Home » » മഞ്‌ജു വാര്യരെ നായികയാക്കിയത്‌ ദിലീപിന്‌ മറുപടി നല്‍കാനല്ലെന്ന്‌ റോഷന്‍ ആന്‍ഡ്രൂസ്‌.

മഞ്‌ജു വാര്യരെ നായികയാക്കിയത്‌ ദിലീപിന്‌ മറുപടി നല്‍കാനല്ലെന്ന്‌ റോഷന്‍ ആന്‍ഡ്രൂസ്‌.

Written By Unknown on Wednesday, 28 May 2014 | 19:34

'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' എന്ന ചിത്രത്തില്‍ മഞ്‌ജു വാര്യരെ നായികയാക്കിയത്‌ ദിലീപിന്‌ മറുപടി നല്‍കാനല്ലെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌. ചിത്രത്തിലെ നിരുപമ എന്ന കഥാപാത്രത്തെ മഞ്‌ജുവിനെ മുന്നില്‍ കണ്ട്‌ എഴുതിയതല്ലെന്നും റോഷന്‍ വ്യക്‌തമാക്കി. ഒന്നര പതിറ്റാണ്ടു കാലത്തെ ഇടവേളയ്‌ക്ക് ശേഷം മഞ്‌ജു തിരിച്ചു വന്ന ചിത്രമാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു. മധ്യവയസ്സിലെത്തുന്ന വീട്ടമ്മയ്‌ക്ക് ഭര്‍ത്താവില്‍ നിന്ന്‌ നേരിടേണ്ടി വരുന്ന അവഗണനയും അവര്‍ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതുമാണ്‌ ചിത്രത്തിലെ ഇതിവൃത്തം. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കാതിരുന്ന ദിലീപുമായി അകന്ന്‌ തിരിച്ചെത്തിയ മഞ്‌ജുവിന്റെ മറുപടിയാണ്‌ ഇതെന്നുള്ള പ്രചാരണങ്ങള്‍ ശക്‌തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ചിത്രത്തിന്റെ സംവിധായകന്‍ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. പ്രായമാകുന്നതിനെ കുറിച്ചുള്ള ചിന്തയില്‍ നിന്നുണ്ടായ ചിത്രത്തില്‍ നായികയെ തീരുമാനിച്ചിരുന്നില്ല. മഞ്‌ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച്‌ പരസ്യ സംവിധായകന്‍ ശ്രീകുമാറില്‍ നിന്നറിഞ്ഞ്‌ അവരെ സമീപിക്കുകയായിരുന്നു- റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു. മഞ്‌ജു ആദ്യം ചെയ്യാനിരുന്ന രഞ്‌ജിത്തിന്റെ ചിത്രം മുടങ്ങിയതാണ്‌ 'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' മഞ്‌ജുവിന്റെ മടങ്ങിവരവ്‌ ചിത്രമായതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.