Home » » ചെങ്കല്‍ വില വര്‍ധന പിന്‍വലിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

ചെങ്കല്‍ വില വര്‍ധന പിന്‍വലിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

Written By Unknown on Wednesday, 20 May 2015 | 04:26

മലപ്പുറം: ജില്ലയിലെ നിര്‍മാണ മേഖലയെ അത്യന്തം ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ചെങ്കല്ലുകള്‍ക്ക്‌ ക്രമാതീതമായി വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന്‌ എസ്‌.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 30 മുതല്‍ 34വരെ വിലയുണ്ടായിരുന്ന ചെങ്കല്ലിന്‌ 36 മുതല്‍ 40 രൂപ വരെയാണിപ്പോള്‍ ഈടാക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍ദേശങ്ങള്‍ പാലിച്ചാണെങ്കില്‍ അഞ്ചു മുതല്‍ പത്ത്‌ ശതമാനം വരെ മാത്രമെ വില വര്‍ധനവുണ്ടാകുകയുള്ളൂ. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ്‌ ജില്ലയില്‍ ചെങ്കല്ലിന്‌ വില വര്‍ധിപ്പിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭീമമായ റോയല്‍റ്റിയാണ്‌ വില വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുക്കിയതെന്ന മുടന്തന്‍ ന്യായമാണ്‌ ക്വാറി ഉടമകള്‍ ഉന്നയിക്കുന്നത്‌. കല്ലൊന്നിന്‌ പത്ത്‌ പൈസയുണ്ടായിരുന്ന റോയല്‍റ്റി 40 പൈസ വര്‍ധിപ്പിച്ച്‌ 50പൈസയായതു മൂലം കല്ലൊന്നിന്‌ ആറു രൂപയോളം വര്‍ധിപ്പിക്കേണ്ടി വന്നുവെന്ന വാദം ബാലിശമാണ്‌.
ജില്ലയില്‍ വിവിധ സര്‍ക്കാര്‍ സഹായങ്ങളിലൂടെ വീടു വക്കാനൊരുങ്ങിയ കുടുംബങ്ങള്‍ ചെങ്കല്ലിന്റെ വില വര്‍ധനവ്‌ മൂലം കിടപ്പാടമെന്ന സ്വപ്‌നം പോലും ത്യജിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. ജില്ലയിലെ സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്ന തരത്തില്‍ ക്വാറി ഉടമകള്‍ കാണിക്കുന്ന അന്യായത്തിനെതിരെ നടപടി സ്വീകരിക്കേണ്ട അധികാരികള്‍ കുറ്റകരമായ മൗനം പാലിക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. നിര്‍മാണ മേഖലയെ മുച്ചൂടും ബാധിക്കുന്ന ചെങ്കല്‍ വില വര്‍ധന പിടിച്ചു നിര്‍ത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്‌. എന്നാല്‍ ക്വാറി ഉടമകളെ സഹായിക്കുന്ന തരത്തില്‍ സാധാരണക്കാരനു മേല്‍ വിലവര്‍ധന അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ്‌ അധികാരികള്‍ സ്വീകരിക്കുന്നത്‌.
സര്‍ക്കാറിനെ അപ്രസക്തമാക്കി ക്വാറി ഉടമകള്‍ കാണിക്കുന്ന താന്തോന്നിത്തരത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റി മെയ്‌ 12ന്‌ ജില്ലാകലക്ടര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരാഴ്‌ചക്കകം കലക്ടര്‍ ഇടപെട്ട്‌ ചെങ്കല്‍ വിലവര്‍ധനവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ചെങ്കല്‍ ലോറികള്‍ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ എസ്‌.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. .
വാര്‍ത്താ സമ്മേളനത്തില്‍ എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്‌ വി ടി ഇക്‌റാമുല്‍ഹഖ്‌, ജനറല്‍ സെക്രട്ടറി എം പി മുസ്‌തഫ മാസ്റ്റര്‍, വൈസ്‌ പ്രസിഡന്റ്‌ മേമന ബാപ്പു മാസ്റ്റര്‍, സെക്രട്ടറി കൃഷ്‌ണന്‍ എരഞ്ഞിക്കല്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.