Home » » തോന്നുന്നതുപോലെ കയറി മേയാനുള്ള സ്‌ഥലമല്ല മന്നം സമാധി മണ്ഡപം. സുകുമാരന്‍ നായര്‍.

തോന്നുന്നതുപോലെ കയറി മേയാനുള്ള സ്‌ഥലമല്ല മന്നം സമാധി മണ്ഡപം. സുകുമാരന്‍ നായര്‍.

Written By Unknown on Thursday, 27 February 2014 | 18:31

ചങ്ങനാശേരി* മന്നം സമാധി ദിനത്തില്‍ കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരനും ചില കോണ്‍ഗ്രസ്‌ നേതാക്കളും മന്നം സമാധി മണ്ഡപത്തില്‍ ഇടിച്ചു കയറി അതിക്രമം കാണിക്കുകയായിരുന്നുവെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്റെ സന്ദര്‍ശനം വിവാദമായ സാഹചര്യങ്ങളെ സംബന്ധിച്ച്‌  പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്‌എസ്‌ നേതൃയോഗം വിലയിരുത്തിയ ശേഷമാണ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പ്രസിഡന്റ്‌ പി.എന്‍. നരേന്ദ്രനാഥന്‍ നായരും മാധ്യമങ്ങളോടു പ്രതികരിച്ചത്‌.
തോന്നുന്നതുപോലെ കയറി മേയാനുള്ള സ്‌ഥലമല്ല മന്നം സമാധി മണ്ഡപം. മന്നം സമാധി ദിനം മോശമാക്കിയത്‌ എന്‍എസ്‌എസ്‌ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ഇതിനെ ലഘൂകരിച്ചു കാണാന്‍ കഴിയില്ല. ഇതില്‍ ശക്‌തമായ എതിര്‍പ്പും പ്രതിഷേധവുമുണ്ട്‌. ഒരു പരിഹാര ചര്‍ച്ചയും ഇതിനാവശ്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്ക്‌ എതിരെ ഉണ്ടായ പ്രതികരണങ്ങള്‍ യോഗം പുച്‌ഛത്തോടെ തള്ളിക്കളഞ്ഞതായി ഇരുവരം പറഞ്ഞു.

വി.എം. സുധീരന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനത്തില്‍ എന്‍എസ്‌എസ്‌ ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങള്‍, താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ്‌ പ്രസിഡന്റുമാര്‍, യൂണിയന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തനേതൃയോഗം ഐകകണ്‌ഠ്യേന അതൃപ്‌തി രേഖപ്പെടുത്തി. കോണ്‍ഗ്രസ്‌ നേതാക്കന്മരോടു മൊത്തമായുള്ള പ്രതിഷേധമോ നിലപാടോ അല്ല ഇത്‌. വി.എം. സുധീരനും വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഇതിനെതിരെ പ്രതികരിച്ചവര്‍ക്കുമെതിരെയാണ്‌ എന്‍എസ്‌എസ്‌ പ്രതിഷേധം ഉന്നയിക്കുന്നതെന്നു സുകുമാരന്‍നായര്‍ പറഞ്ഞു.

സുധീരനെ പിന്തുണച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രതികരണം ഞങ്ങള്‍ക്ക്‌ പ്രശ്‌നമല്ല. അതിനുള്ള മറുപടി കൂടിയാണിത്‌. എതിര്‍പ്പുകളെയും ആരോപണങ്ങളെയും അവഗണനയോടെ തള്ളിക്കളയുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മന്നം നായര്‍ സമുദായത്തിന്റെയും എന്‍എസ്‌എസിന്റെയും മാത്രം സ്വത്താണ്‌, അല്ലാതെ മറ്റാരുടെയും സ്വത്തല്ല.

അനുവാദം ചോദിച്ചുവരുന്നവര്‍ എന്‍എസ്‌എസിനെയും നേതാക്കളെയും അംഗീകരിക്കാതെ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി മാത്രം മടങ്ങുകയല്ല വേണ്ടത്‌. കോട്ടയത്ത്‌ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ ഇതു നടക്കുമായിരിക്കും. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ ഉന്നത നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക്‌ ഇതില്‍ വിഷമമുണ്ട്‌. വി.എം. സുധീരനെ സ്വീകരിക്കാനോ ചര്‍ച്ച ചെയ്യാനോ ഒന്നും നേരത്തെ എന്‍എസ്‌എസ്‌ തീരുമാനിച്ചിരുന്നില്ല.

ഹെഡ്‌ ഓഫിസില്‍ തന്നെ കാണാന്‍ വരികയായിരുന്നെങ്കില്‍ സ്വീകരിക്കാന്‍ തയാറെടുക്കുകയും ചെയ്‌തിരുന്നുവെന്ന്‌ സുകുമാരന്‍ നായര്‍ പറഞ്ഞു. പുഷ്‌പാര്‍ച്ചന നടത്താന്‍ മാത്രമായിരുന്നുവെങ്കില്‍ തന്നോട്‌ അനുവാദം വാങ്ങേണ്ടിയിരുന്നില്ല. അനുവാദം വാങ്ങിയ സ്‌ഥിതിക്ക്‌ എന്‍എസ്‌എസ്‌ പ്രതിനിധികള്‍ക്കൊപ്പം പുഷ്‌പാര്‍ച്ചന നടത്തണമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.