ന്യൂഡല്‍ഹി: ആരും നിയമത്തിന് അതീതരല്ലെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ച കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുബ്രമണ്യന്‍ സ്വാമി. ജയലളിതയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനവും നിയമസഭാംഗത്വവും നഷ്‌ടമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും സുബ്രമണ്യന്‍ സ്വാമി വ്യക്‌തമാക്കി. ഈ വിധി അഴിമതിക്കെതിരെ പോരാടാന്‍ കരുത്ത് നല്‍കുന്നതാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. അതേസമയം രോക്ഷാകുലരായ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സുബ്രമണ്യന്‍ സ്വാമിയുടെ വീടിന് നേരെ കല്ലെറിഞ്ഞു.
ജനതാ പാര്‍ട്ടി നേതാവായിരുന്ന കാലത്ത് സുബ്രമണ്യന്‍ സ്വാമിയും ഡി.എം.കെ നേതാവ് അന്‍പഴകനും നല്‍കിയ കേസിലാണ് ജയലളിത ശിക്ഷിക്കപ്പെട്ടത്. 18 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്.








