നിലമ്പൂര്‍: കരുളായി വനം റെയിഞ്ചിലെ പുലിമുണ്ട 1959 തേക്കു തോട്ടത്തില്‍ അടക്കിമുറി പ്രവൃത്തിയില്‍ സര്‍ക്കാറിന് 11, 33, 556 രൂപ നഷ്ടപ്പെടുത്തിയതിന് അന്നത്തെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സി.വി രാജന്‍, കരുളായി റെയ്ഞ്ച് ഓഫീസ് ഹരിശ്ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം വിജിലന്‍സ് ശിപാര്‍ശ ചെയ്തു. കോഴിക്കോട് വിജിലന്‍സ് ഡി.എഫ്.ഒ ജോസ് മാത്യു ആണ് അനേ്വഷണ റിപ്പോര്‍ട്ട് വനം വിജിലന്‍സ് സി.സി.എഫിന് സമര്‍പ്പിച്ചത്.
വനത്തിനുള്ളിലെ തേക്കു തോട്ടങ്ങളില്‍ കരാര്‍ പ്രവൃത്തി ചെയ്യുന്ന കരുളായി പിലാക്കല്‍ സീമാടന്‍ ഷൗക്കത്ത് മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനേ്വഷണം നടക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് അനേ്വഷണത്തെ സംബന്ധിച്ച് വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കിയപ്പോഴാണ് വിജിലന്‍സ് അനേ്വഷണ റിപ്പോര്‍ട്ട് രണ്ട് മാസം മുമ്പ് നല്‍കിയതായി കണ്ടെത്തിയത്. 2012-13 വര്‍ഷത്തില്‍ ബീറ്റ് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് കരാറുകളാണ് നല്‍കിയത്.
![]() |
| കരുളായി പിലാക്കൽ സീമാൻ ഷൌക്കത്തലി |
കരാറുകാരന്റെ ലാഭം ഉള്‍പ്പെടെ 35 ശതമാനം അധിക നിരക്കില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് കരാറുകാരനായ ഷൗക്കത്ത് അറിയിച്ചെങ്കിലും, ഉദേ്യാഗസ്ഥര്‍ സ്വീകരിച്ചില്ല. മാത്രമല്ല ഈ വാഗ്ദാനം മുഖ്യ വനപാലകരില്‍ നിന്നും മറച്ചുവെച്ചു 71 ശതമാനം അധിക നിരക്കില്‍ രണ്ടു പേര്‍ക്കായി കരാര്‍ നല്‍കി. പരാതിയെ തുടര്‍ന്ന് 35 ശതമാനമായി കുറച്ചെങ്കിലും ലാഭം ഉള്‍പ്പെടെ 45 ശതമാനം നല്‍കേണ്ടി വന്നു. അതിലൂടെ സര്‍ക്കാറിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍. ടെണ്ടര്‍ വിജ്ഞാന പ്രകാരം 500 ഘനമീറ്റര്‍ തടി ചാലിയം ഡിപ്പോയില്‍ എത്തിക്കുന്നതിലും, വീഴ്ച വരുത്തി. നിയമം ലംഘിച്ച് ഭാഗിക പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം നല്‍കിയതും, അനേ്വഷണത്തില്‍ തെളിഞ്ഞു. അനേ്വഷണ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി ശിപാര്‍ശ ചെയ്ത് വനം വിജിലന്‍സ് സി.സി.എഫ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.
രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റക്കാരായ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനാല്‍ പരാതിക്കാരനായ സീമാടന്‍ ഷൗക്കത്ത് വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 20 വര്‍ഷമായി കരുളായി റെയിഞ്ചില്‍ കണ്‍വീനര്‍ എന്ന നിലയില്‍ അടക്കിമുറി, ഇടമുറി പ്രവൃത്തികള്‍ നടത്തിയിരുന്ന തന്നെ പുലിമുണ്ട 1959 തേക്ക് തോട്ടത്തിലെ അടക്കിമുറിയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഉദേ്യാഗസ്ഥരുടെ അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതുകൊണ്ടാണെന്ന് ഷൗക്കത്ത് ആരോപിക്കുന്നു. അടക്കിമുറി പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിനെ ഉദേ്യാഗസ്ഥര്‍ അട്ടിമറിച്ചതാണ് സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കാനിടയാക്കിയത്.








