Home » » ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ബോംബിട്ട് തകര്‍ത്ത് പി.ടി. ഉഷയെയും ടിന്റു ലൂക്കയെയും വധിക്കുമെന്ന് ഭീഷണി.

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ബോംബിട്ട് തകര്‍ത്ത് പി.ടി. ഉഷയെയും ടിന്റു ലൂക്കയെയും വധിക്കുമെന്ന് ഭീഷണി.

Written By Unknown on Friday, 5 December 2014 | 19:45

ബാലുശ്ശേരി: കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ബോംബിട്ട് തകര്‍ത്ത് പി.ടി. ഉഷയെയും ടിന്റു ലൂക്കയെയും മറ്റു ജീവനക്കാരെയും വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് സ്‌കൂള്‍ സെക്രട്ടറി അജന ചന്ദ്രന് ലഭിച്ചു. കത്ത് ബാലുശ്ശേരി പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഉഷ സ്‌കൂള്‍ സെക്രട്ടറി അജനചന്ദ്രന്റെ കാര്‍ തകര്‍ത്തുകൊണ്ടായിരിക്കും തുടക്കമെന്നും കത്തില്‍ സൂചനയുണ്ട്. 'ഞങ്ങളുടെ വഴി അടയ്ക്കാന്‍ നോക്കുന്നു, വഴി തന്നില്ലെങ്കില്‍ സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുമെന്നാണ് കത്തിന്റെ തുടക്കം'. കിനാലൂര്‍ വാര്‍ ഗ്രൂപ്പിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് കത്ത് ഉഷ സ്‌കൂളില്‍ ലഭിച്ചത്.
 
ഉഷ സ്‌കൂളിനെതിരെ ഈയിടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മഴക്കാലത്ത് മലിനജലം പുറത്തേക്ക് ഒഴുക്കുന്നു എന്നതായിരുന്നു ആദ്യത്തെ ആരോപണം. ഉഷ സ്‌കൂളിലേക്കുള്ള റോഡില്‍ അവകാശമുന്നയിച്ചുകൊണ്ടുള്ള തര്‍ക്കവും ഉണ്ടായിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. 
 
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ സ്ഥലത്ത് സ്‌കൂളും ഗ്രൗണ്ടും ഇതിനകം നിര്‍മിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം തുടങ്ങിയതുമുതലാണ് എതിര്‍പ്പുകള്‍ തലപൊക്കിയതെന്ന് സെക്രട്ടറി അജനചന്ദ്രന്‍ പറഞ്ഞു. സ്‌കൂളിന് ലഭിച്ച സ്ഥലത്തിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും ഇതിനകം നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്നും ചുറ്റുമതിലില്ലാത്തതിനാല്‍ സ്ഥാപനത്തിലെ കുട്ടികളും ജീവനക്കാരും പ്രയാസമനുഭവിക്കുന്നുണ്ടെന്നും അജന ചന്ദ്രന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.