Home » » പുസ്തകശാലയിലെ ആക്രമണം ഫാഷിസമെന്ന് സാംസ്കാരിക നായകര്‍

പുസ്തകശാലയിലെ ആക്രമണം ഫാഷിസമെന്ന് സാംസ്കാരിക നായകര്‍

Written By Unknown on Thursday, 3 April 2014 | 19:01

തിരുവനന്തപുരം: കഴിഞ്ഞദിവസം കോട്ടയത്ത് ഡി.സി ബുക്സിനും പ്രസാധകന്‍െറ വീടിനുനേരെയും നടന്ന ആക്രമണത്തെ സാംസ്കാരികനായകരും എഴുത്തുകാരും അപലപിച്ചു. ഈ സംഭവം, ജനാധിപത്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും എതിരായ കടന്നുകയറ്റമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, ആനന്ദ്, എം. മുകുന്ദന്‍, ടി. പത്മനാഭന്‍, സുഗതകുമാരി തുടങ്ങിയവര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം സമര്‍പ്പിച്ചു.
നിവേദനത്തിന്‍െറ പകര്‍പ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ തുടങ്ങിയവര്‍ക്കും നല്‍കി. എഴുത്തിനും പുസ്തകങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നേരെയുണ്ടാകുന്ന അക്രമത്തെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പ്രസാധകരുടെയും മാധ്യമങ്ങളുടെയും കൂട്ടായ്മ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
അക്ഷരവും പുസ്തകവും ജനാധിപത്യ സമൂഹത്തിന്‍െറ അടിസ്ഥാനശിലകളാണ്.
അതിനെതിരായ ഏതൊരു കടന്നാക്രമണവും ഫാഷിസത്തിന്‍െറ ലക്ഷണമാണ്. ഇത് എതിര്‍ത്ത് തോല്‍പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഉത്തമബോധ്യമുണ്ട്. കഴിഞ്ഞ ദിവസം നടന്നതു പോലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ഭരണകൂടം സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
സേതു, ചെമ്മനം ചാക്കോ, ശ്രീനിവാസന്‍, എം.കെ. സാനു, കെ.പി. രാമനുണ്ണി, ഡി. ബാബു പോള്‍ ഐ.എ.എസ്, ബെന്യാമിന്‍, സാറാ ജോസഫ്, ആഷാമേനോന്‍, അജിത, സിവിക് ചന്ദ്രന്‍, പി.കെ. പാറക്കടവ്, ജോര്‍ജ് ഓണക്കൂര്‍, കെ. വേണു, ബി.ആര്‍.പി. ഭാസ്കര്‍, കെ.ജി.ശങ്കരപ്പിള്ള, ടി.ആര്‍. സോമശേഖരന്‍, സ്വാമി സന്ദീപാനന്ദഗിരി, ടി. ജയചന്ദ്രന്‍, ആശ്രാമം ഭാസി, സി.പി.നായര്‍ ഐ.എ.എസ്, എം. സുകുമാരന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഹമീദ് ചേന്ദമംഗലൂര്‍, പി.പി. രാമചന്ദ്രന്‍, കെ.എസ്. രവികുമാര്‍, എം.ജി. ശശി, അശോകന്‍ ചരുവില്‍, എന്‍.പ്രഭാകരന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഇ.സന്തോഷ് കുമാര്‍, സി.എസ്. ചന്ദ്രിക, സുസ്മേഷ് ചന്ദ്രോത്ത്, ബി.മുരളി, ഡോ.ഖദീജ മുംതാസ്, വിനു എബ്രഹാം, ടി.ഡി. രാമകൃഷ്ണന്‍, കുഴൂര്‍ വിത്സണ്‍, കെ.ആര്‍. ടോണി, അക്ബര്‍ കക്കട്ടില്‍, മാമുക്കോയ, ഭാഗ്യലക്ഷ്മി, ചന്ദ്രമതി, ഷീബ ഇ.കെ, പി.വി. ഷാജികുമാര്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.