കലയ്‌ക്കുവേണ്‌ടി ജീ വിതം
സമര്‍പ്പിക്കുന്നവര്‍ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ആത്മസംഘര്‍ഷങ്ങളുടെ
പശ്ചാത്തലത്തില്‍ ഒരു ചെണ്‌ടമേളക്കാരന്റെ വ്യക്തിജീവിതത്തെയും
കുടുംബജീവിതത്തെയും ബന്ധങ്ങളെയും എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന്
പ്രകടമാക്കുന്ന ചിത്രമാണ് സ്വപാനം.വാനപ്രസ്ഥം, സ്വം, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ഷാജി എന്‍ കരുണ്‍ കഥയെഴുതി സംവിധാനംചെയ്യുന്ന സ്വപാനത്തില്‍ ചെണ്‌ടക്കാരന്‍ ഉണ്ണിക്കൃഷ്‌ണനായി ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്‌ത ഒഡീസി നര്‍ത്തകി കാദംബരി നളിനിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനീത്, സിദ്ധിഖ്, ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, ശരത്, പി.ഡി. നമ്പൂതിരി, ഉദയന്‍ നമ്പൂതിരി, ബാലസുബ്രഹ്‌മണ്യന്‍, ഈശ്വരനുണ്ണി, സുരേഷ് കുറുപ്പ് എംഎല്‍എ, ലക്ഷ്‌മി ഗോപാലസ്വാമി, സജിതാ മഠത്തില്‍, മാര്‍ഗി സതി, അശ്വതി രംഗ, ശ്രദ്ധ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ചെണ്‌ടമേളത്തില്‍ ഏറെ പ്രശസ്‌തി നേടിയ യുവകലാകാരനാണ് ഉണ്ണിക്കൃഷ്‌ണന്‍. കലയിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഏറെ സത്യസന്ധത കാത്തുസൂക്ഷിക്കുന്ന ഉണ്ണിക്കൃഷ്‌ണന്റെ നേട്ടങ്ങളില്‍ അസൂയ മൂത്ത സഹോദരങ്ങള്‍ നേരിട്ട് എതിരാളിയായി മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ണിക്കൃഷ്‌ണന്‍ ഒറ്റപ്പെട്ടുപോകുന്നു. ജവിതവും കലയും തകര്‍ന്ന് ഉണ്ണിക്കൃഷ്‌ണന്റെ കഴിവ് നഷ്‌ടപ്പെടുമ്പോള്‍ അതു തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ വീണ്‌ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മോഹിനിയാട്ടക്കാരി നളിനി ശ്രമിക്കുന്നു. ഉണ്ണിക്കൃഷ്‌ണന്റെ ചെണ്‌ടമേളത്തില്‍ തന്റെ പുതുമയാര്‍ന്ന മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന്റെ അന്വേഷണത്തിനിടയില്‍ ഇരുവരും പ്രണയത്തിലാകുന്നു. അതു വീണ്‌ടും കൂടുതല്‍ പ്രശ്‌നത്തിലാകുന്നു. ഭാര്യയായ കല്യാണിയും കാമുകിയായ നളിനിയും ചേര്‍ന്ന് സൃഷ്‌ടിക്കുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് സ്വപാനം എന്ന ചിത്രത്തില്‍ ഷാജി എന്‍. കരുണ്‍ ദൃശ്യവത്‌കരിക്കുന്നത്.
നളിനിയായി കാദംബരിയും കല്യാണിയായി ലക്ഷ്‌മി ഗോപാലസ്വാമിയും അഭിനയിക്കുന്നു. ഹൊറിസണ്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ ബാനറില്‍ എം. രാജന്‍ (ദോഹ) നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഹരികൃഷ്‌ണന്‍, സജീവ് പാഴൂര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സജി നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ശ്രീവത്സന്‍ ജെ. മേനോന്‍ നിര്‍വഹിക്കുന്നു.








