Home » » സ്വര്‍ണനിക്ഷേപമാര്‍ഗത്തില്‍ ശ്രദ്ധിക്കേണ്‌ട കാര്യങ്ങള്‍.

സ്വര്‍ണനിക്ഷേപമാര്‍ഗത്തില്‍ ശ്രദ്ധിക്കേണ്‌ട കാര്യങ്ങള്‍.

Written By Unknown on Wednesday, 5 February 2014 | 09:51

വിവാഹത്തിന്‌ വധുവിന്റെ ഷെയര്‍ സ്വര്‍ണമായി തരുന്നതില്‍ വിരോധമുണേ്‌ടാ എന്നു വധുവിന്റെ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ രണ്‌ടാമതൊന്നാലോചിച്ചില്ല. സ്വര്‍ണത്തിന്‌ വിലയേറുന്നതല്ലാതെ കുറയുന്ന പ്രശ്‌നമില്ലല്ലോ, അതുമല്ല ടാക്‌സിന്റെ പ്രശ്‌നങ്ങളും ഇല്ലല്ലോ. വീട്ടുകാര്‍ വാക്കുപാലിച്ചു. മുഴുവന്‍ തുകയും ആഭരണങ്ങളാക്കി അവര്‍ നല്‍കി. എന്നു മാത്രമല്ല വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെ സ്വര്‍ണത്തിന്റെ വിലക്കയറ്റം എന്നെയും സ്വര്‍ണത്തിന്റെ വക്താവാക്കി മാറ്റി. ഭാര്യയുടെ ബര്‍ത്ത്‌ഡേ, വിവാഹ വാര്‍ഷികം - സമ്മാനങ്ങള്‍ ആഭരണമാക്കിയതിനു പിന്നില്‍ ഒരു ഗൂഢമായ ഉദ്ദേശ്യം കൂടിയുണ്‌ടായിരുന്നു. പൊലിക്കുന്ന ഒരു നിക്ഷേപ മാര്‍ഗം തന്നെയാണല്ലോ ഇത്‌.

സ്വന്തമായി വീടു വാങ്ങുന്നതിന്‌ പണത്തിന്‌ ആവശ്യം വന്നപ്പോഴാണ്‌ ആദ്യമായി ഈ നിക്ഷേപം ഒന്നു ലിക്വിഡേറ്റ്‌ ചെയ്യുന്നതിനേക്കുറിച്ചാലോചിച്ചത്‌. 20 പവര്‍ വില്‍ക്കാനായി കൊണ്‌ടുചെന്നപ്പോള്‍ ഞെട്ടിപ്പോയി. സംഗതി വാങ്ങിയ വിലയിലും മോശമല്ലാത്ത മൂലധന വര്‍ധന അതിനോടകം കൈവരിച്ചു കഴിഞ്ഞിരുന്നെങ്കിലും പണിക്കുറവും മറ്റും തട്ടിക്കിഴിച്ചു കഴിഞ്ഞപ്പോള്‍ കാര്യമായ മെച്ചമൊന്നുമുണ്‌ടായില്ല. എന്നു മാത്രമല്ല ഏതാണ്‌ട്‌ ഒരു മാസക്കാലയളവു കൊണ്‌ട്‌ 20 ശതമാനത്തിന്‌ മുകളിലുള്ള കറക്‌ഷന്‍ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്വര്‍ണത്തിന്റെ വില മുകളിലേക്ക്‌ മാത്രമല്ല പോവുക എന്ന ബോധ്യം ഉണ്‌ടാക്കിത്തന്നത്‌ സമീപകാലത്തുണ്‌ടായ ഈ കറക്‌ഷനാണ്‌. അതോടുകൂടി ഒരു കാര്യം എനിക്കു ബോധ്യമായി. ഏതെങ്കിലും ഒരു അസറ്റ്‌ ക്ലാസില്‍ മാത്രമുള്ള കോണ്‍സെന്‍ട്രേഷന്‍ അപകടം വരുത്തിവയ്‌ക്കും. സ്വര്‍ണമായാലും ഭൂമിയായാലും ഈ നിയമം ബാധകമാണ്‌ - സമീപകാലത്ത്‌ ഒരാളില്‍ നിന്നും കേട്ട കാര്യങ്ങളാണിവ.

