കോഴിക്കോട്:ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെന്നു ലോകായുക്‌ത. അനേ്വഷണത്തില്‍ എന്തെങ്കിലും തെളിവു കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. കേസെടുത്താല്‍ രാജിവയ്‌ക്കുമെന്നു മന്ത്രി കെ. ബാബു. ബാര്‍ കോഴവിവാദം വഴിത്തിരിവിലെത്തിയതോടെ കോണ്‍ഗ്രസിലും സര്‍ക്കാരിലും പ്രതിസന്ധി രൂക്ഷം.
തനിക്കെതിരേ വിജിലന്‍സ് കേസെടുത്താല്‍ രാജിവയ്‌ക്കുമെന്നു മന്ത്രി ബാബു മുഖ്യമന്ത്രിയെ അറിയിച്ചു. രാജിവയ്‌ക്കുമെന്ന സൂചനതന്നെയാണു പഴ്‌സണല്‍ സ്‌റ്റാഫിനും ബാബു നല്‍കിയത്. എന്നാല്‍, ബാബുവിനെതിരായ ആരോപണത്തില്‍ ത്വരിതപരിശോധന നടത്തുന്ന കാര്യത്തില്‍ വിജിലന്‍സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരം മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലാണ് ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നു ലോകായുക്‌ത വ്യക്‌തമാക്കിയത്. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ജൂണ്‍ 22-നകം സമര്‍പ്പിക്കാനും വിജിലന്‍സ് എസ്.പി: ആര്‍. സുകേശനോടു ലോകായുക്‌ത നിര്‍ദേശിച്ചു. ബിജു രമേശിന്റെ മൊഴിയില്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണമുള്ളതായി ചൂണ്ടിക്കാണിച്ച് ഖാലിദ് മുണ്ടപ്പള്ളി സമര്‍പ്പിച്ച ഹര്‍ജിയില്‍ ലോകായുക്‌ത ജസ്‌റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്‌ത ജസ്‌റ്റിസ് കെ.കെ. ദിനേശന്‍ എന്നിവരുടേതാണ് ഉത്തരവ്. കേസെടുക്കുന്നതു സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും ലോകായുക്‌ത വ്യക്‌തമാക്കി.
ഘട്ടംഘട്ടമായി മദ്യോപയോഗം കുറയ്‌ക്കുകയെന്ന യു.ഡി.എഫ്. നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തെളിവു കണ്ടെത്തിയാല്‍ നിയമപരമായിമാത്രല്ല, രാഷ്‌ട്രീയമായും നടപടിയുണ്ടാകുമെന്നു സുധീരന്‍ കോഴിക്കോട്ട് മുന്നറിയിപ്പു നല്‍കി. എന്നാല്‍, ആരെങ്കിലും വിളിച്ചുപറയുന്നതു കേട്ട് ആരെയും ബലിയാടാക്കില്ല. അനേ്വഷണത്തില്‍ രാഷ്‌ട്രീയമായ ഇടപെടലുണ്ടാവില്ല. സ്വതന്ത്രാന്വേഷണമാണു കേരളം പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.








