Home » » തനിക്കെതിരെ വ്യാജ പരാതി നല്കിയതാണെന്ന് ബോബി ചെമ്മണ്ണൂര്‍.

തനിക്കെതിരെ വ്യാജ പരാതി നല്കിയതാണെന്ന് ബോബി ചെമ്മണ്ണൂര്‍.

Written By Unknown on Sunday, 22 June 2014 | 18:38

തന്നെ പലിശയുടെ പേരില്‍ ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിന്റെ സ്ഥാപനവും പീഡിപ്പിക്കുന്നുവെന്നും തന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്നും പറഞ്ഞ് പരാതി നല്‍കിയത് ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനാണെന്നും ഇദ്ദേഹം ജ്വല്ലറിയില്‍ നിന്നും തട്ടിപ്പ് നടത്തിയ കേസില്‍ വിചാരണ നേരിടുന്ന ആളുമാണെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മാനേജുമെന്റ് അവകാശപ്പെടുന്നു. ബോബി ചെമ്മണ്ണൂരിനെതിരെയും മൂന്ന് ജീവനക്കാര്‍ക്കെതിരെയും കഴിഞ്ഞ ദിവസം കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ജ്യോതീന്ദ്രന്‍ എന്നയാള്‍ പരാതി നല്‍കിയിരുന്നു. ജ്വല്ലറിയില്‍ നിന്നും 12 ലക്ഷം രൂപ കളവ് നടത്തിയ കേസില്‍ വിചാരണ നേരിടുന്ന ലിനീഷ് എന്ന മുന്‍ ജീവനക്കാരനാണ് ജ്യോതീന്ദ്രനെ സ്വാധീനിച്ച് കേസ് നടത്തുന്നതെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം.

1997-ല്‍ ജ്യോതീന്ദ്രന്‍ ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന് അദ്ദേഹത്തിന്റെ 12.5 സെന്റ് സ്ഥലം വിറ്റെന്നും ഈ ഇടപാടില്‍ 50,000 രൂപ ബാക്കിയുണ്ടെന്നാരോപിച്ചാണ് ഇപ്പോള്‍ കേസ് നടത്തുന്നതെന്നാണ് മാനേജുമെന്റ് പറയുന്നത്. എന്നാല്‍ തനിക്ക് 50000 രൂപ പലിശയ്ക്ക് തന്നെന്നും മൂന്നര ലക്ഷം രൂപ തിരിച്ചടച്ചിട്ടും ആധാരം തിരികെ തരുന്നില്ലെന്നും ഇനിയും 78000 രൂപ അടച്ചാല്‍ മാത്രമേ പണയ ഉരുപ്പടികള്‍ തിരികെ തരികയുള്ളൂവെന്നും ജ്വല്ലറി മാനേജുമെന്റ് അറിയിച്ചതായാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ജ്യോതീന്ദ്രന്‍ പറയുന്നത്. എന്നാല്‍ ലിനീഷിനെതിരെ ഇപ്പോള്‍ കേസ് നടക്കുകയാണെന്നും ഇതില്‍ നിന്നും ബോബി ചെമ്മണൂരിനെ പിന്‍മാറ്റിക്കുകയാണ് ഈ പരാതിയുടെ ലക്ഷ്യമെന്നും ജ്വല്ലറി മാനേജ്മന്റ് ആരോപിക്കുന്നു.
തങ്ങളുടെ ഓഫീസില്‍ നടന്ന പോലീസ് പരിശോധനയില്‍ അനധികൃതമായി യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും ചെമ്മണ്ണൂര്‍ ജ്വല്ലറി ആരംഭിക്കാനിരിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള 70 ഏക്കര്‍ ഭൂമിയുടെ രേഖകളുടെ പകര്‍പ്പ് മാത്രമാണ് പോലീസിന് ലഭിച്ചതെന്നും മാനേജ്‌മെന്റ് അവകാശപ്പെടുന്നു. വാര്‍ത്തകള്‍ പരത്തിയതിന് പിന്നില്‍ മാനേജുമെന്റിന് പിന്നിലുള്ള വ്യക്തി താല്‍പ്പര്യം മാത്രമാണെന്നും മാനേജുമെന്റ് പറയുന്നു. എന്നാല്‍ ജ്യോതീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പണം കടം കൊടുക്കല്‍ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. തെളിവുകളില്ലാതെ കേസെടുക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് മാനേജുമെന്റിന്റെ ഭാഗത്ത് ഇനിയും മറുപടി ലഭിക്കാനുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.