Home » » പ്ലാനിംഗും സമ്പാദ്യവും

പ്ലാനിംഗും സമ്പാദ്യവും

Written By Unknown on Tuesday, 4 February 2014 | 08:35

മോശമല്ലാത്ത രീതിയിലുള്ള റിട്ടയര്‍മെന്റ്‌ പ്ലാനിംഗും സമ്പാദ്യവും നടത്തുന്നയാളാ. റിട്ടയര്‍ ചെയ്യുമ്പോള്‍ ഇദ്ദേഹം കോടീശ്വരനാകുമെന്നുറപ്പാ. ഇത്ര കൃത്യമായി പറയാന്‍ കാരണമുണ്‌ട്‌. സര്‍വീസില്‍ ഞങ്ങള്‍ രണ്‌ടുപേരും ഒരേ ദിവസം ജോയിന്‍ ചെയ്‌തവരാ. ആദ്യത്തെ പ്രൊബേഷന്‍ കാലാവധിയായ ആറുമാസക്കാലം പ്രോവിഡന്റ്‌ കോണ്‍ട്രിബ്യൂഷന്‍ നല്‍കേണ്‌ടതില്ലാത്തതിനാല്‍ ശമ്പളം മുഴുവന്‍ കയ്യില്‍ കിട്ടി. ഇദ്ദേഹം ജോലി കിട്ടിയപ്പോള്‍ തന്നെ പോസ്റ്റ്‌ ഓഫീസില്‍ പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്‌ട്‌ അക്കൗണ്‌ട്‌ തുറന്നിരുന്നു. ആദ്യ ശമ്പളം മുതല്‍ കൃത്യമായ ഒരു തുക മാസാമാസം ഈ അക്കൗണ്‌ടില്‍ നിക്ഷേപിക്കുന്നുമുണ്‌ട്‌. പിന്നീട്‌ ആറു മാസങ്ങള്‍ക്കുശേഷം ജോലി സ്ഥിരപ്പെട്ടപ്പോള്‍ പ്രോവിഡന്റ്‌ ഫണ്‌ട്‌ വിഹിതം ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ തുടങ്ങി. കേവലം പത്തുശതമാനം അടിസ്ഥാന ശമ്പളത്തില്‍ നിന്നും നിര്‍ബന്ധമായി പിടിക്കാനാണ്‌ വ്യവസ്ഥയെങ്കിലും ശമ്പളത്തില്‍ നിന്നും 20 ശതമാനം ഈയിനത്തില്‍ പിടിച്ചുകൊള്ളാന്‍ ഇദ്ദേഹം ചുമതലപ്പെടുത്തി. വോളണ്‌ടറി പ്രൊവിഡന്റ്‌ ഫണ്‌ട്‌ എന്നറിയപ്പെടുന്ന ഈ തുക തന്നെ ഇപ്പോള്‍ മോശമല്ലാത്തൊരു തുകയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു - സര്‍വീസിലുള്ള ഈ സ്‌നേഹിതനെ ചൂണ്‌ടിക്കാട്ടി ഒരാള്‍ ഇതു പറഞ്ഞപ്പോള്‍ അപരന്‍ ചിരിക്കുക മാത്രമാണു ചെയ്‌തത്‌.

