Home » » പതിനെട്ടുവര്‍ഷം നിയമത്തെ വെട്ടിച്ചുനടന്ന ജയലളിതയ്‌ക്ക് ഒടുവില്‍ വിലങ്ങുവീണു.

പതിനെട്ടുവര്‍ഷം നിയമത്തെ വെട്ടിച്ചുനടന്ന ജയലളിതയ്‌ക്ക് ഒടുവില്‍ വിലങ്ങുവീണു.

Written By Unknown on Saturday, 27 September 2014 | 08:29

ബംഗളൂരു: പതിനെട്ടുവര്‍ഷം നിയമത്തെ വെട്ടിച്ചുനടന്ന ജയലളിതയ്‌ക്ക് ഒടുവില്‍ വിലങ്ങുവീണു. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കേ നടത്തിയ 66. 65 കോടി രൂപയുടെ അഴിമതി കേസില്‍ ജയലളിത ഒടുവില്‍ ശിക്ഷിക്കപ്പെട്ടു. ജയലളിത, തോഴി എന്‍. ശശികല, ബന്ധു ജെ. ഇളവരശി, ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍ സുധാകരന്‍ എന്നിവരാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ജയലളിതയ്‌ക്ക് 4 വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ചു. കൂട്ടുപ്രതികളായ തോഴി എന്‍. ശശികല, ബന്ധു ജെ. ഇളവരശി, ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍ സുധാകരന്‍ എന്നിവര്‍ക്കും 4 വര്‍ഷം വീതം തടവുശിക്ഷ ലഭിച്ചു. ഇവര്‍ ഓരോരുത്തരും 10 കോടി രൂപ പിഴ അടയ്ക്കണം. ജയിലിലേക്ക്‌ അയക്കുന്നതിനായി ജയലളിതയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. അഴിമതി നിരോധന നിയമത്തിലെ 13(ഡി) സെക്ഷന്‍ പ്രകാരമാണ്‌ ശിക്ഷ. ഇതോടെ നിയമസഭാംഗത്വം നഷ്‌ടപ്പെട്ട ജയലളിതയ്‌ക്ക് മുഖ്യമന്ത്രിസ്‌ഥാനവും നഷ്ടമായി. ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാകാലാവധി കഴിഞ്ഞ്‌ ആറു വര്‍ഷത്തേക്ക്‌ കൂടി അവര്‍ക്ക്‌ മത്സരിക്കാന്‍ കഴിയില്ല.
ജഡ്‌ജി ജോണ്‍ മൈക്കിള്‍ ഡി'കുന്‍ഹയുടെ ബെഞ്ചാണ്‌ ശിക്ഷ വിധിച്ചത്‌. കേസിന്റെ നാള്‍ വഴികളില്‍ ഏഴൂ ജഡ്‌ജിമാരാണ്‌ വിചരണ കേട്ടത്‌. പ്രതികള്‍ കുറ്റക്കാരാണെന്ന്‌ ഉച്ചയോടെ കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക്‌ പരമാവധി എട്ടു വര്‍ഷം ശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യുഷന്‍ വാദിച്ചു. സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഭവാനി സിംഗാണ്‌ പ്രോസിക്യുഷന്‌ വേണ്ടി ഹാജരായത്‌. എന്നാല്‍ തന്നെ രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ ഡിഎംകെ കെട്ടിച്ചമച്ച കേസാണിതെന്ന്‌ ജയലളിത ഉന്നയിച്ചു. കോടതി ഈ വാദം പരിഗണിച്ചില്ല.
1996ല്‍ സുബ്രഹ്‌മണ്യം സ്വാമിയാണ്‌ ജയലളിതയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന്‌ അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാര്‍ അവരെ അറസ്‌റ്റു ചെയ്‌തു ജയിലിലടച്ചു. 2003ലാണ്‌ കേസിലെ വിചാരണ കര്‍ണാടകയിലേക്ക്‌ മാറ്റിയത്‌. ജയലളിത മുഖ്യമന്ത്രിയായിരിക്കേ തമിഴ്‌നാട്ടില്‍ നടക്കുന്ന വിചാരണ നിഷ്‌പക്ഷമല്ലെന്ന ഡിഎംകെ നേതാവ്‌ കെ. അന്‍പഴകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ബംഗളൂരു കോടതിയില്‍ വിചാരണ വന്നത്‌. 2.86 കോടി രൂപയാണ്‌ കര്‍ണാടക സര്‍ക്കാര്‍ ഈ കേസിനായി ചെലവഴിച്ചത്‌. വിചാരണ തമിഴ്‌നാട്ടിലേക്ക്‌ മാറ്റാനും കോടതിയില്‍ നേരിട്ട്‌ ഹാജരാകുന്നത്‌ ഒഴിവാക്കാനും ജയലളിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം നിരസിക്കപ്പെടുകയായിരുന്നു. ഇതിനിടെ വിചാരണ ഏറെ നീണ്ടു. 2001ല്‍ ജയലളിത വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ 76 സാക്ഷികളില്‍ 64 പേര്‍ കൂറുമാറി. പ്രോസിക്യൂഷന്റെ 1339 ചോദ്യങ്ങള്‍ക്കാണ്‌ ജയലളിത മറുപടി നല്‍കിയത്‌.