ഇന്ത്യക്കാരായ നിക്ഷേപകരില്‍ സ്വര്‍ണത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. പലപ്പോഴും സെന്റിമെന്റ്‌സിനാലാണ്‌ നമ്മുടെ നാട്ടുകാരില്‍ സ്വര്‍ണം എന്ന നിക്ഷേപത്തിന്റെ വില ഏറുന്നതായി കണ്‌ടുവരുന്നത്‌. അതുകൊണ്‌ടുതന്നെ സ്വര്‍ണം എന്ന നിക്ഷേപ മാര്‍ഗം പലരിലും ആഭരണത്തില്‍ മാത്രം ഒതുങ്ങുന്നു. പക്ഷേ ആഭരണം വാങ്ങിക്കൂട്ടുന്നതു പലപ്പോഴും ഒരു നിക്ഷേപം എന്ന നിര്‍വചനത്തില്‍ പെടുന്നില്ല. വാങ്ങുമ്പോള്‍ നല്‍കേണ്‌ടിവരുന്ന പണിക്കൂലി, വില്‍ക്കുമ്പോള്‍ കുറയ്‌ക്കപ്പെടുന്ന പണിക്കുറവ്‌ ഇതൊക്കെ കൂട്ടിയും കിഴിച്ചും കഴിയുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയിലുണ്‌ടായ വര്‍ധന ലഭ്യമാകാതെ വരുന്നു. സമീപകാലത്ത്‌ സ്വര്‍ണത്തിന്റെ വിലയിലുണ്‌ടായ ഭീമമായ കറക്‌ഷന്‍ കുറച്ചുപേരെയെങ്കിലും വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു. ഇനി മറ്റു ചിലരാകട്ടെ സ്വര്‍ണം ഒരു നിക്ഷേപമാര്‍ഗമായിപ്പോലും അംഗീകരിക്കാന്‍ മടിക്കുകയും ചെയ്യുന്നു. ഒരു തുടക്കക്കാരന്‍ ഈ നിക്ഷേപമാര്‍ഗത്തില്‍ ശ്രദ്ധിക്കേണ്‌ട കാര്യങ്ങള്‍ എന്തൊക്കെയെന്ന്‌ ഒന്നു ശ്രദ്ധിക്കാം.

ആദ്യംപറഞ്ഞ വ്യക്തിക്കുണ്‌ടായ അനുഭവത്തില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസിലാക്കാം. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ സെന്റിമെന്റ്‌സിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും സ്വര്‍ണത്തില്‍ വിന്യസിപ്പിക്കരുത്‌. അതേസമയം നിക്ഷേപത്തിന്‌ ലഭ്യമായ തുകയില്‍ ഒരു ഭാഗം സ്വര്‍ണത്തിലെ നിക്ഷേപത്തിനായി മാറ്റിവയ്‌ക്കുകയും വേണം.

ഓഹരി വിപണി തകര്‍ന്നടിയുമ്പോള്‍, കുറഞ്ഞ ഓഹരി വിലകളാല്‍ കുത്തനെ ഇടിയുന്ന മ്യൂച്വല്‍ ഫണ്‌ടുകളുടെ യൂണിറ്റ്‌ വിലയില്‍, പണപ്പെരുപ്പ നിരക്കിനോടു പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ബാങ്ക്‌ സ്ഥിരനിക്ഷേപ നിരക്കില്‍ ലിക്വിഡിറ്റി തീര്‍ത്തും കുറഞ്ഞ റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപത്തില്‍ ഒരു അത്താണിയാവാന്‍ സ്വര്‍ണത്തിലെ നിക്ഷേപത്തിനു കഴിഞ്ഞേക്കും. ഇതിനെക്കാളെല്ലാമുപരി ഏതെങ്കിലും ഒരു നിക്ഷേപാവസരത്തില്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും വിന്യസിപ്പിക്കുന്നതിലെ അപകടം ഒഴിവാക്കാനും നിശ്ചിത അനുപാതത്തിലുള്ള സ്വര്‍ണത്തിലെ നിക്ഷേപം സഹായകമാവുന്നു.

ഉപയോഗത്തിനായാണോ നിക്ഷേപത്തിനായാണോ സ്വര്‍ണം വാങ്ങുന്നതെന്നതാണ്‌ ഒരു തുടക്കക്കാരന്‍ ആദ്യം തന്നോടു തന്നെ ചോദിക്കേണ്‌ടുന്ന ഒരു ചോദ്യം. ഉപയോഗത്തിന്‌ ആവശ്യമായ ഗോള്‍ഡ്‌ ആഭരണത്തിലും നിക്ഷേപത്തിനായുള്ളവ പേപ്പറില്‍ ആക്കുന്നതുമായിരിക്കും ഉചിതം. കളഞ്ഞുപോകുമെന്നോ, മോഷ്‌ടിക്കപ്പെടുമെന്നോ ഉള്ള ഭയം സ്വര്‍ണം പേപ്പറിലാകുമ്പോള്‍ ഉണ്‌ടാകേണ്‌ടതില്ല.

