയിച്ചു എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്‌ട്.
1888 ല്‍ പഞ്ഞിക്കെട്ട് ശല്‌കകീടത്തെ നിയന്ത്രിക്കാനായി വെഡേലിയ വണ്‌ടിനെ കൊണ്‌ടുവന്നതു മുതല്‍ 1955 വരെയുള്ള കാലമാണ് രണ്‌ടാമത്തേത്. 1956 മുതല്‍ ഇന്നുവരെ വ്യക്തമായ ലക്ഷ്യങ്ങളും പരിശോധന മുറകളും ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന ഇന്നത്തെ ഉള്‍പ്പെടെയുള്ള സമയം മൂന്നാമത്തെ ഘട്ടത്തില്‍പെടുന്നു. ഈ സമയങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ഒന്നാംഘട്ടം 200 എഡി മുതല്‍ 1887 വരെ
ഇതില്‍ തന്നെ ആദ്യഘട്ടങ്ങളില്‍ ഏതാണ്‌ട് 1200 കാലം വരെ ജൈവനിയന്ത്രണം ഒരു തരം പോഷണരീതി എന്ന നിലയിലായിരുന്നു. ചൈനക്കാരാണ് ആദ്യമായി ഷഡ്‌പദനിയന്ത്രണത്തിന് എതിര്‍പ്രാണികളെ ഉപയോഗിച്ചത് എന്നാണ് ചരിത്രം. മൂന്നാം നൂറ്റാണ്‌ടില്‍ ഓറഞ്ചിനെ ആക്രമിക്കുന്ന ഒരു ചാഴിയെ നിയന്ത്രിക്കാനായി പുളിയുറുമ്പുകളുടെ കൂടുകള്‍ ചൈനയില്‍ കാന്റണ്‍ പ്രദേശങ്ങളില്‍ വില്‌ക്കാറുണ്‌ടായിരുന്നുവത്രേ. ഇന്നും കാന്റണ്‍ മേള അതിന്റേതായ പ്രാധാന്യത്തോടെ തന്നെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട മേളകളില്‍ ഒന്നാണ്.
അതുപോലെ സൗദി അറേബ്യയിലും യെമനിലുമൊക്കെ ഈന്തപ്പനയുടെ കീടങ്ങളെ നശിപ്പിക്കാനും ഉറുമ്പിന്‍ കൂടുകള്‍ ഉപയോഗിക്കാറുണ്‌ടായിരുന്നു. കുന്നുകളിലെ ചെടികളില്‍ നിന്നും മറ്റും ഇവയെ ശേഖരിച്ച് ചെടികളില്‍ എത്തിക്കാറാണ പതിവ്. ആമവണ്‌ടുകളെ ഉപയോഗിച്ചും ചെറിയ തരം കീടങ്ങളെ നശിപ്പിക്കാമെന്നും മനസിലാക്കിയിരുന്നു. പ്രത്യേകിച്ച് മീലിമൂട്ടകള്‍, ഏഫിഡുകള്‍ എന്നിവയ്‌ക്ക് എതിരായി.
ഏകദേശം 1300 മുതലാണ് ജൈവനിയന്ത്രണത്തിന്റെ സാധ്യതകള്‍ ശാസ്‌ത്രീയമായി മനസിലാക്കിത്തുടങ്ങിയത്. ഇക്കാലത്ത് ആല്‍ഡ്രോവാന്‍ഡി എന്ന ഇറ്റാലിയന്‍ പ്രകൃതി ശാസ്‌ത്രജ്ഞനാണ് ഒരു പരാദമായ അപ്പാന്റെലസ് എന്ന ഷഡ്‌പദം കാബേജിന്റെ പുഴുവില്‍ നിന്നും പുറത്തുവരുന്നത് കണ്‌ടത്. പക്ഷേ ഈ എതിര്‍പ്രാണിയുടെ പ്യൂപ്പല്‍ദശയെ കണ്‌ടപ്പോള്‍ അവ പ്രാണികളുടെ മുട്ടകളാണ് എന്നാണ് അദ്ദേഹം കരുതിയത്.
