Home » » ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും.

ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും.

Written By Unknown on Saturday, 22 November 2014 | 04:24

ചണ്ഡീഗഢ് – വിവാദ ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും കണ്ടെത്തി. ആശ്രമത്തില്‍ പരിശോധനയ്‌ക്കെത്തിയ ഹരിയാനാ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് ആശ്രമത്തില്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെത്തിയത്. ഇവയ്ക്ക് പുറമെ, അത്യാഢംബര ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ആശ്രമത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം കണ്ടെത്തിയത്.
തോക്കുകള്‍ക്കു പുറമെ, എയര്‍ ഗണ്ണുകള്‍, നിരവധി റൈഫിളുകള്‍, മുളകുപൊടി നിറച്ച ഗ്രനേഡുകള്‍, പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, എന്നിവയും പൊലീസ് കണ്ടെത്തി. ആശ്രമത്തില്‍ റാംപാലിന്റെ മുറിക്ക് തൊട്ടടുത്തു നിന്നാണ് ഗര്‍ഭ പരിശോധനാ കിറ്റുകള്‍ കണ്ടെത്തിയത്.
ആശ്രമത്തിലെ കുളിമുറികളിലൊന്നില്‍ അബോധാവസ്ഥയിലായ നിലയില്‍ ഒരു യുവതിയെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മധ്യപ്രദേശിലെ അശോക് നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള ബിജ് ലേഷ് എന്ന യുവതിയാണ് ഇവരെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്. ഇവരെ സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആശ്രമത്തിലുണ്ടായിരുന്നതത്രെ. ഇതിനായി കരുത്തുറ്റ കോട്ടകള്‍ കെട്ടിയാണ് ആശ്രമം സംരക്ഷിച്ചിരുന്നത്. ആശ്രമത്തിന് നടുവില്‍ റാംപാലിന് ഇരിക്കാനായി തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടത്തിന് താഴെയാണ് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടം ഒരു പ്രത്യേക മുറിയായി രൂപപ്പെടുത്തി ബാഗുകളിലും അലമാരകളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
സിനിമകളിലും മറ്റും കാണുന്ന അധോലോക താവളങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടെ . ഒരു സ്വകാര്യ നീന്തല്‍ക്കുളം, ആധുനിക സൗകര്യങ്ങളോടു കൂടിയ എലവേറ്ററുകള്‍, 24 എസി മുറികള്‍ എന്നിവ ആശ്രമത്തിലുണ്ടായിരുന്നു. മുറികളിലൊന്നില്‍ മസാജിങ്ങിനുള്ള സംവിധാനങ്ങളും മറ്റൊന്നില്‍ വ്യായാമ കേന്ദ്രവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
20 ജോഡി കറുത്ത വസ്ത്രങ്ങള്‍,നിരവധി ഹെല്‍മറ്റുകളും വടികളും 800 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകളിലായി ഡീസല്‍ ശേഖരം ആശ്രമത്തിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആശ്രമം മുഴുവന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തേക്ക് ഒരു ലക്ഷം പേരെ തീറ്റിപ്പോറ്റാവുന്നത്രെ വലുതാണ് അടുക്കളയിലെ സൗകര്യങ്ങള്‍. ഒരു സമയം 1,000 റൊട്ടികള്‍ വരെ നിര്‍മിക്കാവുന്ന യന്ത്രവും ഇതില്‍പെടുന്നു.
ആശ്രമത്തിന് നടുവില്‍ ഹൈഡ്രോളിക് ഇരിപ്പിടമാണ് റാംപാല്‍ ഉപയോഗിച്ചിരുന്നത്. ബുള്ളറ്റ് പ്രൂഫ് സൗകര്യമുള്ള കാബിനിലായിരുന്നു റാംപാലിന്റെ ഇരിപ്പിടം. ആശ്രമത്തിന് നടുവിലുള്ള പ്രാര്‍ത്ഥനാ ഹാള്‍ 50,000 പേരെ വരെ ഉള്‍ക്കൊള്ളുന്നതാണത്രെ. ഇവിടെങ്ങും ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി 3ഡി പ്രൊജക്ടറുകളും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 19 നാണ് രാംപാലിനെ ഹിസ്സാറിലെ ആശ്രമത്തില്‍നിന്ന് കൊലക്കുറ്റത്തിന് അറസ്റ്റുചെയ്തത്. രണ്ടുദിവസം പോലീസും ആശ്രമവാസികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലായിരുന്നു അറസ്റ്റ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.