Home » » സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മാലിന്യ നിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മാലിന്യ നിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു.

Written By Unknown on Saturday, 22 November 2014 | 08:38

 സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മാലിന്യ നിക്ഷേപം നടത്തിയ സ്ഥലം
എടക്കര: സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മാലിന്യ നിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. പോത്തുകല്‍ പഞ്ചായത്തിലെ വെള്ളിമുറ്റം പാത്രക്കുണ്ട്‌ റോഡിന്‌ സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ്‌ വിദൂര സ്ഥലത്ത്‌ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്‌. ഉപ്പട ആനക്കല്ല്‌ സ്വദേശിയായ വ്യക്തിയുടേതാണ്‌ കുന്നിന്‍പുറത്തുള്ള ഈ ഭൂമി. മുന്‍പ്‌ ചെങ്കല്ല്‌ വെട്ടിയിരുന്ന സ്ഥമലമാണിത്‌. ഒരാഴ്‌ച മുന്‍പാണ്‌ ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങിയത്‌. ഇരുപത്‌ അടിയോളം ആഴമുള്ളതും പത്തടിയിലേറെ വലുപ്പമുള്ളതുമായ കുഴികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഉണ്ടാക്കിയാണ്‌ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്‌. മഞ്ചേരി മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യ, മാംസ അവശിഷ്‌ടങ്ങളും, പച്ചക്കറി മാലിന്യങ്ങളുമാണ്‌ വലിയ വാഹനങ്ങളില്‍ ഇവിടെയെത്തിച്ചതെന്ന്‌ നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ്‌ മാലിന്യങ്ങള്‍ എത്തിച്ചത്‌. അഞ്ച്‌ തവണയിലേറെ മാലിന്യ വണ്ടികള്‍
മാലിന്യ നിക്ഷേപത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ നിര്‍മ്മിച്ച വന്‍കുഴി.
ഇവിടെയെത്തിയതായി നാട്ടുകാര്‍ പറയുന്നുണ്ട്‌. കുഴികളില്‍ മാലിന്യം നിറച്ചശേഷം ഇവ മൂടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ മൂടിയിട്ടുപോലും മാലിന്യങ്ങള്‍ അഴുകി പ്രദേശത്ത്‌ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. വന്‍ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി. അതീവ രഹസ്യമായി പുലര്‍ച്ചെ മാലിന്യവുമായി വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയതില്‍ ദുരൂഹതയുള്ളതിനാല്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ സംഘടിച്ച്‌ കാവലിരുന്നു. എന്നാല്‍ പിന്നീട്‌ മാലിന്യ വണ്ടികള്‍ ഇവിടെ വന്നിട്ടില്ല. സംഭവം അനേ്വഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പോത്തുകല്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ഇരുപത്‌ സെന്റോളം വരുന്ന സ്ഥലത്ത്‌ കുഴികള്‍ തീര്‍ത്ത്‌ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്‌. കുന്നിന്‍പുറമായതിനാല്‍ മഴക്കാലമാകുന്നതോടെ ഇവ അഴുകി സമീപത്തെ ജല േ്രസതസുകളില്‍ എത്തുമെന്ന്‌ തീര്‍ച്ചയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.