തമിഴകത്തെ താരറാണിയാകാനുളള മത്സരം മലയാളികളായ രണ്‌ടു താരസുന്ദരിമാര്‍ തമ്മില്‍! തമിഴകത്തിന്റെ സ്വന്തവും ഇറക്കുമതി ചെയ്‌തതുമായ നായികമാരെയെല്ലാം പിന്തള്ളി തമിഴിലെ ഒന്നാം നമ്പര്‍ നായികാപട്ടത്തിനു മല്‍സരിക്കുന്നത് നയന്‍താരയും അമലാപോളും തമ്മില്‍. ഇതില്‍ ആരു ജയിക്കുമെന്നു മാത്രം ഇനിഅറിഞ്ഞാല്‍ മതി.
കൈ നിറയെ ചിത്രങ്ങളാണ് നയന്‍സിനും അമലാപോളിനും. എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍. നായകന്‍കാര്‍ തമിഴിലെ യുവതാരങ്ങളും. ചിത്രങ്ങള്‍ നിര്‍മിക്കുന്നതെല്ലാം വമ്പന്‍ കമ്പനികളും.
രാജാറാണിയുടെ ഗംഭീര വിജയത്തോടെയാണ് നയന്‍താര കോളിവുഡിലെ മുന്‍നിരയിലേക്ക് തിരിച്ചുവരവ് നടത്തിയത്. പ്രഭുദേ വയുമായുള്ള പ്രണയപരാജയത്തെ തുടര്‍ന്ന് കരിയറില്‍മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ആര്യയുടെ നായികയായി രാജാറാണിയെത്തുന്നത്. നായകനായ ആര്യയെ നിഷ്‌പ്രഭമാക്കിയ പ്രകടനമായിരുന്നു നയന്‍സിന്റേത്. തുടര്‍ന്ന് അജിത്തിനൊപ്പമുള്ള ആരംഭവും റിലീസ് ചെയ്‌തു. ചിത്രം വേണ്‌ടത്ര വിജയിച്ചില്ലെങ്കിലും നയന്‍താരയ്‌ക്ക് ആരംഭം ഗുണം ചെയ്‌തു. രണ്‌ടു ചിത്രങ്ങള്‍ ഒപ്പമിറങ്ങിയതോടെ മറ്റു പല നടിമാരെയും പിന്നിലാക്കാന്‍ സാധിച്ചു.
ഗ്ലാമര്‍ കൊണ്‌ടല്ലാതെ അഭിനയം കൊണ്‌ട് താരറാണിയാകാമെന്നാണ് നയന്‍താര രണ്‌ടാംവരവിലൂടെ തെളിയിച്ചത്. ഇതോടെ പ്രതിഫലം എത്ര നല്‍കിയാലും നയന്‍താരയെ തന്നെ നായികയാക്കണമെന്നായി സംവിധായകരും നിര്‍മാതാക്കളും. മുന്‍കാമുകന്‍ ചിമ്പുവരെ നയന്‍താരയെ നായികയായി വേണമെന്ന് നിര്‍ബന്ധം പറഞ്ഞതോടെ തിരക്കുള്ള നാളുകളിലേക്ക് വീണ്‌ടുമെത്തി. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ഇതു നമ്മ ആള്‍ നിര്‍മിക്കുന്നതും ചിമ്പു തന്നെയാണ്.
പഴയ പ്രണയം പറഞ്ഞ് ചിമ്പു വരുമെന്ന് ഉറപ്പുള്ളതിനാല്‍ ഷൂട്ടിങ് സെറ്റില്‍ വളരെ അകലം പാലിച്ചാണു നയന്‍സ് നില്‍ക്കുന്നത്. ഉദയനിധി സ്‌റ്റാലിന്‍ നിര്‍മിച്ച് നായകനാകുന്ന കതിര്‍വേലന്‍ കാതല്‍ ആണ് നയന്‍സ് അഭിനയിക്കുന്ന മറ്റൊരു ചിത്രം. സുന്ദരപാണ്ഡ്യന്‍ സംവിധാനംചെയ്‌ത എസ്.ആര്‍. പ്രഭാകരന്‍ആണ് കതിര്‍വേലന്റെ സംവിധായകന്‍. കോമഡി താരം സന്താനവും ഉദയനിധിയും ഒകെ ഒകെ എന്ന ചിത്രത്തിനു ശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
ഉദയനിധിയുടെ അടുത്ത ചിത്രത്തിലും നയന്‍സ് തന്നെയാണ് നായിക. ജഗദീഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രവും കോമഡി തന്നെയാണ്. ജയം രവിക്കൊപ്പമാണ് അടുത്ത ചിത്രം. കോമഡി ത്രില്ലറാണ് ഈ ചിത്രം. അടുത്ത രണ്‌ടുവര്‍ഷത്തേക്കുള്ള നയന്‍സിന്റെ സമയമെല്ലാം വിറ്റുകഴിഞ്ഞു എന്നര്‍ഥം.
തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേസമയം വിജയം ആവര്‍ത്തിച്ചാണ് അമല മുന്നേറുന്നത്. ജയം രവി, നാനി, ധനുഷ് എന്നിവരുടെ നായികയായിട്ടാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്. നിമിര്‍ന്തു നില്‍ എന്ന ആക്‌ഷന്‍ ചിത്രത്തിലാണ് ജയം രവിക്കൊപ്പം അമലയെത്തുന്നത്. നടന്‍ സമുദ്രക്കനിയാണ് ഇതിന്റെ സംവിധാനം.
നാനിയെ നായകനാക്കി തെലുങ്കിലും ഇതേ ചിത്രമൊരുക്കുന്നുണ്‌ട്. അതിലും അമലാ പോള്‍ തന്നെയാണ് നായിക. ജണ്‌ട പൈ കവിരാജ് എന്ന ചിത്രത്തിലൂടെ ഈച്ച ഫെയിം നാനി വീണ്‌ടുമെത്തുന്നു. സമുദ്രക്കനി നിര്‍മിച്ച് സംവിധാനം ചെയ്‌ത് നായകനായി അഭിനയിക്കുന്ന അടുത്ത ചിത്രത്തിലും നായിക വേറെയാരുമല്ല. ധനുഷിന്റെ ഇരുപത്തഞ്ചാം ചിത്രത്തിലും നായിക അമല തന്നെ. വേലയില്ല പട്ടാതിരി എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വേല്‍രാജ് ആണ്. വാലന്റൈന്‍സ്‌ദിനമായ ഇന്ന് ഇതിന്റെ ടീസര്‍ പുറത്തിറങ്ങും.
ഇരുപത്തഞ്ചാം ചിത്രമായതിനാല്‍ വന്‍ ഒരുക്കങ്ങളോടെയാണ് ധനുഷ് വേലയില്ലാ പട്ടാതിരിഎത്തിക്കുന്നത്. അതും അമലയ്‌ക്ക് ഒന്നാംസ്‌ഥാനത്തേക്കു കുതിക്കാന്‍ സഹായംനല്‍കും. ആര്‍ക്കാവും ഈ പടയോട്ടത്തിനൊടുവില്‍ താരറാണിപ്പട്ടം ലഭിക്കുക എന്നാണു തമിഴകം ഉറ്റുനോക്കുന്നത്.