ഇത്തരമൊരു പ്ലാനിംഗിനെക്കുറിച്ച്‌ സാധാരണക്കാര്‍ ജോലി കിട്ടിയാലുടന്‍ ചിന്തിക്കാറില്ലെന്നതാണു സത്യം. പുതുതലമുറയ്‌ക്ക്‌ ടു-വീലര്‍, കാര്‍, വീട്‌ എന്നിവയെക്കുറിച്ച്‌ മാത്രമാവും ജോലി കിട്ടുമ്പോഴുള്ള ചിന്ത. മാര്‍ക്കറ്റില്‍ അപ്പോള്‍ ലഭ്യമായതിനാല്‍ ഏറ്റം മികച്ചത്‌ സ്വന്തമാക്കി കൂട്ടുകാരെയും സ്വന്തക്കാരെയും ഞെട്ടിക്കുക. ഇതിനായി ലോണെടുക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ ഒരു മടിയുമില്ലതാനും. ബാക്കിയുള്ള തങ്ങളുടെ ജോലിതന്നെ ഇത്തരം ലോണുകള്‍ അടച്ചുതീര്‍ക്കാനാണ്‌. ഇന്നു മാത്രമല്ല പഴയ തലമുറയിലും ചെറുപ്പക്കാരുടെ ടേസ്റ്റ്‌ ഇതൊക്കെതന്നെയായിരുന്നു. അവരെ സംബന്ധിച്ച്‌ റിട്ടയര്‍മെന്റ്‌ ഉടനെയെങ്ങും തങ്ങളെ ബാധിക്കാത്തൊരു സംഗതിയാണ്‌. ഏതാണെ്‌ടാരു 40 വയസ്‌ പിന്നിടുമ്പോഴാണ്‌ റിട്ടയര്‍മെന്റിനെക്കുറിച്ച്‌ പലരും ആലോചിച്ചു തുടങ്ങുന്നത്‌. എന്നാല്‍ അക്കാര്യം മുന്നില്‍കണ്‌ട്‌ ഒരു നീക്കിയിരിപ്പു നടത്താന്‍ അവിടെ നിന്നും വീണ്‌ടും വര്‍ഷങ്ങള്‍ മുന്നോട്ടു പോകും. ആദ്യമേ തന്നെ ഇത്തരത്തില്‍ ചിന്തിച്ചൊരാളെ അത്ഭുതത്തോടെ നോക്കി. എന്നിട്ടു ചോദിച്ചു. റിട്ടയര്‍മെന്റ്‌ സമയത്ത്‌ കോടീശ്വരനാകുമെന്ന താങ്കങ്ങളുടെ സുഹൃത്തിന്റെ വാദം ശരിയാണോ? കോടീശ്വരന്‍ എന്ന വാക്കുതന്നെ ഇവിടെ തെറ്റാണ്‌. പഴയകാലത്ത്‌ കോടി എന്ന തുക മനുഷ്യര്‍ക്ക്‌ സാധ്യമല്ലാത്ത കാലത്ത്‌ രൂപപ്പെട്ട ഒരു വാക്കാണത്‌. ലക്ഷം രൂപ കൈവശമുള്ളയാളെ ലക്ഷപ്രഭു എന്നും കോടി കൈവശമുള്ളയാളെ കോടീശ്വരന്‍ എന്നും. എന്നാല്‍ പണപ്പെരുപ്പത്താല്‍ രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ കോടി ഒരു തുകയല്ലാതായി. ശതകോടീശ്വരന്‍മാര്‍ പലര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പോലുമായി. സംഗതി റിട്ടയര്‍മെന്റ്‌ സമയത്ത്‌ ഒരു കോടി രൂപ റിട്ടയര്‍മെന്റ്‌ ഫണ്‌ടായി എനിക്കുണ്‌ടാകുമെങ്കിലും ആ ഒരു കോടി രൂപയ്‌ക്ക്‌ അന്നത്തെ മൂല്യംവച്ച്‌ നോക്കിയാല്‍ അതിന്റെ നാലില്‍ ഒന്നു തുകയ്‌ക്കുള്ള മൂല്യമേ കാണൂ എന്നുറപ്പാണ്‌.

കാര്യങ്ങളെ ഇദ്ദേഹം എത്ര കൃത്യമായി നോക്കിക്കാണുന്നുവെന്ന്‌ ആ ഒരൊറ്റ സ്റ്റേറ്റ്‌മെന്റില്‍ നിന്നു വ്യക്തമായിരുന്നു. പണപ്പെരുപ്പത്താല്‍ പണത്തിന്റെ മൂല്യം ഇടിയുന്നതിന്‌ നാമൊക്കെ സാക്ഷികളാണെങ്കിലും പലരും റിട്ടയര്‍മെന്റും മറ്റും മുന്‍കൂട്ടിക്കണ്‌ട്‌ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യത്തിന്‌ വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്നതാണ്‌ വസ്‌തുത. ഇതിന്റെയൊക്കെ ഫലമായി റിട്ടയര്‍മെന്റ്‌ കഴിഞ്ഞുള്ള ജീവിതം പലര്‍ക്കും സാമ്പത്തിക ഞെരുക്കത്തിന്റേതാകുന്നു.

