Home » » ഒടുവിൽ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന്.

ഒടുവിൽ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന്.

Written By Unknown on Friday, 24 April 2015 | 21:27

തിരുവനന്തപുരം:  വിഴിഞ്ഞം അന്തർദ്ദേശീയ തുറമുഖമെന്ന സ്വപ്ന പദ്ധതി  യാഥാർത്ഥ്യത്തിലേക്ക്.  തുറമുഖ നിർമ്മാണത്തിന് ടെൻഡർ  സമർപ്പിച്ച  അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഉറപ്പിച്ചേക്കും. വേറെ ടെൻഡറുകളില്ലാത്തതും തുറമുഖ നിർമ്മാണ മേഖലയിലെ പ്രവർത്തന പരിചയവും വിശ്വാസ്യതയും  അദാനി ഗ്രൂപ്പിന്  അനുകൂല ഘടകങ്ങളാണ്.  എങ്കിലും നയപരമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
 
817.8  കോടിയുടെ കേന്ദ്ര വി. ജി .എഫ് സഹായവും   അത്രതന്നെ സംസ്ഥാന വിഹിതവുമുൾപ്പെടെ 1636 കോടിയും  4089 കോടിയുടെ മുടക്കുമുതലും ഉൾപ്പെടെ  5725കോടിയുടെ പി.പി.പി  പദ്ധതിയാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചത്. ഇതനുസരിച്ചുളള പ്രീമിയം നൽകും.  ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും പോർട്ട് സെക്രട്ടറി, വിഴിഞ്ഞം സീപോർട്ട് സി.ഇ.ഒ. എന്നിവർ അംഗങ്ങളുമായ  എംപവേഡ് കമ്മിറ്റിയും  മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡും  പരിശോധിച്ച ശേഷമാവും   അദാനി ഗ്രൂപ്പിന്റെ വ്യവസ്ഥകൾ മന്ത്രിസഭയ്ക്ക് സമർപ്പിക്കുക.അതേ സമയം,  മത്സര ടെണ്ടറിലൂടെ കരാർ നൽകണമെന്ന്, കേന്ദ്ര സർക്കാർ വിഴിഞ്ഞത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചപ്പോൾ വച്ച വ്യവസ്ഥ  ഒറ്റ ടെണ്ടർ പരിഗണിച്ച് കരാർ നൽകുന്നതിന് തടസമാണ്.
 
പതിനാറാം വർഷം മുതൽ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനവും പിന്നീടങ്ങോട്ട് വർഷംതോറും ഒരു ശതമാനം വീതം കൂട്ടി 40 ശതമാനത്തിൽ എത്തിക്കുന്ന തരത്തിലാണ് പദ്ധതി. കുറഞ്ഞ വി.ജി.എഫ് എന്ന സർക്കാർ നിബന്ധന തളളിയ അദാനി 29 ശതമാനം വിജി.എഫാണ് ആവശ്യപ്പെട്ടത്. കൂടാതെ ബാക്ക് വാട്ടർ പദ്ധതിയും ഫിഷറീസ് പോർട്ടും സംസ്ഥാനം നിർമ്മിക്കണം.

അതേ സമയം, 30 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകണമെന്ന  മുൻ വ്യവസ്ഥയിൽ നിന്ന് പിൻമാറി  ഭൂമി സർക്കാരിന്റെ അധീനതയിൽ തന്നെ നിലനിറുത്തുകയും 40 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന് മുൻകൂർ ലൈസൻസ് എഴുതി വാങ്ങുകയും ചെയ്യും.  ഭൂമിയുടെ അവകാശം സർക്കാരിനായിരിക്കുന്നിടത്തോളം  തുറമുഖത്തിന്റെ ഉടമസ്ഥാവകാശവും  സർക്കാരിനാണ്.  ഇക്കാര്യങ്ങൾ പരിഗണിച്ച് കേന്ദ്രധന മന്ത്രാലയത്തിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരിന്  അദാനിയുമായി കച്ചവടം ഉറപ്പിക്കാം.
 
 അദാനി ഉൾപ്പെടെ മൂന്ന് കമ്പനികളാണ് വിഴിഞ്ഞത്തിന് താൽപര്യപത്രം വാങ്ങിയിരുന്നത്.  ഇതിൽ എസ്.ആർ. ഇ.ഐയും സ്പാനിഷ് കമ്പനിയായ ഒ. എച്ച്.എല്ലും ടെണ്ടർ സമർപ്പിച്ചില്ല.  നാലു കോടി മുടക്കി വിഴിഞ്ഞത് സാദ്ധ്യതാപഠനം  നടത്തിയ അദാനി ഗ്രൂപ്പ് കബോട്ടാഷ് നിയമത്തിൽ ഇളവ് നൽകുന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഉപാധി   വച്ചു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദാനി ഉൾപ്പെടെ വിഴിഞ്ഞം പദ്ധതിയിൽ താൽപര്യം പ്രകടിപ്പി്ച്ച എല്ലാകമ്പനികളുമായും  ചർച്ച നടത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.