തിരുവനന്തപുരം: തിരക്കിട്ടെടുത്ത കടുത്ത മദ്യനയത്തിനും അതിനു വഴിമരുന്നിട്ട ഘടകങ്ങള്‍ക്കുമെതിരേ മന്ത്രിസഭായോഗത്തില്‍ പൊതുവികാരം. മുഖ്യമന്ത്രിയെ കടത്തിവെട്ടാന്‍ ചിലര്‍ നടത്തിയ നീക്കമാണു സംസ്‌ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിയിടുന്ന അവസ്‌ഥയുണ്ടാക്കിയതെന്നു വി.എം. സുധീരനെ പേരെടുത്തുപറയാതെ എക്‌സൈസ് മന്ത്രി കെ. ബാബു വിമര്‍ശിച്ചു. കഴിയുമെങ്കില്‍ എക്‌സൈസ് വകുപ്പു തന്നില്‍നിന്നു മാറ്റണമെന്നും ബാബു മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായഭിന്നത യോഗത്തില്‍ മറനീക്കി. സമ്പൂര്‍ണ മദ്യനിരോധനനീക്കത്തിനുള്ള തീരുമാനം തിരക്കിട്ടെടുത്തതു ശരിയായില്ലെന്നായിരുന്നു പൊതുവിമര്‍ശനം. മണിക്കൂറുകളോളം നീണ്ട വാഗ്വാദത്തിനൊടുവില്‍, ബീയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും ക്ലബ്ബുകള്‍ക്കും അബ്‌കാരി ലൈസന്‍സ് നല്‍കുന്ന വിഷയം യു.ഡി.എഫിനു വിടാന്‍ യോഗം തീരുമാനിച്ചു. മദ്യനയത്തില്‍ ബുദ്ധിപരമായ കൂടിയാലോചന നടന്നില്ലെന്നു കെ.എം. മാണിയും ഷിബു ബേബിജോണും വിമര്‍ശിച്ചു. ഞായറാഴ്‌ചകളില്‍ കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളോട് എങ്ങനെ മദ്യമില്ലെന്നു പറയുമെന്നായിരുന്നു എ.പി. അനില്‍കുമാറിന്റെ ആശങ്ക. പഞ്ചനക്ഷത്രമൊഴികെയുള്ള ബാറുകള്‍ അടയ്‌ക്കാനും ചില്ലറവില്‍പനശാലകള്‍ ഘട്ടംഘട്ടമായി നിര്‍ത്താനുമുള്ള തീരുമാനം പ്രായോഗികമല്ലെന്നും കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കാകും കേരളം നീങ്ങുകയെന്നും മാണി മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇതൊക്കെ ചര്‍ച്ചചെയ്‌ത സമയത്തു മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ ബഹളം വയ്‌ക്കുന്നതെന്തിനെന്നായിരുന്നു കെ. ബാബുവിന്റെ പരിഹാസം. മന്ത്രിസഭ അംഗീകരിക്കുന്നതിനു മുമ്പാണ് യു.ഡി.എഫ്. യോഗത്തില്‍ മദ്യനയം അവതരിപ്പിച്ചത്. പരസ്യമായി ഒന്നും രഹസ്യമായി മറ്റൊന്നും പറയുന്നതാണു പ്രശ്‌നകാരണം. മദ്യനയത്തിലൂടെ പ്രതിഛായ സ്വന്തമാക്കാന്‍ പലരും മത്സരിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയില്ല. ഇനി ബാര്‍ അടപ്പിക്കാനും തുറപ്പിക്കാനും താനില്ല. കഴിയുമെങ്കില്‍ എക്‌സൈസ് വകുപ്പ് തന്നില്‍നിന്ന് എടുത്തുമാറ്റണമെന്നും ബാബു വികാരഭരിതനായി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മദ്യനയത്തില്‍ പ്രായോഗികസമീപനമാണു പ്രതീക്ഷിച്ചതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് മദ്യത്തിനെതിരാണ്. പൂട്ടിയ 418 ബാറുകള്‍ വീണ്ടും തുറക്കുന്നതിനെതിരേയാണു ലീഗ് പ്രതികരിച്ചത്. അതിങ്ങനെയായിത്തീരുമെന്നു കരുതിയില്ല. സമ്പൂര്‍ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കിയാലേ വിജയിക്കൂവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മദ്യനിരോധനം മൂലം 7500 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടാകുമെന്നു കെ.എം. മാണി ചൂണ്ടിക്കാട്ടി. ഈ നഷ്‌ടം താനായിട്ടുണ്ടാക്കിയതാണെന്ന് ആരും പറയില്ല- മാണി ആശ്വാസംകൊണ്ടു. മനഃസാക്ഷിക്കനുസരിച്ചു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ വെള്ളംകുടിക്കേണ്ടിവരുമായിരുന്നില്ലെന്നു ഷിബു ബേബിജോണ്‍ തുറന്നടിച്ചു. ഇതുമൂലം തൊഴില്‍ നഷ്‌ടപ്പെടുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നും ഷിബു ചോദിച്ചു. പ്രവൃത്തിദിനങ്ങളില്‍ ആളുകള്‍ ജോലി ചെയ്യാതെ മദ്യം കുടിച്ചോട്ടെയെന്ന സന്ദേശമാണു ഞായറാഴ്‌ച ഡ്രൈഡേയാക്കിയ തീരുമാനം നല്‍കുന്നത്. അമേരിക്കയിലും ഗുജറാത്തിലും മാത്രമല്ല, അട്ടപ്പാടിയിലും മദ്യനിരോധനം പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടു യോജിക്കാനാവില്ല. തൊഴിലാളികള്‍ക്കു പുതിയ ഇടം കണ്ടെത്താന്‍ എല്ലാവരും സഹകരിച്ചേക്കണേയെന്നും ഷിബു ഒളിയമ്പെയ്‌തു. സഹപ്രവര്‍ത്തകരുടെ ക്ഷോഭത്തിനു നിശബ്‌ദസാക്ഷിയായിരുന്ന മുഖ്യമന്ത്രി ഒടുവിലാണു മൗനം ഭഞ്‌ജിച്ചത്. യു.ഡി.എഫ്. യോഗം തീരുമാനിച്ചതിനപ്പുറം സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബീയര്‍-വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടുന്നതു ക്രമസമാധാനലംഘനം ഉള്‍പ്പെടെയുള്ള സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‍ ചൂണ്ടിക്കാട്ടി. 418 ബാറുകള്‍ തുറക്കണമെന്നു ധനമന്ത്രി കെ.എം. മാണി തന്നോടു ശിപാര്‍ശ ചെയ്‌തെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നു മന്ത്രി ബാബു പിന്നീടു പത്രക്കുറിപ്പില്‍ അറിയിച്ചു.
Home »
News
» മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായഭിന്നത യോഗത്തില്‍ മറനീക്കി.
മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായഭിന്നത യോഗത്തില്‍ മറനീക്കി.
Written By Unknown on Wednesday, 27 August 2014 | 19:31








