Home » » പുതിയ രിക്കാര്‍ഡുകള്‍ തീര്‍ത്ത്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

പുതിയ രിക്കാര്‍ഡുകള്‍ തീര്‍ത്ത്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

Written By Unknown on Tuesday, 4 February 2014 | 08:26


വില്‌പനയിലും പങ്കാളിത്തത്തിലും പുതിയ രിക്കാര്‍ഡുകള്‍ തീര്‍ത്ത്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഏഴാമത്‌ സീസണ്‍ പരിസമാപ്‌തിയിലേക്ക്‌. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വ്യാപാരികളുടെയും കേരളത്തിലെ ജനങ്ങളുടെയും സജീവപങ്കാളിത്തമാണ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ തുടക്കം മുതല്‍ കണ്‌ടത്‌. ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മേളയായിരുന്നു ഇത്തവണത്തേതെന്ന്‌ ജികെഎസ്‌എഫ്‌ ഡയറക്ടര്‍ ഹരികിഷോര്‍ പറഞ്ഞു. 75,000 രജിസ്‌ട്രേഷനുകള്‍ സംസ്ഥാനമൊട്ടാകെ നടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വന്‍ വളര്‍ച്ചയാണിത്‌. കൂടാതെ കൂപ്പണ്‍ വില്‌പന 1.5 കോടിയും കവിഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ വ്യാപാരസമൂഹത്തിന്റെ ശുഷ്‌കമായ പങ്കാളിത്തംകൊണ്‌ട്‌ നിറംമങ്ങിയിരുന്നു ജികെഎസ്‌എഫ്‌. എന്നാല്‍ ഇത്തവണ ലോജിസ്‌റ്റിക്‌ പാര്‍ട്‌ണറായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എത്തിയതോടെ വ്യാപാരസമൂഹവും ഉഷാറായി. കഴിഞ്ഞവര്‍ഷം ഫെസ്റ്റിവലുമായി സഹകരിച്ചത്‌ കേവലം 7000-ത്തോളം വ്യാപാരികളായിരുന്നു. എന്നാല്‍ 2013-ലെത്തിയപ്പോള്‍ മൂന്നുലക്ഷത്തിലധികം വ്യാപാരികളാണ്‌ ഗ്രാമനഗരവ്യത്യാസമില്ലാതെ ജികെഎസ്‌എഫില്‍ പങ്കാളികളായത്‌.

വൈവിധ്യമാര്‍ന്ന സമ്മാനഘടന മെഗാസമ്മാനങ്ങള്‍ കാഷ്‌ പ്രൈസായിട്ടാണ്‌ നല്‌കുന്നതെന്നതാണ്‌ സമ്മാനത്തിലെ പ്രത്യേകതകളിലൊന്ന്‌. ബംപര്‍ സമ്മാനം ഒരു കോടി രൂപയാണ്‌. രണ്‌ടാംസമ്മാനം 10 ലക്ഷം വീതം 15 പേര്‍ക്ക്‌. മൊത്തം നാലു കോടി രൂപയാണ്‌ കാഷ്‌ അവാര്‍ഡായി നല്‌കുന്നത്‌. ബാക്കി 11 കോടിയുടെ സ്വര്‍ണസമ്മാനം.

ബംപര്‍ സമ്മാനങ്ങളെല്ലാം കാഷ്‌ അവാര്‍ഡായി മാറിയതോടെ ആളുകള്‍ കൂപ്പണുകള്‍ ചോദിച്ചുവാങ്ങുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്‌ട്‌. ഉപഭോക്താക്കള്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കൂപ്പണുകള്‍ ലഭിക്കുന്ന കടകളില്‍ കയറാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയതോടെ മാറിനിന്ന കച്ചവടക്കാരും ജികെഎസ്‌എഫിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരായി.

