Home » » വൈദ്യുതി ബോര്‍ഡ്‌ അധികൃതരുടെ അനവസരത്തിലുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ നഷ്‌ടമാകുന്നത്‌ നൂറു മെഗാവാട്ടിലേറെ വൈദ്യുതി.

വൈദ്യുതി ബോര്‍ഡ്‌ അധികൃതരുടെ അനവസരത്തിലുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ നഷ്‌ടമാകുന്നത്‌ നൂറു മെഗാവാട്ടിലേറെ വൈദ്യുതി.

Written By Unknown on Saturday, 21 June 2014 | 20:53

റാന്നി: വൈദ്യുതി പ്രതിസന്ധിക്കിടെ വൈദ്യുതി ബോര്‍ഡ്‌ അധികൃതരുടെ അനവസരത്തിലുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ സംസ്‌ഥാനത്തിന്‌ ഇന്നലെയും ഇന്നുമായി നഷ്‌ടമാകുന്നത്‌ നൂറു മെഗാവാട്ടിലേറെ വൈദ്യുതി. കക്കാട്ടാറ്റില്‍ ജലനിരപ്പു വര്‍ധിച്ചതിനിടെ പത്തനംതിട്ട-കക്കാട്‌ 110 കെ.വി. ട്രാന്‍സ്‌മിഷന്‍ ലൈനിന്‌ അനുബന്ധമായി എര്‍ത്ത്‌ കണ്ടക്‌ടര്‍ പുനഃസ്‌ഥാപിക്കാന്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചതാണ്‌ ബോര്‍ഡിന്‌ നഷ്‌ടമുണ്ടാക്കുന്നത്‌. ഈ ലൈന്‍ ഓഫ്‌ ചെയ്‌തതോടെ കക്കാട്‌, അള്ളുങ്കല്‍, കാരികയം, മണിയാര്‍ പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം ഇന്നലെ പകല്‍ പൂര്‍ണമായും നിലച്ചു. എര്‍ത്ത്‌ കണ്ടക്‌ടര്‍ പൊട്ടി വീണിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. വേനല്‍ക്കാലത്ത്‌ ഇവപുനഃസ്‌ഥാപിക്കാന്‍ നടപടിയെടുക്കാതെ ശക്‌തമായ ജലപ്രവാഹമുണ്ടായപ്പോള്‍ ലൈന്‍ ഓഫാക്കിയ തീരുമാനമാണ്‌ വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചത്‌. അറ്റകുറ്റപ്പണികള്‍ക്ക്‌ ശബരിഗിരി പദ്ധതിയുടെ പ്രവര്‍ത്തനം കഴിഞ്ഞമാസം 22 മുതല്‍ നിര്‍ത്തിവച്ചതോടെയാണ്‌ സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്‌. ഇതോടെ ശബരിഗിരിയിലെ ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന ജലമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കക്കാട്‌ പവര്‍ ഹൗസില്‍ ഉല്‍പാദനം പകുതിയായി കുറഞ്ഞിരുന്നു. കക്കാട്ടാറ്റില്‍ ഒഴുകിയെത്തുന്ന ജലം മാത്രമാണ്‌ പവര്‍ഹൗസിന്‌ ആശ്രയം. 50 മെഗാവാട്ടാണ്‌ ഇതിന്റെ ശേഷി. ശബരിഗിരിയില്‍നിന്നുള്ള ജലമുപയോഗിച്ച്‌ അള്ളുങ്കല്‍ (7 മെഗാവാട്ട്‌), കാരിക്കയം (10 മെഗാവാട്ട്‌), മണിയാര്‍ കാര്‍ബൊറാണ്ടം (12 മെഗാവാട്ട്‌) എന്നീ പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ശബരിഗിരിയുടെ പ്രവര്‍ത്തനംനിലച്ചെങ്കിലും ഈ മൂന്നു കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതോല്‍പ്പാദനം തടസമില്ലാതെ നടന്നു. മഴ കനത്തതോടെ ആവശ്യത്തിനു ജലം ഇവിടേക്ക്‌ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ വൈദ്യുതി വകുപ്പ്‌ ട്രാന്‍സ്‌മിഷന്‍ വിഭാഗത്തിന്റെ സമയം തെറ്റിയുള്ള തീരുമാനത്തെ തുടര്‍ന്ന്‌ മഴയില്‍ ഒഴുകിയെത്തിയ ദശലക്ഷം ലിറ്റര്‍ ജലമാണ്‌ പാഴായത്‌. ചെറിയ ഡാമായതിനാല്‍ കൂടുതല്‍ ജലം ശേഖരിക്കാനും കഴിയില്ല. ട്രാന്‍സ്‌മിഷന്‍ ലൈനിലെ അറ്റകുറ്റപ്പണി ഇന്നും തുടരും. അതിനായി രാവിലെ 9 മുതല്‍ വൈകിട്ട്‌ 5.30 വരെയാണ്‌ ലൈന്‍ ഓഫ്‌ ചെയ്യുന്നത്‌. ഇന്നലെ പകല്‍ ശക്‌തമായ മഴ പെയ്‌തത്‌ പണി തടസപ്പെടുത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.