തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയുടെ വ്യാജ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി യുവാവ് അധ്യാപക ജോലി നേടിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടമോ മറ്റുവിവരങ്ങളോ പോലീസിന് ഇതുവരെ കണെ്‌ടത്താനായിട്ടില്ല. സര്‍വകലാശാലയുടെ ബിഎ, ബിഎഡ്, മാസ്‌റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ യുവാവ് ജോലി നേടിയതായാണ് കേസ്. വളാഞ്ചേരി ഇരിമ്പിളിയത്തെ പുല്ലാണിക്കാട്ട് മധുവാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി നേടിയത്. ഇയാളെ മാസങ്ങള്‍ക്ക് മുന്‍പ് തേഞ്ഞിപ്പലം പോലീസ് അറസ്‌റ്റുചെയ്‌തിരുന്നു. റിമാന്‍ഡിലായ മധു പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
കേസ് അന്വേഷണം ഒരാഴ്‌ച നീണ്‌ട തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും ഒതുങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആരാണ് നിര്‍മിച്ചതെന്ന് മധുവിനെ ചോദ്യം ചെയ്‌ത് കണെ്‌ടത്താന്‍ പോലും പോലീസിന് കഴിഞ്ഞില്ല.
പാലക്കാട്ടെ സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട സെക്രട്ടേറിയറ്റ് റിട്ടയേര്‍ഡ് ജീവനക്കാരനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മധുവിന് നല്‍കിയെന്നായിരുന്നു പോലീസിന്റെ ആദ്യ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ മധുവിനെ പാലക്കാടും തിരുവന്തപുരത്തും കൊണ്‌ടു പോയി തെളിവെടുക്കാന്‍ പോലീസ് തീരുമാനിച്ചെങ്കിലും അതും ഉപേക്ഷിച്ചു. ഒടുവില്‍ വളാഞ്ചേരി ഇരിമ്പിളിയത്തെ മധുവിന്റെ വീട്ടിലും നാട്ടിലെ ചിലപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ നിര്‍ണായകമായ യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല. കോട്ടയമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ കേന്ദ്രമെന്ന് തുടക്കത്തില്‍ സൂചിപ്പിച്ച അന്വേഷണ സംഘം ഇപ്പോള്‍ മുംബൈ ആണെന്ന നിഗമനത്തിലാണ്.
കരുവാരക്കുണ്‌ട് സ്വദേശിയായ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഇയാളെ പിടികൂടാനായാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണെ്‌ടത്താനാകുമെന്നുമാണ് തേഞ്ഞിപ്പലം പോലീസ് പറയുന്നത്.
ഒന്നാം ക്ലാസോടു കൂടിയ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി എസ്‌എസ്‌എല്‍സി യോഗ്യത മാത്രം ഉള്ളയാള്‍ അധ്യാപകനായി എന്ന ഗൗരവമായ കേസിലാണ് പോലീസിന്റെ ഈ കടുത്ത അനാസ്ഥ.
കാലിക്കട്ടിന്റേതുള്‍പ്പടെ സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കുന്ന മാഫിയകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്‌ട്.