വിജയഫോര്‍മുല

ജികെഎസ്‌എഫ്‌ സീസണ്‍ -7 കേരളമൊന്നടങ്കം ഏറ്റെടുത്തതിന്റെ കാരണമെന്തൊണ്‌? ചോദ്യത്തിന്റെ ഉത്തരം കണെ്‌ടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള കച്ചവടക്കാരോട്‌ ചോദിച്ചാല്‍ മതി. ചെറുതും വലുതുമായ കച്ചവടക്കാര്‍ ഒന്നടങ്കം സര്‍ക്കാര്‍ വ്യാപാരസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തതിന്റെ വിജയമാണിതെന്ന്‌. മുന്‍വര്‍ഷങ്ങളില്‍ രജിസ്‌ട്രേഷന്‌ ഓരോ വ്യാപാരിയും 25000, 5000 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി അടയ്‌ക്കേണ്‌ടിയിരുന്നു. അതുകൊണ്‌ടുതന്നെ പലരും ജികെഎസ്‌എഫിന്റെ ഭാഗമാകാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇത്തവണ രജിസ്‌ട്രേഷന്‍ സൗജന്യമാണ്‌. അതുപോലെ കൂപ്പണ്‍ വില 15 രൂപയായിരുന്നു. ഇത്‌ 10 രൂപയായി നിജപ്പെടുത്തി. വ്യാപാരസമൂഹത്തിന്‌ ഗുണകരമായ മാറ്റങ്ങള്‍ക്ക്‌ സര്‍ക്കാര്‍ തയാറായതോടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇത്തവണ കാര്യമായ വര്‍ധനവുണ്‌ടായി.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയാണ്‌ ജികെഎസ്‌എഫിന്റെ ലോജിസ്‌റ്റിക്‌ പാര്‍ട്‌ണര്‍. മുന്‍വര്‍ഷങ്ങളില്‍ സ്വകാര്യ ഇവന്റ്‌ കമ്പനികളെയാണ്‌ ലോജിസ്‌റ്റിക്‌ പാര്‍ട്‌ണറായി തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ ഇത്തവണ വ്യാപാരസമൂഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമായി. വ്യാപാരികള്‍ക്ക്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തന്നെയാണ്‌ കൂപ്പണുകള്‍ എത്തിച്ചുനല്‌കുന്നത്‌.

അതുകൊണ്‌ടുതന്നെ കൂപ്പണുകള്‍ എല്ലാ കച്ചവടക്കാരിലും എത്തുന്നുവെന്ന്‌ യൂണിറ്റ്‌ ഘടകങ്ങള്‍ മുതല്‍ ഉറപ്പുവരുത്തുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ കാംപെയ്‌നുകളാണ്‌ വ്യാപാരി വ്യവസായി ഏകോപനസമിതി ചെയ്‌തത്‌. റോഡ്‌ ഷോകളും സാംസ്‌കാരികഘോഷയാത്രകളും സംഘടിപ്പിച്ചതിലൂടെ പൊതുജനങ്ങളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിച്ചു.

ഉപഭോക്താക്കളും സജീവമായി

മുന്‍വര്‍ഷങ്ങളില്‍ ജികെഎസ്‌എഫില്‍ അംഗങ്ങളായിരുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം തുലോം കുറവായിരുന്നു. അതുകൊണ്‌ട്‌ കൂപ്പണുകള്‍ പലയിടത്തും ലഭ്യമല്ലായിരുന്നു. ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നതാകട്ടെ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ മാത്രമായിരുന്നു താനും.

അതുകൊണ്‌ടുതന്നെ പലപ്പോഴും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക്‌ കൂപ്പണ്‍ ലഭിക്കുകയെന്നത്‌ അപ്രാപ്യമായിരുന്നു. എന്നാല്‍ ഇത്തവണ ഉപഭോക്താക്കള്‍ കൂപ്പണുകള്‍ ചോദിച്ചുവാങ്ങുന്ന അവസ്ഥയായിരുന്നെന്ന്‌ വ്യാപാരികള്‍ പറയുന്നു.

ഒന്നാംസമ്മാനം ഇത്തവണ ഒരുകോടി രൂപയാണ്‌. രണ്‌ടാംസമ്മാനമായ 10 ലക്ഷംരൂപ 15 ഭാഗ്യശാലികള്‍ക്കാണ്‌ നല്‌കുന്നത്‌. അഞ്ചുലക്ഷം രൂപ വീതം 20 പേര്‍ക്കാണ്‌ മൂന്നാംസമ്മാനം. ഈ സമ്മാനങ്ങള്‍ ലഭിക്കുന്ന കൂപ്പണുകള്‍ വിതരണംചെയ്യുന്ന വ്യാപാരികള്‍ക്കും സമ്മാനമുണ്‌ട്‌. ഒരുലക്ഷം രൂപയാണ്‌ ഒന്നാംസമ്മാനം വിതരണം ചെയ്‌ത വ്യാപാരിക്കു ലഭിക്കുന്നത്‌.

ജികെഎസ്‌ സമാപനം തൃശൂരില്‍

ഫെബ്രുവരി 14ന്‌ തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയിലാണ്‌ ജികെഎസ്‌എഫിന്റെ സമാപനസമ്മേളനം നടക്കുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയാണ്‌ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്‌. ബംപര്‍ നറുക്കെടുപ്പും ഇതോടനുബന്ധിച്ച്‌ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികള്‍, മെഗാഷോ തുടങ്ങിയവയും പരിപാടിക്കു മാറ്റു കൂട്ടാന്‍ ഉണ്‌ടാകും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.