ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ തമിഴ്‌നാട്ടില്‍ വ്യാപക അക്രമം തുടരുന്നു. കരുണാനിധിയുടെ വീടിനു മുന്നില്‍ ഡിഎംകെ- അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കരുണാനിധിയുടെ വീടിനു നേരെ കല്ലെറിയുകയും പലയിടത്തും സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചു. കോയമ്പത്തൂരില്‍ വാഹനങ്ങള്‍ക്കു നേരെ ആക്രണമുണ്ടായി.
പാലക്കാട്ട് നിന്നു കോയമ്പത്തൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇവിടെ എത്തിയ ബസുകള്‍ എത്രയും വേഗം തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. തമിഴ്‌നാട് വഴി കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവില്‍ വഴിയുള്ള സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു.
കോയമ്പത്തൂരില്‍ പലയിടത്തും എഐഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അവിനാശി റോഡ്, ഗാന്ധിപുരം എന്നിവിടങ്ങില്‍ ഗതാഗതം തടയുന്നു. അവിനാശി റോഡില്‍ എഐഡിഎംകെ ജില്ലാ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന അണ്ണാശിലൈയില്‍ ആണ് പ്രതിഷേധം. ഗാന്ധിപുരം, പൂമാര്‍ക്കറ്റ്, സിങ്കാനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുന്നു.
തിരുച്ചിറപ്പള്ളി, കരൂര്‍, തിരുത്തണി, വേദാരണ്യം, ഡിണ്ടിഗല്‍ തുടങ്ങിയ ഭാഗങ്ങളിലും കടകള്‍ അടപ്പിക്കുന്നു. ചെന്നൈയില്‍ ഡിഎംകെ ഓഫിസിനും ഡിഎംകെ നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷ ശക്തിപ്പെടുത്തി. ഡിഎംകെ നേതൃത്വം യോഗം ചേരുകയാണ്.
ബാംഗ്ലൂരിലെ പ്രത്യേക കോടതിക്കു പുറത്തും എഐഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാണ്. കോടതിക്കു പുറത്ത് നൂറിലധികം പ്രവര്‍ത്തകരാണ് ഒത്തുകൂടിയിരിക്കുന്നത്. ഇവര്‍ രാവിലെ നടത്തിയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. കോടതിക്കു പുറത്ത് പ്രവര്‍ത്തകര്‍ ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ കോലം കത്തിച്ചു. കര്‍ണാടകത്തിന്റെ അതിര്‍ത്തിയില്‍ എഐഡിഎംകെ പ്രവര്‍ത്തകരെ തടഞ്ഞു.








