ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ (ഐ.ഐ.എസ്.സി) 2014ല്‍ ആരംഭിക്കുന്ന ബാച്വലര്‍ ഓഫ് സയന്‍സ് (ബി.എസ്) ബിരുദ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്‌ട്രി, എന്‍വയന്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് പ്രവേശം നല്‍കുന്നത്. വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്ര ഗവേഷണ താല്‍പര്യം ഉണ്ടാക്കും വിധമാണ് കോഴ്‌സ് വിഭാവനം ചെയ്‌തിരിക്കുന്നത്.
അപേക്ഷകള്‍ ഓണ്‍ലൈനായി തിങ്കളാഴ്‌ച മുതല്‍ സമര്‍പ്പിക്കാം.www.iisc.ernet.in/ug എന്ന വെബ്‌സൈറ്റില്‍ യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളും നല്‍കിയിട്ടുണ്ട്. ആദ്യ മൂന്ന് സെമസ്റ്ററുകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാന സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കും. തുടര്‍ന്നുള്ള മൂന്നു സെമസ്റ്ററുകളില്‍ ബയോളജി, കെമിസ്‌ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ സ്‌പെഷലൈസേഷനുമുണ്ടാകും. അവസാന രണ്ടു സെമസ്റ്ററുകള്‍ പൂര്‍ണമായും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാവും വിനിയോഗിക്കുക.
യോഗ്യത: അംഗീകൃത ബോര്‍ഡില്‍ നിന്ന് സയന്‍സ് വിഭാഗത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്‌ടൂ (10+2).
ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ എടുത്തവര്‍ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.
തെരഞ്ഞെടുക്കുന്ന വിധം: 2012 മുതലുള്ള കെ.വി.പി.വൈ, ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്‌ഡ്, ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റ് തുടങ്ങിയ പരീക്ഷകളിലെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് വിലാസം:www.iisc.ernet.in/ug അപേക്ഷാഫീസ് 400 രൂപ. എസ്.സി, എസ്.ടി, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയ വിഭാഗത്തില്‍പെടുന്നവര്‍ക്ക് 200 രൂപ മതി. അപേക്ഷാഫീസ് നെറ്റ് ബാങ്കിങ്, വിസ-മാസ്റ്റര്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി അടക്കാം. ഇപ്രകാരം ഫീസ് അടക്കുന്നവര്‍ ബാങ്ക് ചാര്‍ജുകള്‍ അധികമായി നല്‍കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ക്ക് സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് ലഭിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
വിശദവിവരങ്ങള്‍ക്ക് Dean, Undergraduate Studies, Indian Institute of Science, Bangalore 560 012. Ph: 918022933400 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.
അപേക്ഷകള്‍ 2014 ഏപ്രില്‍ വരെ സമര്‍പ്പിക്കാം.








