കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജും പഴ്‌സണല്‍ സ്‌റ്റാഫംഗം ജിക്കുവും ചേര്‍ന്നു ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
പുതുപ്പള്ളി നഗരമധ്യത്തിലെ തന്റെ മൂന്നേക്കര്‍ ഭൂമി മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും വേണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നു പരാതിപ്പെട്ട് എണ്‍പതുവയസുകാരിയായ പുതുപ്പള്ളി പള്ളത്തേത്ത് അന്നമ്മ സക്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ഭൂമിക്കു സമീപമുള്ള മുഖ്യമന്ത്രിയുടെ കുടുംബ വസ്‌തു മണ്ണിട്ടു നിരപ്പാക്കി ഭവന പദ്ധതി തയാറാക്കാനായിരുന്നു ലക്ഷ്യമെന്നും ഇതിനായി തന്റെ ഭൂമിയില്‍നിന്നു വന്‍തോതില്‍ മണ്ണ് നീക്കം ചെയ്ാന്‍ യപദ്ധതി ഇട്ടിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പുതുപ്പള്ളി മാര്‍ക്കറ്റിനുവേണ്ടി 50 സെന്റ് സ്‌ഥലം വിട്ടുനല്‍കിയ തന്റെ ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്ന നീക്കത്തില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഉമ്മന്‍ചാണ്ടിയെ കേസില്‍ എതിര്‍ കക്ഷിയായി ചേര്‍ത്തിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
സലിംരാജും ജിക്കുവും തന്റെ വീട്ടിലെത്തി ഭൂമി സലിംരാജിന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ബി. ഗിരീശനും പൂവന്‍തുരുത്ത് സ്വദേശിയായ പങ്കജാക്ഷനുമാണ് സലിംരാജിനെ പരിചയപ്പെടുത്തിയത്. ഇരുവരും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഭൂമി സലിംരാജിന്റെ പേരില്‍ എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പാഠം പഠിപ്പിക്കുമെന്നും മക്കളുടെ ബിസിനസ് നശിപ്പിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭൂമി അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ പദ്ധതിയില്‍ പങ്കാളിത്തം നല്‍കാമെന്നായി വാഗ്‌ദാനം. പിന്നീട് വാട്ടര്‍ അഥോറിട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ടി.കെ. മണിയും കോശിയും വീട്ടിലെത്തി ഭൂമി ഈ സംഘത്തിനു നല്‍കണമെന്നും അല്ലെങ്കില്‍ കുടിവെള്ള ടാങ്ക് സ്‌ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കുമെന്നും ഭീഷണിപ്പെടുത്തി. ടാങ്ക് സ്‌ഥാപിച്ചാല്‍ പിന്നെ ഭൂമി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. വീടു വയ്‌ക്കാന്‍ കുറച്ചു സ്‌ഥലം മാറ്റിവച്ച് ബാക്കി ഭൂമി ഈ സംഘത്തിനു വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. കുടിവെള്ള പദ്ധതിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
ഭൂമി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ ഇപ്പോള്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു