കണ്ണൂര്‍: മണല്‍ക്കടത്തു തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പരിയാരം അമ്മാനപ്പാറയില്‍ എഎസ്‌പി ശിവവിക്രം ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തളിപ്പറമ്പ് കേന്ദ്രമാക്കി ലീഗില്‍ ഒരു തീവ്രവാദി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നു നേരത്തെ സിപിഎം ചൂണ്‌ടിക്കാണിച്ചതിന്റെ ഒടുവിലത്തെ സംഭവമാണ് പോലീസുദ്യോഗസ്ഥരുടെ നേര്‍ക്കുള്ള വധശ്രമമെന്നും ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കുറ്റിക്കോലില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തകര്‍ത്ത സംഭവത്തിലെ പ്രതിയാണ് പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായ നിസാമുദ്ദീന്‍. ലീഗ് തീവ്രവാദി ഗ്രൂപ്പുകള്‍ക്കു എല്ലാ സഹായവും ചെയ്യുന്നത് കെ. സുധാകരന്‍ എംപിയാണെന്നും ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് മണല്‍മാഫിയ മാസപ്പടി നല്‍കുന്നുണ്‌ട്. സുധാകരനെപോലെയുള്ളവരുടെ പണസഞ്ചിയാണ് മണല്‍മാഫിയ. മണല്‍ മാഫിയക്കെതിരേ നടപടിയെടുത്തതിന്റെ പേരില്‍ വളപട്ടണം പോലീസ് സ്‌റ്റേഷനിലെത്തി എസ്‌ഐയെ സുധാകരന്‍ ഭീഷണിപ്പെടുത്തിയതും ഇതിന്റെ തെളിവാണെന്നും ജയരാജന്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജയിംസ്‌മാത്യു എംഎല്‍എ, കെ.കെ. രാഗേഷ് എന്നിവരും പങ്കെടുത്തു.







