Home » » അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്നു വന്‍തോതില്‍ കുട്ടികളെ അനാഥാലയ സ്‌ഥാപനങ്ങളിലേക്ക്‌ കടത്തുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്നു വന്‍തോതില്‍ കുട്ടികളെ അനാഥാലയ സ്‌ഥാപനങ്ങളിലേക്ക്‌ കടത്തുന്നു.

Written By Unknown on Sunday, 22 June 2014 | 18:12

അഗളി: സംസ്‌ഥാനത്ത്‌ വിവിധ മതസ്‌ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ, അനാഥാലയ സ്‌ഥാപനങ്ങളിലേക്ക്‌ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്നു വന്‍തോതില്‍ കുട്ടികളെ കടത്തുന്നു. നിലവില്‍ രണ്ടായിരത്തോളം പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിലായുണ്ട്‌. സ്‌ഥാപനങ്ങള്‍ കമ്മീഷന്‍ വ്യവസ്‌ഥയിലാണ്‌ അട്ടപ്പാടിയില്‍നിന്നു കുട്ടികളെ സംഘടിപ്പിക്കുന്നത്‌. പട്ടികവര്‍ഗ വകുപ്പിനെയോ ഐ.ടി.ഡി.പിയെയോ അറിയിക്കാതെയാണു വര്‍ഷങ്ങളായി തുടരുന്ന കുട്ടിക്കടത്ത്‌. തൃശൂര്‍, ചാലക്കുടി, കൊല്ലം പാരിപ്പിള്ളി, ഗുരുവായൂര്‍ ബ്രഹ്‌മകുളം, മട്ടം, കുന്നംകുളം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ കുട്ടികളെ താമസിപ്പിക്കുന്നുണ്ട്‌. മാതാപിതാക്കള്‍ക്കു മോഹന വാഗ്‌ദാനങ്ങള്‍ നല്‍കിയും പ്രതിഫലം നല്‍കിയുമാണ്‌ ഏജന്റുമാര്‍ കുട്ടികളെ സംഘടിപ്പിക്കുന്നത്‌. പല കാരണങ്ങളാല്‍ നിരവധി കുട്ടികള്‍ അട്ടപ്പാടിയിലേക്ക്‌ തിരിച്ചെത്തിയിട്ടുണ്ട്‌. ഇവരില്‍ ചില കുട്ടികളുടെ മാനസികനില പോലും തകരാറിലായ അവസ്‌ഥയിലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും ഒരു വകുപ്പില്‍നിന്നും ഉണ്ടാകാറില്ല. അട്ടപ്പാടിയില്‍നിന്ന്‌ ആദിവാസികുട്ടികളെ കൊണ്ടുപോകുന്നതിനു നിലവില്‍ മാനദണ്‌ഡങ്ങളോ നിബന്ധനകളോ ഇല്ല. മുമ്പൊക്കെ ഐ.ടി.ഡി.പിക്കു കുട്ടികളെ കൊണ്ടുപോകുന്നതു സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും വര്‍ഷങ്ങളായി അറിയിക്കാറില്ലെന്നാണ്‌ വിവരം. കുട്ടികള്‍ക്ക്‌ എന്തെങ്കിലും പീഡനങ്ങള്‍ ഉണ്ടായാലും മാതാപിതാക്കള്‍ ഭയംമൂലം നിശബ്‌ദരാകുന്നു. കുട്ടികളെ കൊണ്ടുപോകുന്ന സ്‌ഥാപനങ്ങള്‍ ഇവരെ ഉയര്‍ത്തിക്കാട്ടി വിവിധ ആനുകൂല്യങ്ങളും ഫണ്ടുകളും നേടിയെടുക്കും. അട്ടപ്പാടിയില്‍ ആദിവാസിക്കുട്ടികള്‍ക്ക്‌ പഠിക്കാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കാത്തതാണു കുട്ടികളെ പുറത്തേക്ക്‌ അയയ്‌ക്കുന്നതിനു മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഇത്തരത്തില്‍ കയറ്റി അയക്കുന്ന കുട്ടികളുടെ ഭാവികാര്യത്തിലും സര്‍ക്കാരിനു വേണ്ടത്ര ശ്രദ്ധയില്ല. അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരുടെ വിവരം സംബന്ധിച്ചു സര്‍ക്കാരിന്റെ പക്കലുള്ളത്‌ 14 വര്‍ഷം മുമ്പത്തെ സെന്‍സസ്‌ രേഖകളാണ്‌. അടുത്തകാലത്ത്‌ അഹാഡ്‌സ്‌ മൂന്നുകോടി രൂപ വകയിരുത്തി സമഗ്ര സെന്‍സസ്‌ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും അതു വെളിച്ചംകണ്ടിട്ടില്ല
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.