ന്യൂഡല്‍ഹി: പശ്‌ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്നും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രം. ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. അതേസമയം, കേന്ദ്ര നടപടിയില്‍ ബിജെപിയുടെ സംസ്‌ഥാന ഘടകം അതൃപ്‌തി വെളിപ്പെടുത്തി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വ്യക്‌തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടാണോ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണല്‍ രണ്ട് തവണ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലപാടറിയിച്ചില്ല എങ്കില്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും വകുപ്പു സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേന്ദ്രം ഇന്ന് നിലപാടറിയിച്ചത്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്‌ഥിതിലോല പ്രദേശത്തിന്റെ വിസ്‌തൃതി കുറഞ്ഞതെങ്ങനെയെന്ന് ഹരിത ട്രൈബ്യൂണല്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു. സംരക്ഷണം ആവശ്യമാണെന്ന് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പല പ്രദേശങ്ങളെക്കുറിച്ചും കസ്‌തൂരിരംഗന്‍ പരാമര്‍ശിച്ചിട്ടുല്ലെന്നും അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ പരിസ്‌ഥിതിലോലപ്രദേശങ്ങളെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രം നിലപാട് അറിയിക്കണമെന്നൂം ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.








