ചെങ്ങമ്മനാട് : ആശ്രമത്തില്‍ നിന്ന് 28 ലക്ഷം രൂപ കവര്‍ന്ന മുന്‍ വൈദികനും കാമുകിയും അറസ്‌റ്റില്‍. കോട്ടയം ചെമ്പ് സ്വദേശിയും മുന്‍ വൈദികനുമായ ജെയ്‌ന്‍ വര്‍ഗ്ഗീസ് (35) എറണാകുളം വൈപ്പിന്‍ സ്വദേശിനിയും കാമുകിയുമായ സുറുമി (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ദേശം കുന്നുംപുറത്തുള്ള റൊഗാറ്റേ ആശ്രമത്തിന്റെ അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്‌തുവന്നിരുന്ന ജെയ്‌ന്‍ വ്യാജ ഒപ്പിട്ട് 28 ലക്ഷത്തോളം രൂപ കവരുകയും തുടര്‍ന്ന് കാമുകിയുമൊത്ത് ബംഗുളൂരുവിലേയ്‌ക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ് പരാതി.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ജെയ്‌ന്‍ വര്‍ഗ്ഗീസ് മുസ്ലീം കുടംബത്തില്‍ ജനിച്ച സുറുമിയെ കണ്ടു മുട്ടിയതും ഇരുവരും പ്രണയത്തിലായതും. തുടര്‍ന്ന് സഭയുടെയും കുടംബക്കാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ മേയില്‍ ഇരുവരും വിവാഹിതരായി. പിന്നീട് ബംഗുളൂരുവിലായിരുന്നു താമസം.
വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ വാങ്ങാന്‍ ഇരുവരും പീന്നീട് കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ആശ്രമം അധികൃതര്‍ ഇവരെ പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചിരുന്നു. എന്നാല്‍, ജയിന്റെ ബന്ധുക്കള്‍ ഇടപെട്ട് ആശ്രമത്തിന് പണം നല്‍കാമെന്ന ധാരണയില്‍ പ്രശ്‌നം പരിഹരിച്ചുവെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഇതേതുടര്‍ന്ന് ആശ്രമം അധികൃതര്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു അറസ്‌റ്റ്.








