Home » » റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചതോടെ വിപണിയില്‍ ഉണര്‍വ്‌.

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചതോടെ വിപണിയില്‍ ഉണര്‍വ്‌.

Written By Unknown on Friday, 6 March 2015 | 00:51

അപ്രതീക്ഷിതമായി റിസര്‍വ്‌ ബാങ്ക്‌ കാല്‍ ശതമാനം റിപ്പോ നിരക്ക്‌ കുറച്ചതോടെ വിപണിയില്‍ ഉണര്‍വ്‌. ഒരു മാസം മുമ്പെ ഇതേരീതിയില്‍ റിപ്പോ നിരക്ക്‌ കുറച്ച്‌ വിസ്‌മയിപ്പിച്ച റിസര്‍വ്‌ ബാങ്ക്‌ വീണ്ടും നിരക്ക്‌ കുറച്ചതോടെ സെന്‍സെക്‌സ് ചരിത്ര നേട്ടത്തില്‍തൊട്ട്‌ മുപ്പതിനായിരം കടന്നു. കേന്ദ്ര ബജറ്റിന്റെ ആനുകൂല്യങ്ങള്‍ ഉള്‍കൊണ്ട്‌ കുതിപ്പിലായിരുന്ന വിപണിയ്‌ക്ക് റിസര്‍വ്‌ ബാങ്കിന്റെ റിപ്പോ നിരക്ക്‌ കുറയ്‌ക്കാനുള്ള തീരുമാനവും ഗുണകരമായി.
 
റിസര്‍വ്‌ ബാങ്ക്‌ തീരുമാനം അറിഞ്ഞയുടനെ കുതിച്ച വിപണി 30,024 പോയിന്റിലെത്തി റെക്കോര്‍ഡിട്ടശേഷമാണ്‌ പതിയെ പടിയിറങ്ങിയത്‌. 29,593 പോയിന്റിലായിരുന്നു ചൊവ്വാഴ്‌ച ക്ലോസ്‌ ചെയ്‌തതെങ്കില്‍ 213 പോയിന്റ്‌ കൂടെ കുറഞ്ഞ്‌ 29,380 പോയിന്റിലെത്തിയാണ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. റെക്കോര്‍ഡ്‌ ഭേദിച്ച്‌ കുതിച്ച വിപണിയില്‍ ലാഭമെടുപ്പ്‌ നടന്നതോടെയാണ്‌ ഇടിവുണ്ടായത്‌.
 
നാളെമുതല്‍ മൂന്ന്‌ ദിവസത്തേക്ക്‌ വിപണി അവധിയായതിനാല്‍തന്നെ കരുതലോടെയാണ്‌ ഇന്നലെ വ്യാപാരം നടന്നതും. ഇന്ന്‌ രാത്രി യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക നയം പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി മൂന്ന്‌ ദിവസം അവധിയാകുന്നതിലെ പന്തികേട്‌ തിരിച്ചറിഞ്ഞാണ്‌ ലാഭമെടുപ്പ്‌ വര്‍ദ്ധിക്കാന്‍ കാരണം. ഇന്നും വിപണി അല്‍പ്പം ഇടിഞ്ഞുതന്നെ നില്‍ക്കാനാണ്‌ സാധ്യത.
 
വിപണി സര്‍വ്വകാല റെക്കോര്‍ഡിട്ട്‌ മുന്നേറിയെങ്കിലും സെന്‍സെക്‌സില്‍ വ്യാപാരം നടന്ന 24 ഓഹരികളും മൈനസിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
 
സണ്‍ഫാര്‍മയാണ്‌ ഇന്നലെ നേട്ടമുണ്ടാക്കിയ പ്രധാന കമ്പനി. 6.62 ശതമാനം വര്‍ദ്ധിച്ചാണ്‌ സണ്‍ഫാര്‍മ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. ഇതിനു പിന്നില്‍ റിപ്പോ നിരക്ക്‌ മാത്രമല്ല മറ്റ്‌ ചില കരണങ്ങള്‍ കൂടിയുണ്ട്‌. കമ്പനിയ്‌ക്ക് പുതിയ മരുന്ന്‌ നിര്‍മാണത്തിന്‌ അമേരിക്കയില്‍ ലൈസന്‍സ്‌ ലഭിച്ചതാണ്‌ ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ പ്രധാന കാരണമായത്‌.
 
ഇന്ത്യന്‍ ടുബാക്കോ കമ്പനി(ഐ.ടി.സി) 0.89 ശതമാനം വര്‍ദ്ധിച്ചാണ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. ഈ കമ്പനി ഹോട്ടല്‍, കണ്‍സ്‌ട്രക്ഷന്‍, ടുബാക്കോ എന്നീ മൂന്ന്‌ ശാഖകളായി വിഭജിക്കപ്പെടുന്നതിന്റെ ഭാഗമായാണ്‌ വര്‍ദ്ധനവുണ്ടായത്‌.
 
എയര്‍ടെല്‍ 0.63 ശതമാനവും ബജാജ്‌ ഓട്ടോ 0.28 ശതമാനവും വര്‍ദ്ധിച്ച്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തപ്പോള്‍ എച്ച്‌.ഡി.എഫ്‌.സി 0.19 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക്‌ 0.03 ശതമാനവും വര്‍ദ്ധിച്ചു.
 
റിപ്പോ നിരക്ക്‌ കുറയ്‌ക്കുന്നതിന്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ കേന്ദ്ര സര്‍ക്കാറിന്റെ ശക്‌തമായ സമ്മര്‍ദം തുടരുകയായിരുന്നു. ഇതിനിടയില്‍ ഒരു മാസം മുമ്പെ കാല്‍ ശതമാനം കുറച്ചെങ്കിലും അതു പോരെന്നായിരുന്നു നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള മുറവിളി. അടുത്ത എപ്രില്‍ രണ്ടിന്‌ പുതിയ നയ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതിയെങ്കിലും തികച്ചും അപ്രതീക്ഷിതമായി ഇന്നലെ കാല്‍ ശതമാനം കൂടി കുറയ്‌ക്കുകയായിരുന്നു.
 
വിലക്കയറ്റം പിടിച്ചുനിര്‍ത്തി മെച്ചപ്പെട്ട സാമ്പത്തികാവസ്‌ഥ കൈവരിക്കാന്‍ സാധിച്ചതോടെയാണ്‌ റിസര്‍വ്‌ ബാങ്ക്‌ വീണ്ടും റിപ്പോ നിരക്ക്‌ കുറച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.