പണപ്പെരുപ്പം നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും കാര്‍ന്നു തിന്നുകയാണ്‌. ഇത്തരം ഘട്ടങ്ങളില്‍ തുണയാവുക ഓഹരികളിലെ നിക്ഷേപമാവുമെന്നു പരക്കെ പറയപ്പെടുന്നുണെ്‌ടങ്കിലും ഓഹരി നിക്ഷേപത്തിന്റെ റിസ്‌ക്‌ ഏറ്റെടുക്കാന്‍ പലര്‍ക്കും മടി. പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഒരു ശതമാനമെങ്കിലും ഉയര്‍ന്ന വരുമാനം ലഭിച്ചാല്‍ തൃപ്‌തിയാണ്‌ എന്നതാണ്‌ പലരുടേയും വിചാരമെങ്കിലും പലപ്പോഴും അത്തരത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാതെ പോകുന്നു. ഇപ്പോഴത്തെ അവസ്ഥ തന്നെയെടുക്കാം. യഥാര്‍ഥ പണപ്പെരുപ്പ നിരക്ക്‌ രണ്‌ടക്കത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ പല ബാങ്കുകളിലെയും സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്‌ അതിനടുത്തോ താഴെയോ മാത്രമാണ്‌. എന്നു മാത്രമല്ല പല ബാങ്കുകളും ദീര്‍ഘകാല കാലാവധി നിക്ഷേപങ്ങള്‍ക്കാണ്‌ ഉയര്‍ന്ന പലിശനിരക്ക്‌ വാഗ്‌ദാനംചെയ്യുന്നതും. ഉദാഹരണത്തിന്‌ മൂന്നു വര്‍ഷ കാലാവധിക്ക്‌ 10.5 ശതമാനം പലിശനിരക്കാണ്‌ ഒരു ബാങ്ക്‌ വാഗ്‌ദാനം ചെയ്യുന്നതെന്നിരിക്കട്ടെ. ഒരാള്‍ ഈ ഉയര്‍ന്ന നിരക്ക്‌ കണ്‌ട്‌ ഇവിടെ നിക്ഷേപകനാവുമ്പോള്‍ മൂന്നു വര്‍ഷത്തേക്ക്‌ അയാളുടെ തുക ഇവിടെ ലോക്ക്‌ഡ്‌-ഇന്‍ ആവുകയാണ്‌. മുന്‍കൂര്‍ പണം പിന്‍വലിക്കാന്‍ ഇവിടെ സാധ്യമാണെങ്കില്‍കൂടി ബാങ്കുകള്‍ ഇത്തരം പിന്‍വലിക്കലുകള്‍ക്ക്‌ ഈടാക്കുന്ന പെനാല്‍റ്റി നിക്ഷേപകരെ വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ പത്തുശതമാനം പണപ്പെരുപ്പം ഉള്ളപ്പോള്‍ 10.5 ശതമാനം പലിശയില്‍ നടത്തിയ നിക്ഷേപം തല്‍ക്കാലത്തേക്ക്‌ പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന വരുമാനം നിങ്ങള്‍ക്കു നേടിത്തരുന്നുണെ്‌ടങ്കിലും അടുത്തവര്‍ഷം പണപ്പെരുപ്പ നിരക്ക്‌ 11 ശതമാനത്തില്‍ എത്തി എന്നു കരുതുക. അപ്പോഴും നിങ്ങള്‍ക്കു ലഭിക്കുക 10.5 ശതമാനം പലിശ മാത്രമാവും.

ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌ഡ്‌ നാഷണല്‍ സേവിംഗ്‌സ്‌ സെക്യൂരിറ്റീസ്‌ (ഐഐഎന്‍എസ്‌എസ്‌-സി) എന്ന പുതിയ നിക്ഷേപമാര്‍ഗം കഴിഞ്ഞയാഴ്‌ച റിസര്‍വ്‌ ബാങ്ക്‌ അനൗണ്‍സ്‌ ചെയ്യാന്‍ കാരണവും മറ്റൊന്നല്ല. പണപ്പെരുപ്പം കാര്‍ന്നുതിന്നുന്ന ചെറുകിട നിക്ഷേപകരുടെ സമ്പാദ്യത്തെ ചെറിയ രീതിയിലെങ്കിലും സംരക്ഷിക്കുക, ഈയൊരു നിക്ഷേപാവസരത്തിന്റെ സവിശേഷതകള്‍ ഒന്നു ശ്രദ്ധിക്കുക.

5000 രൂപയായിരിക്കും ഒരു ബോണ്‌ടിന്റെ മുഖവില. ഒരു ബോണ്‌ട്‌ മുതല്‍ 100 ബോണ്‌ടുകള്‍ വരെ (പരമാവധി 5 ലക്ഷം രൂപ) നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കും. കണ്‍സ്യൂമര്‍ പ്രൈസ്‌ ഇന്‍ഡക്‌സിനേക്കാള്‍ 1.5 ശതമാനം ഉയര്‍ന്ന വരുമാനമാണ്‌ ഇതില്‍ നിക്ഷേപകനാവുന്നതിലൂടെ ഒരാള്‍ക്കു ലഭിക്കുക. ഉദാഹരണത്തിന്‌ നിലവില്‍ സിപിഐ 10.5 ശതമാനം ആണെങ്കില്‍ നിങ്ങള്‍ക്കു ലഭിക്കുക 12 ശതമാനം പലിശയായിരിക്കും. ഈ പലിശ അര്‍ധ വാര്‍ഷികാടിസ്ഥാനത്തില്‍ മുതലിനോടു ചേര്‍ക്കുകയും കൂട്ടുപലിശ ലഭിക്കുകയും ചെയ്യുന്നു. പക്ഷേ ഈ ബോണ്‌ടുകളുടെ വരുമാനത്തിന്‌ ടാക്‌സ്‌ നല്‍കേണ്‌ടതാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക. അതുകൊണ്‌ടുതന്നെ നിലവില്‍ ഇന്‍കംടാക്‌സ്‌ നല്‍കേണ്‌ടാത്തവര്‍ക്കോ കുറഞ്ഞ പരിധിയില്‍ ടാക്‌സ്‌ നല്‍കേണ്‌ടവര്‍ക്കോ ആയിരിക്കും ഈ ബോണ്‌ടിലെ നിക്ഷേപം മെച്ചമുണ്‌ടാക്കുക.

