Home » » വൈദ്യുതി മോഷ്‌ടാക്കളെ പിടികൂടാന്‍ പുതിയ പദ്ധതി തയാറാക്കി ഋഷിരാജ്‌ സിംഗ്‌.

വൈദ്യുതി മോഷ്‌ടാക്കളെ പിടികൂടാന്‍ പുതിയ പദ്ധതി തയാറാക്കി ഋഷിരാജ്‌ സിംഗ്‌.

Written By Unknown on Saturday, 27 September 2014 | 18:56

ആലപ്പുഴ: വൈദ്യുതി മോഷ്‌ടാക്കളെ പിടികൂടാന്‍ പുതിയ പദ്ധതി തയാറാക്കി വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിംഗ്‌ രംഗത്ത്‌. വൈദ്യുതി മോഷണത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 50,000 രൂപ വരെ പാരിതോഷികം നല്‍കാനാണു തീരുമാനം. മോഷണം കണ്ടെത്തുന്നതിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കും. എസ്‌.പിയുടെ നേതൃത്വത്തില്‍ രണ്ട്‌ ഡിവൈ.എസ്‌.പിമാര്‍, മൂന്ന്‌ സി.ഐമാര്‍, നാല്‌ എസ്‌.ഐമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. ജില്ലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ്‌ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. വൈദ്യുതബോര്‍ഡ്‌ വിജിലന്‍സ്‌ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനവും ഋഷിരാജ്‌ ഉയര്‍ത്തി. വൈദ്യുതി മോഷണം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പൊതുജനങ്ങള്‍ക്കു പാരിതോഷികം നല്‍കാന്‍ പദ്ധതി തയാറാക്കിയതായി ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളില്‍ സംസ്‌ഥാനത്ത്‌ 1418 പരിശോധനകള്‍ നടത്തി. സര്‍ക്കാരിലേക്ക്‌ പിഴയിനത്തില്‍ ലഭിച്ചത്‌ 3.16 കോടി രൂപയാണ്‌. ഇതില്‍ 60 വൈദ്യുതി മോഷങ്ങളും 203 മറ്റു ക്രമക്കേടുകളും കണ്ടെത്തി. 2013ല്‍ സംസ്‌ഥാനത്ത്‌ ആകെ 386 വൈദ്യുതി മോഷണങ്ങളാണ്‌ കണ്ടെത്തിയത്‌. ഇതില്‍ നിന്നായി 38 കോടി രൂപ പിഴയീടാക്കിയെങ്കിലും 16 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ സാധിച്ചിരുന്നുള്ളു. ഇതിനാല്‍ തന്നെ ശക്‌തമായ പരിശോധനയാണ്‌ ഈ വര്‍ഷം നടത്തുന്നത്‌. വൈദ്യതി മോഷണം പ്രധാനമായി ഇടത്തരക്കാരില്‍ കുറവാണെന്നും സമ്പന്നര്‍ക്കിടയിലാണ്‌ 90 ശതമാനം മോഷണവും നടക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.