Home » » കേരളത്തിന്റെ പ്രതിഷേധത്തിനു വിലകല്‍പ്പിക്കാതെ പാലക്കാട്‌ ഡിവിഷനെ വിഭജിക്കാന്‍ റയില്‍വേ തീരുമാനിച്ചു.

കേരളത്തിന്റെ പ്രതിഷേധത്തിനു വിലകല്‍പ്പിക്കാതെ പാലക്കാട്‌ ഡിവിഷനെ വിഭജിക്കാന്‍ റയില്‍വേ തീരുമാനിച്ചു.

Written By Unknown on Thursday, 27 February 2014 | 18:40

ന്യൂഡല്‍ഹി* കേരളത്തിന്റെ പ്രതിഷേധത്തിനു വിലകല്‍പ്പിക്കാതെ പാലക്കാട്‌ ഡിവിഷനെ വിഭജിക്കാന്‍ റയില്‍വേ തീരുമാനിച്ചു. പാലക്കാട്‌ ഡിവിഷന്റെ ഭാഗമായ മേഖലയെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ ആസ്‌ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കുമെന്ന്‌ റയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. കശ്‌മീരിലെ ആദ്യ ഡിവിഷനായി ജമ്മു, അസമില്‍ സില്‍ച്ചര്‍ എന്നിവയാണ്‌ പുതിയതായി രൂപീകരിക്കുന്ന മറ്റു ഡിവിഷനുകള്‍. പുതിയ മൂന്നു ഡിവിഷനുകള്‍ രൂപീകരിക്കുമെന്ന റയില്‍വേ മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമെന്ന്‌ അദ്ദേഹം പറഞ്ഞു.

മംഗലാപുരം ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ ഭാഗമായി പാലക്കാട്‌ ഡിവിഷനു കീഴിലുള്ള ഭാഗങ്ങള്‍ ഗുല്‍ബര്‍ഗ ഡിവിഷനിലേക്കു ചേര്‍ക്കപ്പെടാനാണു സാധ്യത. മംഗലാപുരം ആസ്‌ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ ചര്‍ച്ച സജീവമായപ്പോള്‍ കേരളത്തിന്റെ ഏതിര്‍പ്പിനെ തുടര്‍ന്ന്‌ ഉപേക്ഷിക്കുകയായിരുന്നു. സോണ്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചെങ്കിലും സാമ്പത്തിക പരിമിതികളുടെ പേരില്‍ തീരുമാനം മാറ്റിവച്ചു. അടുത്ത ഭാവിയില്‍ പുതിയ സോണ്‍ രൂപീകരിക്കില്ലെന്ന്‌ റയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ പറഞ്ഞു.

1958 ല്‍ പാലക്കാട്‌ ഡിവിഷന്‍ രൂപീകരിക്കുമ്പോള്‍ 1247 കിലോമീറ്റര്‍ പാതയായിരുന്നു. പിന്നീട്‌ പാലക്കാട്‌ ഡിവിഷനു കീഴിലുണ്ടായിരുന്ന തമിഴ്‌നാടിന്റെ ഭാഗങ്ങളെ വേര്‍പെടുത്തി 2007ല്‍ സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ വിസ്‌തൃതി 548 കിലോമീറ്ററായി കുറഞ്ഞു. സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോഴും കേരളം ശക്‌തമായി എതിര്‍ത്തെങ്കിലും പുതിയ സോണ്‍ എന്ന മോഹന വാഗ്‌ദാനത്തില്‍ സംസ്‌ഥാനത്തിന്റെ പ്രതിഷേധം ഒതുക്കി. വരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ബജറ്റ്‌ വിഹിതം ഓരോ ഡിവിഷനും ലഭിക്കുന്നത്‌. പാലക്കാട്‌ ഡിവിഷന്റെ ഭാഗം ഗുല്‍ബര്‍ഗയിലേക്കു മാറ്റുന്നതോടെ വരുമാനത്തില്‍ ഗണ്യമായ കുറവു വന്നേക്കാം.

കര്‍ണാടകത്തില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗേ റയില്‍വേ മന്ത്രിസ്‌ഥാനം ഏറ്റെടുത്തപ്പോഴാണ്‌ പുതിയ ഡിവിഷന്‍ വേണമെന്ന ആവശ്യം സജീവമായത്‌. സര്‍ക്കാര്‍ അധികാരം ഒഴിയും മുന്‍പ്‌ പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ ഖര്‍ഗേയ്‌ക്കു കഴിഞ്ഞു. റയില്‍വേയുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു കാര്യമായ പരിഗണനയും ലഭിച്ചില്ല. പാലക്കാട്‌ ഡിവിഷനെ മറ്റ്‌ ഡിവിഷനുകളില്‍ ലയിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണെന്നാണ്‌ റയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.