1991ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മൂന്നു കോടി രൂപയായിരുന്നു ജയലളിതയുടെ ആസ്‌തി. ഒരു രൂപ ശമ്പളത്തില്‍ മുഖ്യമന്ത്രി പദവി വഹിച്ച ജയലളിത അഞ്ചു വര്‍ഷത്തിനിടെ 66 കോടി രൂപ സമ്പാദിച്ചുവെന്നാണ്‌ പരാതി. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവ ജയലളിത ഇക്കാലയളവില്‍ സമ്പാദിച്ചെന്നാണ്‌ കേസ്‌. 1996ല്‍ വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹത്തിന്‌ ചെലവഴിച്ച അഞ്ചു കോടിരൂപ തുടങ്ങിയവ അഴിമതി പണത്തില്‍ നിന്നാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. സ്വര്‍ണവും വെള്ളിയും സാരികളും ചെരിപ്പുകളും 1997ല്‍ നടത്തിയ റെയ്‌ഡില്‍ വിജിലന്‍സ്‌ ഉദ്യോഗത്ഥര്‍ പിടിച്ചെടുത്തിരുന്നു. സാരികളും ചെരിപ്പുകളും തന്റെ സിനിമാ ജീവിതകാലത്തുള്ള സമ്പാദ്യമാണെന്നാണ്‌ ജയലളിതയുടെ വാദം.
ശിക്ഷ പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായ അക്രമം നടക്കുകയാണ്‌. രണ്ടു പേര്‍ക്ക്‌ ഇതിനകം പരുക്കേറ്റു. വൈകാരികമായാണ്‌ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്‌. ഡിഎംകെയ്‌ക്കും കരുണാനിധിക്കും നേരെയാണ്‌ പ്രതിഷേധം നടക്കുന്നത്‌. ഗോപാലപുരത്ത്‌ കരുണാനിധിയുടെ വീടിനു മുന്നില്‍ പ്രതിഷേധമുണ്ടായി. ഇവിടെ ഡിഎംകെ- എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ജയലളിതയ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയ സുബ്രഹ്‌മണ്യം സ്വാമിയുടെ വീടിനു നേര്‍ക്കും കല്ലേറുണ്ടായി. മിക്ക ജില്ലകളിലും വൈദ്യൂതി ബന്ധം വിചേഛദിച്ചു.
തമിഴ്‌നാട്ടില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുകയാണ്‌. മധുരയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു കാറിനും നേരെ ആക്രമണം നടന്നു. കോയമ്പത്തൂരിലും ബസ്‌ കത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ വ്യപകമായി ആക്രമിക്കപ്പെട്ടു. ചെന്നൈയില്‍ ബസ്‌ കത്തിച്ചു. നഗരത്തിലെ സ്വകാര്യ സ്‌ഥാപനങ്ങളെല്ലാം സ്വമേധയാ അവധി പ്രഖ്യാപിച്ചു. കടകളെല്ലാം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അടപ്പിക്കുകയാണ്‌. സാധനങ്ങള്‍ വലിച്ച്‌ വഴിയിലിട്ട്‌ തകര്‍ക്കുന്നുമുണ്ട്‌. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. കേരള, കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലും അതീവ ജാഗ്രത പാലിക്കുകയാണ്‌. അതിര്‍ത്തി കടന്ന്‌ കോയമ്പത്തൂര്‍, നാഗര്‍കോവില്‍ വഴിയുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി നിര്‍ത്തിവച്ചു. തമിഴ്‌നാട്ടിലേക്ക്‌ പോയ ബസുകള്‍ തിരിച്ചുവിളിച്ചു. കുമളി ചെക്ക്‌പോസ്‌റ്റില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ച്‌ സംഘര്‍ഷമുണ്ടാക്കുന്നുണ്ട്‌.
വിധി പ്രസ്‌താവം മുന്‍നിര്‍ത്തി കര്‍ണാടകയിലും കനത്ത ജാഗ്രത പാലിച്ചിരുന്നു.റിസേര്‍വ്‌ പോലീസും ആംഡ്‌ റിസേര്‍വ്‌, റാപിഡ്‌ ആക്ഷന്‍ ഫോഴ്‌സ്,ല്‍ ബിഎസ്‌എഫ്‌ വിഭാഗങ്ങളെ സുരക്ഷയ്‌ക്ക് നിയോഗിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.