പിന്നീട് വാലിസ്‌നെറി എന്ന ഇറ്റാലിയന്‍ മെഡിക്കല്‍/പ്രകൃതി ശാസ്‌ത്രജ്ഞനാണ് 1706 ല്‍ പരാദങ്ങള്‍ കീടങ്ങളെ നശിപ്പിക്കുന്നു എന്ന് മനസിലാക്കിയ ആദ്യത്തെ ശാസ്‌ത്രകാരന്‍. എന്നാല്‍ കൃത്യമായി എതിര്‍പ്രാണികളില്‍ പരാദങ്ങളെക്കുറിച്ച് മനസിലാക്കിയത് മൈക്രോസ്‌കോപ്പ് കണ്‌ടുപിടിച്ച ആന്റണ്‍വാന്‍ ലീവന്‍ ഹോക്ക് ആണെന്നു പറയാം. 1701 ല്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്‌ത്രലേഖനത്തില്‍ ലിവന്‍ഹോക്ക് വില്ലോമരത്തില്‍ വളരുന്ന ഒരു ഷഡ്‌പദത്തിന്റെ എതിര്‍പ്രാണിയെ കൃത്യമായി വിശദീകരിക്കുകയുണ്‌ടായി. (ഇടയ്‌ക്കൊന്നു പറയട്ടെ. വില്ലോമരത്തിന്റെ തടികൊണ്‌ടാണ് നല്ലയിനം ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കുന്നത്).
1726: ആദ്യമായി കീടങ്ങളെ നശിപ്പിക്കുവാന്‍ പൂപ്പലുകളെ (ഫംഗസ്) ഉപയോഗിക്കാമെന്ന് മനസിലാക്കിയത് ഈ കാലയളവിലാണ്. റെനെ ദെ റീമര്‍ എന്ന ഫ്രഞ്ച് ശാസ്‌ത്രകാരനാണ് ഇത് കണ്‌ടുപിടിച്ചത്. കോര്‍ഡിസെപ്‌സ് എന്ന ഫംഗസ് ഒരു നിശാശലഭത്തിന്റെ പുഴുക്കളെ നശിപ്പിക്കുന്നു എന്നാണ് ഇദ്ദേഹം കണെ്‌ടത്തിയത്. റെനെ ദെ റീമര്‍ തന്നെയാണ് 0 മുതല്‍ 80 വരെയുള്ള സ്‌കെയിലില്‍ ഉള്ള ആല്‍ക്കഹോള്‍ തെര്‍മോമീറ്ററിന്റെ ഉപജ്ഞാതാവ്. എന്നാല്‍ മെര്‍ക്കുറിയിലുള്ള ഇതേരീതിയിലുള്ള തെര്‍മോമീറ്ററു (തെറ്റായി) റീമര്‍ തെര്‍മോമീറ്റര്‍ എന്ന് അറിയപ്പെടുന്നു.
1734-ല്‍ ദെ റീമര്‍ തന്നെയാണ് ഏഫിഡുകളെ നിയന്ത്രിക്കാന്‍ വേണ്‌ടി ഗ്രീന്‍ഹൗസുകളില്‍ ഏഫിഡുതീനി ഈച്ചകളുടെ മുട്ട ശേഖരിച്ച് നിക്ഷേപിക്കാന്‍ ശിപാര്‍ശചെയ്‌തത്. സത്യത്തില്‍ ഇവ ന്യൂറോപ്പ്‌റ്ററ എന്ന വിഭാഗത്തില്‍പെട്ട കീടങ്ങളുടെ മുട്ടകളായിരുന്നു. ഇന്നും പച്ച ലോസ്‌വിങ്ങും ബ്രൗണ്‍ ലോസ്‌വിങ്ങും കീടനിയന്ത്രണത്തിലെ ഏറ്റവും പ്രധാനികള്‍ തന്നെയാണ്. ചെറുപ്രാണികളുടെ ഇരപിടിയന്മാരായി കുഴിയാന, ഉറുമ്പുകളെ മണല്‍ തരി തെറിപ്പിച്ച് പിടിക്കുന്നത് കുട്ടികളായിരിക്കുമ്പോള്‍ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്‌ടാകും.
ഡയറക്‌ടര്‍, കമ്മ്യൂണിക്കേഷന്‍ സെന്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, തൃശൂര്‍








