Home » » കാമുകനുമായുള്ള സ്വൈര്യ വിഹാരത്തിനു തടസമാകാതിരിക്കാന്‍ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മ അറസ്‌റ്റില്‍.

കാമുകനുമായുള്ള സ്വൈര്യ വിഹാരത്തിനു തടസമാകാതിരിക്കാന്‍ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മ അറസ്‌റ്റില്‍.

Written By Unknown on Wednesday, 28 May 2014 | 19:26

കുറവിലങ്ങാട്‌: അയല്‍വാസിയുടെ കിണറ്റില്‍ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കിണറ്റിലെറിഞ്ഞു കൊന്നതു പെറ്റമ്മ. കാമുകനുമായുള്ള സ്വൈര്യ വിഹാരത്തിനു തടസമാകാതിരിക്കാന്‍ സ്വന്തം പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ കുറവിലങ്ങാട്‌ കളത്തൂര്‍ മുതിരക്കാലാ നമ്പൂശേരി ഗോപാലന്റെ മകള്‍ ടിന്റു(28) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി.
കഴിഞ്ഞ 23നാണ്‌ രണ്ടരവയസുകാരി സനീഷയുടെ മൃതദേഹം കിണറ്റിനുള്ളില്‍ ദൂരൂഹസാഹചര്യത്തില്‍ കണ്ടത്‌. അതിന്റെ തലേന്നു കുട്ടിയെ കാണാതായതായി കാട്ടി കുറവിലങ്ങാടു പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണു ടിന്റു താമസിച്ചിരുന്ന വീടിന്റെ 50 മീറ്റര്‍ ദൂരത്തുള്ള അയല്‍വാസിയുടെ പുരയിടത്തിലെ കിണറ്റില്‍നിന്ന്‌ സനീഷയുടെ മൃതദേഹം കിട്ടിയത്‌. അപകടമരണമാണെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനമെങ്കിലും മരണത്തില്‍ ദുരൂഹതയുളളതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ഏറ്റുമാനൂര്‍ സി.ഐ: വി.കെ. രവികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്‌.

നേരത്തേ രണ്ടു വിവാഹം കഴിച്ചിട്ടുള്ള ടിന്റുമോള്‍ കുറവിലങ്ങാട്‌ സ്വദേശിയായ യുവാവിനും അയാളുടെ സുഹൃത്തിന്റെ കാമുകി ഏറ്റുമാനൂര്‍ പേരൂര്‍ ഇലവുങ്കല്‍ ഇ.കെ. ജീനാമോള്‍ക്കും(24) ഒപ്പമാണ്‌ താമസം. രണ്ടുവിവാഹത്തിലും ടിന്റുവിന്‌ ഓരോ കുട്ടിയുണ്ട്‌. ആദ്യവിവാഹത്തിലെ കുട്ടി മുളന്തുരുത്തിയിലെ അനാഥമന്ദിരത്തിലാണ്‌. രണ്ടാം വിവാഹത്തിലെ കുട്ടിയാണു സനീഷ. ഇപ്പോള്‍ കൂടെ താമസിക്കുന്ന സനല്‍കുമാറുമായുള്ള ജീവിതത്തിനു കുട്ടി തടസമാകുമെന്ന ചിന്തയാണു കൊലപാതകത്തിലേക്കു നയിച്ചത്‌.

22നു പകല്‍ അയല്‍വാസിയുടെ കിണറിന്റെ ഇരുമ്പുവലയുടെ വെള്ളം കോരുന്ന ഭാഗം ഉയര്‍ത്തിവച്ചശേഷം സനീഷയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി. ടിന്റുവും കൂട്ടുകാരി ജീനയും സന്ധ്യാസമയത്ത്‌ പ്രാര്‍ഥിക്കുന്നതിനിടയില്‍ സനീഷ ബഹളംവച്ചു. ഈ സമയം ടിന്റുകുട്ടിയെ മര്‍ദിച്ചു. വാവിട്ടു കരഞ്ഞുകൊണ്ടു വീടിനുള്ളിലേക്കു പോയ കുട്ടിയെ ബലമായി എടുത്തുകൊണ്ടു
പുറത്തേക്കുപോയി. വായ പൊത്തിപ്പിടിച്ചു വസ്‌ത്രം മാറ്റിയശേഷം കിണറിനു സമീപമെത്തി മേല്‍മൂടി മാറ്റിയ ഭാഗത്തുകൂടി താഴേയ്‌ക്കിടുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ജീനാമോള്‍ കുട്ടിയെ തിരക്കി. കരച്ചില്‍ മാറ്റാന്‍ കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്നതിനിടയില്‍ കാണാതായതായും മകള്‍ പോയവഴിക്കു താനും പോകുകയാണെന്നും പറഞ്ഞ്‌ വീടിനോടു ചേര്‍ന്നുള്ള മറ്റൊരു കിണറ്റില്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്‌തു. ബഹളം കേട്ടു നാട്ടുകാരെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന വിവരം പറഞ്ഞു. അവരോടൊപ്പം വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്താന്‍ ടിന്റു സഹകരിക്കുകയും ചെയ്‌തു
.
പോലീസിന്റെ ചോദ്യംചെയ്യലില്‍ ടിന്റുമോള്‍ സംശയത്തിനിടനല്‍കാത്തവിധമായിരുന്നു മൊഴി നല്‍കിയത്‌. എന്നാല്‍ ജീനാമോളെ ചോദ്യംചെയ്‌തപ്പോള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന്‌ ടിന്റു പറഞ്ഞതായുള്ള മൊഴി വഴിത്തിരിവായി. കുട്ടിയെ ടിന്റുമോള്‍ നേരത്തേ മര്‍ദിക്കുമായിരുന്നുവെന്നും ഒഴിവാക്കുന്നതു സംബന്ധിച്ചും പറയുമായിരുന്നുവെന്നും ജീനാമോള്‍ വെളിപ്പെടുത്തിയിരുന്നു.

ഇരുപതോളം പേരെ അന്വേഷണസംഘം ചോദ്യംചെയ്‌തിരുന്നു. ടിന്റുമോളെ ഇന്നു പാലാ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.