നിരക്കിന്റെ കാര്യത്തില്‍ ബാങ്ക്‌ നിക്ഷേപത്തേക്കാള്‍ താല്‍ക്കാലികമായി മെച്ചം തന്നെയാണെങ്കിലും ഇതില്‍ നിക്ഷേപിക്കുംമുന്‍പ്‌ ഇക്കാര്യങ്ങള്‍കൂടി ശ്രദ്ധിക്കുക. ലിക്വിഡിറ്റിയില്‍ ബാങ്കിലെ സ്ഥിരനിക്ഷേപം ഈ ബോണ്‌ടിലെ നിക്ഷേപത്തെ അപേക്ഷിച്ച്‌ മെച്ചമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം പത്തുവര്‍ഷ കാലാവധിയുള്ള ഈ ബോണ്‌ടില്‍ നിന്നും വേണ്‌ടിവന്നാല്‍ മുന്‍കൂര്‍ പണം പിന്‍വലിക്കാന്‍ സാധിക്കുക 65 വയസു കഴിഞ്ഞവര്‍ക്ക്‌ ഒരു വര്‍ഷത്തിനു ശേഷവും മറ്റുള്ളവര്‍ക്ക്‌ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും മാത്രമാണ്‌. ഇവിടെ മോശമല്ലാത്ത പെനാല്‍റ്റിയും (അവസാനത്തെ കൂപ്പണ്‍ റേറ്റിന്റെ 50 ശതമാനം) നല്‍കേണ്‌ടിവരും എന്നതിനാല്‍ ഇതില്‍ നിക്ഷേപിക്കും മുന്‍പ്‌ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. നിങ്ങള്‍ നിക്ഷേപിക്കുന്ന പണം കാലാവധിക്കു മുന്‍പ്‌ നിങ്ങള്‍ക്ക്‌ ആവശ്യമുണ്‌ടാകുമോ?

2. വരും നാളുകളില്‍ പണപ്പെരുപ്പ നിരക്ക്‌ കുറഞ്ഞുവരുമോ?

ഈ രണ്‌ടു ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ഉത്തരം ഇല്ല എന്നാണെങ്കില്‍ ധൈര്യമായി ഇവിടെ നിങ്ങള്‍ക്കു നിക്ഷേപമാവാം. കണ്‍സ്യൂമര്‍ പ്രൈസ്‌ കുറഞ്ഞു വരികയാണെങ്കില്‍ ഈ ബോണ്‌ടില്‍ നിന്നുള്ള വരുമാനവും ആനുപാതികമായി കുറഞ്ഞുവരും. ഉദാഹരണത്തിന്‌ ആദ്യവര്‍ഷം 10.5 ശതമാനത്തില്‍ നിന്ന്‌ സിപിഐ പിറ്റേവര്‍ഷം ഏഴു ശതമാനമായി താണെന്നിരിക്കും. പിന്നീടുള്ള അര്‍ധവര്‍ഷം പലിശയായി ഈ ബോണ്‌ടിനു ലഭിക്കുക 8.5 ശതമാനം മാത്രമായിരിക്കും. എന്നാല്‍ ഇതേ അവസരത്തില്‍ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ നിരക്ക്‌ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മാറ്റമില്ലാതെ തുടരുന്നു. ഇവിടെയാണ്‌ പണപ്പെരുപ്പ നിരക്ക്‌ കുറഞ്ഞു വരുമ്പോള്‍ ഈ ബോണ്‌ടിലുള്ള നിക്ഷേപം പരമ്പരാഗത ബാങ്ക്‌ ഡെപ്പോസിറ്റിനെ അപേക്ഷിച്ച്‌ മെച്ചമല്ലെന്നു പറയുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.