സംശുദ്ധിയെക്കുറിച്ചുള്ള വിശ്വാസം, പണിക്കൂലി നല്‍കേണ്‌ടതില്ല എന്ന ഗുണം, പണിക്കുറവ്‌ ഉണ്‌ടാകുന്നില്ല എന്ന മെച്ചം, ഉയര്‍ന്ന ലിക്വിഡിറ്റി ഇവ പേപ്പര്‍ ഗോള്‍ഡിന്റെ എടുത്തുപറയേണ്‌ട മെച്ചങ്ങള്‍ തന്നെയാണ്‌. ഗോള്‍ഡ്‌ ഇടിഎഫില്‍ നിക്ഷേപകനാകുന്നൊരാള്‍ക്കു വേണമെങ്കില്‍ തങ്ങളുടെ സ്റ്റേറ്റ്‌മെന്റ്‌ ഓഫ്‌ ഹോള്‍ഡിംഗില്‍ ഉള്ള അത്രയും യൂണിറ്റുകള്‍ സ്വര്‍ണമാക്കി മാറ്റുകയുമാവാം. ഇങ്ങനെ മാറ്റുന്ന സ്വര്‍ണത്തിന്റെ സംശുദ്ധി 99.5 ശതമാനത്തില്‍ നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ സംശുദ്ധിയേക്കുറിച്ചുള്ള ഭയത്തിനും സ്ഥാനമില്ല. ഇതിനായി ഒരു തുടക്കക്കാരന്‌ വേണ്‌ടത്‌ ഗോള്‍ഡ്‌ ഇ.ടി.എഫില്‍ നിക്ഷേപിക്കാനായുള്ള ഡീമാറ്റ്‌ അക്കൗണ്‌ടും ട്രേഡിംഗ്‌ അക്കൗണ്‌ടും മാത്രമാണ്‌. ഒരു ഡീമാറ്റ്‌ അക്കൗണ്‌ട്‌ തുടങ്ങാന്‍ മടിയാണെങ്കില്‍ ഗോള്‍ഡ്‌ ഇ.ടി.എഫില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്‌ടിനു സമാനമായ ഗോള്‍ഡ്‌ ഫണ്‌ടിലും നിങ്ങള്‍ക്കു നിക്ഷേപമാവാം. ഒരു എസ്‌ഐപി (സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍) റൂട്ടിലൂടെയെന്നവണ്ണം നിക്ഷേപിക്കാനാവുമെന്നതാണ്‌ ഇവിടത്തെ പ്രത്യേകത.

തങ്ങളുടെ നിക്ഷേപത്തിലുള്ള വൈവിധ്യവത്‌കരണം സാധ്യമാക്കാനാവണം സ്വര്‍ണം എന്ന നിക്ഷേപമാര്‍ഗത്തെ ഒരു തുടക്കക്കാരന്‍ സമീപിക്കേണ്‌ടത്‌. ആകെ നിക്ഷേപത്തിന്‌ ലഭ്യമായ തുകയുടെ പത്തോ പതിനഞ്ചോ ശതമാനമായി ഈ നിക്ഷേപം നിജപ്പെടുത്തുകയും വേണം.

സ്വര്‍ണം എന്ന നിക്ഷേപത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഈ നിക്ഷേപമാര്‍ഗത്തെക്കുറിച്ച്‌ കാലാകാലങ്ങളായി നിലനിന്നുപോകുന്ന ചില തെറ്റിധാരണകളെക്കുറിച്ചും പറയേണ്‌ടിവരും. പണപ്പെരുപ്പ നിരക്കിനോടു പൊരുതി നില്‍ക്കാനുപകരിക്കുന്ന ഒരു കവചം എന്ന നിലയിലാണ്‌ പലരും ഈ നിക്ഷേപത്തെക്കുറിച്ച്‌ പറയുന്നത്‌. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്‍ഫ്‌ളേഷനും സ്വര്‍ണത്തിന്റെ വിലയിലെ മാറ്റവും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നു കാണാം.

സമീപകാലത്ത്‌ സ്വര്‍ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ പണപ്പെരുപ്പനിരക്ക്‌ വര്‍ധിക്കുകയായിരുന്നുവെന്നത്‌ ഇതോടു ചേര്‍ത്തുവായിക്കണം. അതുപോലെ ഒരിക്കലും വിലയിടിയാത്തൊരു നിക്ഷേപം എന്നു പലരും ഈ നിക്ഷേപത്തെ കരുതുന്നു. സ്വര്‍ണത്തിന്റെ കഴിഞ്ഞകാല വിലനിലവാരം പരിശോധിച്ചാല്‍ ഇടിഞ്ഞവില കാര്യമായ മാറ്റമില്ലാതെ തുടര്‍ന്ന വര്‍ഷങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. ഇത്രയൊക്കെ അറിഞ്ഞുകൊണ്‌ടുതന്നെ സ്വര്‍ണം എന്ന നിക്ഷേപമാര്‍ഗത്തില്‍ പത്തുശതമാനം മുതല്‍ 15 ശതമാനംവരെയുള്ള തുക നിക്ഷേപിക്കുന്നത്‌ തങ്ങളുടെ നിക്ഷേപ ശേഖരം ഒരു നിക്ഷേപകനെ സഹായിക്കുമെന്ന്‌ തീര്‍ച്ച!

പ്രഭാ മനോജ്‌
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.