തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലും കോഴിക്കോട്ടും തോട്ടിൽപാലത്തിലും കെ.എസ.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ട അവധിയില്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെയുള്ള മറ്റ് ഡിപ്പോകളിലെ ജീവനക്കാര്‍ അവധിയിലാണ്. ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്ന ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പയിലേക്കുള്ള സര്‍വീസുകളെ ഇത് ബാധിക്കില്ല.
അതേസമയം കോഴിക്കോട്ടും തോട്ടിൽപാലത്തിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലാണ്. എല്ലാ മാസത്തിന്‍െറയും അവസാന പ്രവൃത്തി ദിവസത്തില്‍ നല്‍കിയിരുന്ന ശമ്പളം ഒരാഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) യുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. കോഴിക്കോട് നടക്കാവിലെ റീജനല്‍ വര്‍ക്ഷോപ്പിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച റിലേ സമരത്തില്‍ നാലുപേര്‍ 24 മണിക്കൂര്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. ഇവര്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് നിരാഹാരം അവസാനിപ്പിക്കുന്നതോടെ മറ്റൊരു ടീം സമരം ഏറ്റെടുക്കും.
പ്രശ്നം ഉടന്‍ പരിഹരിക്കാത്തപക്ഷം പണിമുടക്കടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആലപ്പുഴയില്‍ കൂടുതല്‍ പേരും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.








